രഹേ നാ രഹേ ഹം മഹ്കാ കരേംഗേ
ബന്‍കെ കലി, ബന്‍ കെ സബാ...'
'ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഒരു പൂച്ചെണ്ടായും പൂന്തെന്നലായും ഞാന്‍ സുഗന്ധം പൊഴിച്ചുകൊണ്ടിരിക്കും'
എന്ന് പണ്ടെന്നോ പാടിയ ആ പാട്ടിന്റെ വരികളെ അന്വര്‍ഥമാക്കിക്കൊണ്ട് സംഗീതലോകത്ത് ഇന്നും സുഗന്ധം പൊഴിച്ചുകൊണ്ടിരിക്കുന്ന ലതാ മങ്കേഷ്‌കര്‍ എന്ന സ്വരലാവണ്യത്തിന്റെ തൊന്നൂറാം എണ്‍പത്തൊമ്പതാം ജന്മദിനമാണ് സപ്തംബര്‍ 28. പാടാന്‍ മാത്രമായി ലഭിച്ച നിയോഗത്തിനുപുറമേ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ സുകൃതംകൂടിയാണ് ഇന്ത്യയുടെ വാനമ്പാടിയായും പൂങ്കുയിലായും വിശേഷിപ്പിക്കപ്പെടുന്ന ആ പുണ്യജന്മം
13-ാം വയസ്സില്‍ തുടങ്ങി കഴിഞ്ഞ നാല് തലമുറകള്‍ക്കായി പാടിക്കൊണ്ടിരിക്കുന്ന ആ വാനമ്പാടിയുടെ ശരീരത്തില്‍ കാലം മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞെങ്കിലും മനസ്സും സ്വരവും മാറ്റമില്ലാതെ തുടരുകയാണ്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വാര്‍ധക്യത്തിന്റെ ഏതാണ്ട് മൂര്‍ധന്യാവസ്ഥയാണ് എണ്‍പതുകള്‍ എന്നു പറഞ്ഞാല്‍. മരുന്നും മന്ത്രവും വിശ്രമവും പരാശ്രയവുമായി ഒതുങ്ങിക്കഴിയേണ്ട നിഷ്‌ക്രിയ കാലം. അത്തരമൊരു ഇലകൊഴിയും കാലത്തിലും സംഗീതത്തിന്റെ അനന്തവിഹായസ്സില്‍ ചിറകുവിടര്‍ത്തി പാറിപ്പറക്കാന്‍ ലതാമങ്കേഷ്‌കര്‍ എന്ന വാനമ്പാടിയെ പ്രേരിപ്പിക്കുന്നത് ഏതോ അജ്ഞാതശക്തിയാണ്. ആ ശക്തി തന്റെ കണ്ഠനാളത്തില്‍ സന്നിവേശിപ്പിക്കുന്നത് സര്‍വേശ്വരനല്ലാതെ മറ്റാരുമല്ലെന്നും താന്‍ വെറുമൊരു നിമിത്തം മാത്രമാണെന്നുമാണ് ലോകം നമിക്കുന്ന ആ ഭാരതരത്നത്തിന് എപ്പോഴും പറയാനുള്ളത്.
ഒരുകാലത്ത് മറാഠി നാടകരംഗത്തെ പ്രശസ്തനടനും ഗായകനുമായിരുന്ന മാസ്റ്റര്‍ ദീനാനാഥ് മങ്കേഷ്‌കറുടെ അഞ്ചുമക്കളില്‍ മൂത്തവളായി 1929 സപ്തംബര്‍ 28-ന് ജനിച്ച ലതാ മങ്കേഷ്‌കര്‍ക്ക് സംഗീതത്തിന്റെ സോപാനമാര്‍ഗത്തില്‍ നേരിടേണ്ടിവന്ന സംഘര്‍ഷങ്ങള്‍ ചില്ലറയായിരുന്നില്ല. സ്വന്തം ചാരക്കൂമ്പാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഫീനിക്സ്പക്ഷിയെ ഓര്‍മിപ്പിക്കുന്നതാണ് ആ ജീവിതകഥ. ഏതൊരു കലാകാരനും കലാകാരിക്കും മാതൃകയായ ആ കഥ ഇന്ന് ഏവര്‍ക്കും സുപരിചിതമാണുതാനും.
ഹിന്ദി ചലച്ചിത്ര പിന്നണിഗാനരംഗത്ത് നൂര്‍ജഹാന്‍, സുരയ്യ, ഷംസാദ് ബീഗം തുടങ്ങിയ അഭിനേത്രികള്‍ ഗായികമാരായും കൊടികുത്തിവാണിരുന്ന കാലത്താണ് ലതാ മങ്കേഷ്‌കര്‍ ആ രംഗത്തേക്ക് കടന്നുവന്നത്, 1942-ല്‍. കുന്ദന്‍ലാല്‍ സൈഗാളിനെ അനുകരിച്ച് മൂക്കുകൊണ്ടുള്ള ഒരുതരം ആലാപനശൈലിയുടെ സങ്കല്‍പ്പങ്ങളും മാമൂലുകളുമാണ് അക്കാലത്ത് ആണായാലും പെണ്ണായാലും ചലച്ചിത്ര പിന്നണിഗാനരംഗത്ത് പൊതുവേ തുടര്‍ന്നുപോന്നിരുന്നത്. ഹിന്ദിയില്‍ മാത്രമല്ല, ബംഗാളിയിലും അതുപോലെത്തന്നെ മലയാളമടക്കമുള്ള എല്ലാ ദക്ഷിണേന്ത്യന്‍ സിനിമകളിലും അതുതന്നെയായിരുന്നു അവസ്ഥ. അന്നത്തെ പിന്നണിഗായകരുടെ ശബ്ദപരിമിതികളെ ആശ്രയിച്ച് കഴിഞ്ഞുവന്നിരുന്ന സംഗീതസംവിധായകരും അതിനെ കണ്ണടച്ച് പ്രോത്സാഹിപ്പിച്ചുപോന്നു. തുടക്കത്തില്‍ കുറേക്കാലം ലതയ്ക്കും അതേ ശൈലിയുടെ അനുകര്‍ത്താവായി തുടരേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, പിന്നീടെന്നോ ആ രീതി ലംഘിച്ച ലത അനുപമവും മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയാത്തതുമായ സ്വന്തം സ്വരത്തിലൂടെ ചലച്ചിത്രഗാനാലാപനരീതിക്ക് നവഭാവുകത്വം നല്‍കിക്കൊണ്ട് ആ രംഗത്ത് തന്റെ വേറിട്ട സാന്നിദ്ധ്യം വിളിച്ചറിയിക്കുകയായിരുന്നു.
