ജയസൂര്യയുടെ മകന്‍ അദ്വൈതിന്റെ സംവിധാനത്തില്‍ പുതിയൊരു വെബ് സീരീസ് വരുന്നുവെന്നും 'ഒരു സര്‍ബത്ത് കഥ' എന്നു പേരിട്ടിരിക്കുന്ന സീരീസില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരു ഗാനം ആലപിക്കുന്നുവെന്നുമുള്ള വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മകന്റെ സംവിധാനമോഹങ്ങള്‍ക്കു പൂര്‍ണപിന്തുണയേകുന്ന ജയസൂര്യ ദുല്‍ഖറിനെ വിളിച്ച് മകന്റെ ആഗ്രഹം പറഞ്ഞു. കേട്ടപാടെ പാടാന്‍ ദുല്‍ഖറും റെഡിയായി.
ലയ കൃഷ്ണരാജ് ആണ് ഡി ക്യു പാടിയ ആ പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നിരവധി പരസ്യങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ച് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള കൃഷ്ണരാജാണ്.
ഗായകന്‍, സംഗീത സംവിധായകന്‍, മ്യൂസിക് പ്രോഗ്രാമര്‍ എന്നിങ്ങനെ നിരവധി വേഷങ്ങളുണ്ട് കൃഷ്ണരാജിന്. കുട്ടിക്കാലം മുതല്‍ക്ക് തന്നെ സംഗീതത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. സംഗീതാഭിരുചിയുള്ള ഏതൊരു വിദ്യാര്‍ഥിയെയും പോലെ കലോത്സവങ്ങളിലെ സ്ഥിരം താരമായി. 18 വര്‍ഷം സുപ്രസിദ്ധ സംഗീത അദ്ധ്യാപകനായ ഓച്ചിറ ബാലകൃഷ്ണന്‍, കെ.ആര്‍.ചന്ദ്രമോഹന്‍ എന്നിവരുടെ ശിക്ഷണത്തില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു.
2010ലാണ് ചെന്നൈ ഡോട്ട് വേവ് സ്റ്റുഡിയോയില്‍ സംഗീത സംവിധായകനായി ജോലി ആരംഭിക്കുന്നത്. അവിടെ വച്ച് സുപ്രസിദ്ധ സംഗീത സംവിധായകനായ ഔസേപ്പച്ചനെ പരിചയപ്പെട്ടത് ജീവിതത്തില്‍ വലിയ വഴിത്തിരിവായി. സിനിമയില്‍ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ക്ഷണം ലഭിച്ചു. അങ്ങനെ '3 കിങ്‌സി'ൽ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചു. പിന്നീട് കൃഷ്ണരാജ് പരസ്യചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2012 ല്‍ കൊച്ചിയില്‍ തിരിച്ചു വന്ന് പരസ്യമേഖലയില്‍ സംഗീത സംവിധായകനായി പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനോടകം 500ല്‍ പരം പരസ്യചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പല പ്രമുഖ ബ്രാന്‍ഡുകളുടെയും പരസ്യചിത്രങ്ങള്‍ക്ക് വേണ്ടി ഇദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചു.
'ജയസൂര്യയുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമുണ്ട്. അങ്ങനെയാണ് അദ്വൈത് ജയസൂര്യയുടെ വെബ് സീരീസിന്റെ ടൈറ്റില്‍ സോങ് ചെയ്യാന്‍ ഇടയായത്. ദുല്‍ഖര്‍ സല്‍മാന്‍ ഈ ഗാനം പാടാന്‍ തയ്യാറായതോടു കൂടി ഇതൊരു വലിയ ഹിറ്റ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാനം ഉടനെ തന്നെ റിലീസ് ആകും. ലിറിക് വീഡിയോ ഉടന്‍ പുറത്തിറങ്ങും.
കൃഷ്ണരാജിന്റെ ഭാര്യ ലയയാണ് ഭര്‍ത്താവിന്റെ മിക്ക പ്രോജക്ടുകള്‍ക്കും വരികള്‍ എഴുതുന്നത്. 'കമ്പോസ് ചെയ്യാനിരുന്നപ്പോള്‍ ലയ കൂടെയിരുന്നു. നാലു വരിയെഴുതി. ഉടനെ ജയേട്ടനെ കേള്‍പ്പിച്ചു. അദ്ദേഹത്തിനിഷ്ടപ്പെട്ടു. പിന്നീട് സോങ് മുഴുവനാക്കി.' കൃഷ്ണരാജ് പറയുന്നു.
അതുല്‍ കുല്‍ക്കര്‍ണ്ണി, റൈമ സെന്‍ എന്നിവര്‍ അഭിനയിക്കുന്ന അന്യ എന്ന ബോളിവുഡ് ചിത്രമാണ് കൃഷ്ണരാജിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ആദ്യ ബോളിവുഡ് സിനിമ. മലയാളിയായ സിമ്മി ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
Content Highlights : krishnaraj music for adwaith jayasurya webseries oru sarbathinte kadha dulquer salman song