അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിനെ സ്മരിച്ച് ഗായിക ലതാ മങ്കേഷ്‌കറും. കുഞ്ഞു ഋഷിയെ കൈകളിലേന്തി താലോലിക്കുന്ന ഒരു ചിത്രവും പങ്കുവെച്ചുകൊണ്ടാണ് ഗായികയുടെ വികാരനിര്‍ഭരമായ ട്വീറ്റ്.
'കുറച്ച് നാള്‍ മുമ്പാണ് ഋഷി ഈ ഫോട്ടോ തന്നത്. ആ ദിവസം നമ്മള്‍ സംസാരിച്ച കാര്യങ്ങള്‍ ഓര്‍മ്മ വരുന്നു. എനിക്ക് വാക്കുകള്‍ കിട്ടാതെ വരുന്നു.' ഇന്ത്യയുടെ വാനമ്പാടി ട്വീറ്റ് ചെയ്യുന്നു.
'എന്തു പറയണമെന്നറിയില്ല. എന്തെഴുതണമെന്നും. ഋഷിജിയുടെ വിയോഗത്തില്‍ അതീവ ദു:ഖിതയാണ് ഞാന്‍. അദ്ദേഹത്തിന്റെ മരണം സിനിമാലോകത്തെ ആകെ ഉലച്ചിരിക്കുന്നു. ഈ ദു:ഖം സഹിക്കാന്‍ എനിക്ക് പ്രയാസമാകുന്നു. ഭഗവാന്‍ അദ്ദേഹത്തിന് നിത്യശാന്തി നല്‍കട്ടെ.' ഗദ്ഗദകണ്ഠയായി ഗായിക പറഞ്ഞു നിര്‍ത്തി.
കഴിഞ്ഞ ജനുവരി 28ന് നടന്‍ ലതാജിയുമൊത്തുള്ള ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. തനിക്ക് രണ്ടോ മൂന്നോ മാസം പ്രായമുള്ളമുള്ളപ്പോള്‍ എടുത്ത ചിത്രമാണെന്നും ലതാജിയുടെ അനുഗ്രഹം തനിക്ക് ജീവിതത്തില്‍ എന്നുമുണ്ടായിരുന്നുവെന്നും ഋഷി കപൂര്‍ ട്വീറ്റ് ചെയ്തിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ അമൂല്യചിത്രം താന്‍ ലോകത്തെ കാണിക്കുകയാണെന്നും നടന്‍ പറഞ്ഞിരുന്നു. ചിത്രം പങ്കുവെച്ചതിന് ലതാ മങ്കേഷകര്‍ നന്ദിയും അറിയിച്ചിരുന്നു.
ബോളിവുഡ് കണ്ട മികച്ച ചോക്ലേറ്റ് ഹീറോ ആയിരുന്നു അന്തരിച്ച നടന്‍ ഋഷി കപൂര്‍. മുന്‍കാല നടിയായിരുന്ന നീതു സിംഗ് ആണ് ഭാര്യ. റിദ്ധിമ കപൂര്‍, നടന്‍ രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ മക്കളും.
Content Highlights : lata mangeshkar tweets a photo holding rishi kapoor in her hands rishi kapoor death