മൊത്തത്തില്‍ ചലച്ചിത്രഗാനശാഖയ്ക്കുതന്നെ പുതിയൊരു പ്രസരിപ്പും ഉന്മേഷവും പകരാന്‍ അതൊരു നിമിത്തവും അനുഗ്രഹവുമായി. ലതയുടെ സ്വന്തം സ്വരത്തിലുള്ള ആലാപനശൈലികൊണ്ട് ചലച്ചിത്രസംഗീതത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും പുത്തന്‍ പ്രവണതകള്‍ രൂപപ്പെടുത്തിയെടുക്കാനും അന്നത്തെ സംഗീതസംവിധായകര്‍ക്ക് പ്രചോദനമായി. അവരതില്‍ വിജയംവരിക്കുകയും ചെയ്തു. ഹുസന്‍ലാല്‍ ഭഗത്റാം, അനില്‍ ബിശ്വാസ്, സി.രാംചന്ദ്ര, വസന്ത് ദേശായി. ഹന്‍സ്രാജ് ബാല്‍, നൗഷാദ് അലി, എസ്.ഡി.ബര്‍മന്‍, ശങ്കര്‍ ജയ്കിഷന്‍ എന്നീ സംഗീതസംവിധായകര്‍ അവരില്‍ ചിലരാണ്. അങ്ങനെ ഇന്ത്യന്‍ ചലച്ചിത്രസംഗീത ചരിത്രത്തില്‍ ഒരു രണ്ടാംഘട്ടത്തിന് തുടക്കംകുറിച്ചത് ആ പാട്ടുകാരിയിലൂടെയായിരുന്നു. അതിനാല്‍ ലതാ മങ്കേഷ്‌കര്‍ എന്ന പേര് ആര്‍ക്കും വിസ്മരിക്കാന്‍ കഴിയാത്ത ആ ഒരു ചരിത്രപാഠത്തിന്റെ തലക്കെട്ടായി ഇന്നും തുടരുന്നു.
ഇന്ത്യയില്‍നിന്ന് മറ്റാരേക്കാളും കൂടുതല്‍ ലോകപ്രസിദ്ധിനേടിയ ഒരു വ്യക്തിത്വമുണ്ടെങ്കില്‍ അത് ലതാ മങ്കേഷ്‌കര്‍ എന്ന പാട്ടുകാരിയുടേത് തന്നെയാണ്. ഹിന്ദി, മറാഠി ഭാഷകള്‍ക്ക് പുറമേ ഇന്ത്യയിലെ ഒട്ടെല്ലാ ഭാഷകളിലുമായി ലതാ മങ്കേഷ്‌കര്‍ ഇതുവരെ പാടിയിട്ടുള്ള പാട്ടുകള്‍പോലെത്തന്നെ കണക്കില്ലാത്തതാണ് ആ അപൂര്‍വപ്രതിഭയെ തേടിയെത്തിയിട്ടുള്ള പുരസ്‌കാരങ്ങളും അംഗീകാരങ്ങളും. 'ഭാരതരത്ന'യും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയുടേതടക്കം ആറ് യൂണിവേഴ്സിറ്റികളുടെ ഓണററി ഡോക്ടറേറ്റും അവയില്‍ ചിലതുമാത്രം. ലതയുടെ സ്വരലാവണ്യത്തിന്റെയും ആലാപനസൗകുമാര്യത്തിന്റെയും സവിശേഷതയ്ക്ക് ഉദാഹരണമായി അവര്‍ പാടിയ ഏതൊരു പാട്ടും ചൂണ്ടിക്കാട്ടാം. എന്നാല്‍, ആ ഗാനങ്ങളെ ഏതെങ്കിലും വിധത്തിലുള്ള തരംതിരിവിനോ താരതമ്യത്തിനോ ഒരുങ്ങുന്നത് ഒരു പാഴ്ശ്രമമായിരിക്കും.
ലതാ മങ്കേഷ്‌കര്‍ എന്ന സ്വരലാവണ്യത്തെക്കുറിച്ച് നാളിതുവരെ എഴുതപ്പെട്ട വാക്കുകളും വാചകങ്ങളും നിരവധിയാണ്. അതേസമയം, ഇനിയെത്ര എഴുതിയാലും തീരാത്തതാണ് അതിന്റെ അപദാനങ്ങള്‍.