രഹേ നാ രഹേ ഹം മഹ്കാ കരേംഗേ
ബൻകെ കലി, ബൻ കെ സബാ...'
'ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഒരു പൂച്ചെണ്ടായും പൂന്തെന്നലായും ഞാൻ സുഗന്ധം പൊഴിച്ചുകൊണ്ടിരിക്കും'

എന്ന് പണ്ടെന്നോ പാടിയ ആ പാട്ടിന്റെ വരികളെ അന്വർഥമാക്കിക്കൊണ്ട് സംഗീതലോകത്ത് ഇന്നും സുഗന്ധം പൊഴിച്ചുകൊണ്ടിരിക്കുന്ന ലതാ മങ്കേഷ്‌കർ എന്ന സ്വരലാവണ്യത്തിന്റെ എൺപത്തിയാറാം ജന്മദിനമാണ് സപ്തംബർ 28. പാടാൻ മാത്രമായി ലഭിച്ച നിയോഗത്തിനുപുറമേ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ സുകൃതംകൂടിയാണ് ഇന്ത്യയുടെ വാനമ്പാടിയായും പൂങ്കുയിലായും വിശേഷിപ്പിക്കപ്പെടുന്ന ആ പുണ്യജന്മം

13-ാം വയസ്സിൽ തുടങ്ങി കഴിഞ്ഞ നാല് തലമുറകൾക്കായി പാടിക്കൊണ്ടിരിക്കുന്ന ആ വാനമ്പാടിയുടെ ശരീരത്തിൽ കാലം മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞെങ്കിലും മനസ്സും സ്വരവും മാറ്റമില്ലാതെ തുടരുകയാണ്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വാർധക്യത്തിന്റെ ഏതാണ്ട് മൂർധന്യാവസ്ഥയാണ് 86-ാം വയസ്സ്. മരുന്നും മന്ത്രവും വിശ്രമവും പരാശ്രയവുമായി ഒതുങ്ങിക്കഴിയേണ്ട നിഷ്‌ക്രിയ കാലം. അത്തരമൊരു ഇലകൊഴിയും കാലത്തിലും സംഗീതത്തിന്റെ അനന്തവിഹായസ്സിൽ ചിറകുവിടർത്തി പാറിപ്പറക്കാൻ ലതാമങ്കേഷ്‌കർ എന്ന വാനമ്പാടിയെ പ്രേരിപ്പിക്കുന്നത് ഏതോ അജ്ഞാതശക്തിയാണ്. ആ ശക്തി തന്റെ കണ്ഠനാളത്തിൽ സന്നിവേശിപ്പിക്കുന്നത് സർവേശ്വരനല്ലാതെ മറ്റാരുമല്ലെന്നും താൻ വെറുമൊരു നിമിത്തം മാത്രമാണെന്നുമാണ് ലോകം നമിക്കുന്ന ആ ഭാരതരത്‌നത്തിന് എപ്പോഴും പറയാനുള്ളത്.

ഒരുകാലത്ത് മറാഠി നാടകരംഗത്തെ പ്രശസ്തനടനും ഗായകനുമായിരുന്ന മാസ്റ്റർ ദീനാനാഥ് മങ്കേഷ്‌കറുടെ അഞ്ചുമക്കളിൽ മൂത്തവളായി 1929 സപ്തംബർ 28-ന് ജനിച്ച ലതാ മങ്കേഷ്‌കർക്ക് സംഗീതത്തിന്റെ സോപാനമാർഗത്തിൽ നേരിടേണ്ടിവന്ന സംഘർഷങ്ങൾ ചില്ലറയായിരുന്നില്ല. സ്വന്തം ചാരക്കൂമ്പാരത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ഫീനിക്‌സ്പക്ഷിയെ ഓർമിപ്പിക്കുന്നതാണ് ആ ജീവിതകഥ. ഏതൊരു കലാകാരനും കലാകാരിക്കും മാതൃകയായ ആ കഥ ഇന്ന് ഏവർക്കും സുപരിചിതമാണുതാനും.

ഹിന്ദി ചലച്ചിത്ര പിന്നണിഗാനരംഗത്ത് നൂർജഹാൻ, സുരയ്യ, ഷംസാദ് ബീഗം തുടങ്ങിയ അഭിനേത്രികൾ ഗായികമാരായും കൊടികുത്തിവാണിരുന്ന കാലത്താണ് ലതാ മങ്കേഷ്‌കർ ആ രംഗത്തേക്ക് കടന്നുവന്നത്, 1942-ൽ. കുന്ദൻലാൽ സൈഗാളിനെ അനുകരിച്ച് മൂക്കുകൊണ്ടുള്ള ഒരുതരം ആലാപനശൈലിയുടെ സങ്കൽപ്പങ്ങളും മാമൂലുകളുമാണ് അക്കാലത്ത് ആണായാലും പെണ്ണായാലും ചലച്ചിത്ര പിന്നണിഗാനരംഗത്ത് പൊതുവേ തുടർന്നുപോന്നിരുന്നത്. ഹിന്ദിയിൽ മാത്രമല്ല, ബംഗാളിയിലും അതുപോലെത്തന്നെ മലയാളമടക്കമുള്ള എല്ലാ ദക്ഷിണേന്ത്യൻ സിനിമകളിലും അതുതന്നെയായിരുന്നു അവസ്ഥ. അന്നത്തെ പിന്നണിഗായകരുടെ ശബ്ദപരിമിതികളെ ആശ്രയിച്ച് കഴിഞ്ഞുവന്നിരുന്ന സംഗീതസംവിധായകരും അതിനെ കണ്ണടച്ച് പ്രോത്സാഹിപ്പിച്ചുപോന്നു. തുടക്കത്തിൽ കുറേക്കാലം ലതയ്ക്കും അതേ ശൈലിയുടെ അനുകർത്താവായി തുടരേണ്ടിവന്നിട്ടുണ്ട്. എന്നാൽ, പിന്നീടെന്നോ ആ രീതി ലംഘിച്ച ലത അനുപമവും മറ്റാർക്കും അനുകരിക്കാൻ കഴിയാത്തതുമായ സ്വന്തം സ്വരത്തിലൂടെ ചലച്ചിത്രഗാനാലാപനരീതിക്ക് നവഭാവുകത്വം നൽകിക്കൊണ്ട് ആ രംഗത്ത് തന്റെ വേറിട്ട സാന്നിദ്ധ്യം വിളിച്ചറിയിക്കുകയായിരുന്നു.

മൊത്തത്തിൽ ചലച്ചിത്രഗാനശാഖയ്ക്കുതന്നെ പുതിയൊരു പ്രസരിപ്പും ഉന്മേഷവും പകരാൻ അതൊരു നിമിത്തവും അനുഗ്രഹവുമായി. ലതയുടെ സ്വന്തം സ്വരത്തിലുള്ള ആലാപനശൈലികൊണ്ട് ചലച്ചിത്രസംഗീതത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്താനും പുത്തൻ പ്രവണതകൾ രൂപപ്പെടുത്തിയെടുക്കാനും അന്നത്തെ സംഗീതസംവിധായകർക്ക് പ്രചോദനമായി. അവരതിൽ വിജയംവരിക്കുകയും ചെയ്തു. ഹുസൻലാൽ ഭഗത്‌റാം, അനിൽ ബിശ്വാസ്, സി.രാംചന്ദ്ര, വസന്ത് ദേശായി. ഹൻസ്രാജ് ബാൽ, നൗഷാദ് അലി, എസ്.ഡി.ബർമൻ, ശങ്കർ ജയ്കിഷൻ എന്നീ സംഗീതസംവിധായകർ അവരിൽ ചിലരാണ്. അങ്ങനെ ഇന്ത്യൻ ചലച്ചിത്രസംഗീത ചരിത്രത്തിൽ ഒരു രണ്ടാംഘട്ടത്തിന് തുടക്കംകുറിച്ചത് ആ പാട്ടുകാരിയിലൂടെയായിരുന്നു. അതിനാൽ ലതാ മങ്കേഷ്‌കർ എന്ന പേര് ആർക്കും വിസ്മരിക്കാൻ കഴിയാത്ത ആ ഒരു ചരിത്രപാഠത്തിന്റെ തലക്കെട്ടായി ഇന്നും തുടരുന്നു.

ഇന്ത്യയിൽനിന്ന് മറ്റാരേക്കാളും കൂടുതൽ ലോകപ്രസിദ്ധിനേടിയ ഒരു വ്യക്തിത്വമുണ്ടെങ്കിൽ അത് ലതാ മങ്കേഷ്‌കർ എന്ന പാട്ടുകാരിയുടേത് തന്നെയാണ്. ഹിന്ദി, മറാഠി ഭാഷകൾക്ക് പുറമേ ഇന്ത്യയിലെ ഒട്ടെല്ലാ ഭാഷകളിലുമായി ലതാ മങ്കേഷ്‌കർ ഇതുവരെ പാടിയിട്ടുള്ള പാട്ടുകൾപോലെത്തന്നെ കണക്കില്ലാത്തതാണ് ആ അപൂർവപ്രതിഭയെ തേടിയെത്തിയിട്ടുള്ള പുരസ്‌കാരങ്ങളും അംഗീകാരങ്ങളും. 'ഭാരതരത്‌ന'യും ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയുടേതടക്കം ആറ് യൂണിവേഴ്‌സിറ്റികളുടെ ഓണററി ഡോക്ടറേറ്റും അവയിൽ ചിലതുമാത്രം. ലതയുടെ സ്വരലാവണ്യത്തിന്റെയും ആലാപനസൗകുമാര്യത്തിന്റെയും സവിശേഷതയ്ക്ക് ഉദാഹരണമായി അവർ പാടിയ ഏതൊരു പാട്ടും ചൂണ്ടിക്കാട്ടാം. എന്നാൽ, ആ ഗാനങ്ങളെ ഏതെങ്കിലും വിധത്തിലുള്ള തരംതിരിവിനോ താരതമ്യത്തിനോ ഒരുങ്ങുന്നത് ഒരു പാഴ്ശ്രമമായിരിക്കും.

ലതാ മങ്കേഷ്‌കർ എന്ന സ്വരലാവണ്യത്തെക്കുറിച്ച് നാളിതുവരെ എഴുതപ്പെട്ട വാക്കുകളും വാചകങ്ങളും നിരവധിയാണ്. അതേസമയം, ഇനിയെത്ര എഴുതിയാലും തീരാത്തതാണ് അതിന്റെ അപദാനങ്ങൾ. ാ