''നെഞ്ചില് കാളക്കൊളമ്പ്, കണ്ണില് കാരിരുള്‍മുള്ള്.. ഒടിയാ... ഒടിയാ...'' ശങ്കര്‍ മഹാദേവന്റെ ശബ്ദത്തില്‍ ഒരു വിലാപധ്വനിപോലെ ഒഴുകുന്ന പാട്ട്. എല്ലാവരാലും തിരസ്‌കരിക്കപ്പെട്ട ഒടിയന്‍ മാണിക്യന്റെ എല്ലാ വികാരങ്ങളും ഉള്‍ക്കൊണ്ടാണ് എം.ജയചന്ദ്രന്‍ ഈ പാട്ടിന് ഈണമൊരുക്കിയത്. ഇവരിരുവര്‍ക്കുമൊപ്പം ആ പാട്ടിന്റെ അണിയറയില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരാള്‍ കൂടിയുണ്ട്. ഹതാശനായ ഒടിയന്റെ മനോവ്യാപാരങ്ങള്‍ വരിയിലാക്കിയ ലക്ഷ്മി ശ്രീകുമാര്‍ എന്ന കോളേജ്‌ വിദ്യാര്‍ഥിനി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മകള്‍.

അച്ഛനാണ് 'ഒടിയന്' പാട്ടെഴുതാന്‍ ഏല്‍പിച്ചതെങ്കിലും അതുകൊണ്ടല്ല താനീ മേഖലയില്‍ എത്തിയതെന്നും ലക്ഷ്മി  പറയുന്നു. 'നേരത്തേതന്നെ ഞാന്‍ പാട്ടുകളും കവിതകളും എഴുതാറുണ്ട്. 'ഇടവപ്പാതി' എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുമുമ്പ് ഒരു ചിത്രത്തിനായി ഞാന്‍ ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, അത് ഇടയ്ക്കുവെച്ച് നിന്നുപോവുകയായിരുന്നു. മലയാളം എനിക്ക് സ്‌കൂള്‍ കാലംതൊട്ടേ പ്രിയപ്പെട്ട ഭാഷയും വിഷയവുമാണ്. ഡിഗ്രിയ്ക്ക് ഞാനെടുത്തിരിക്കുന്നതും മലയാളമാണ്,' ലക്ഷ്മി വ്യക്തമാക്കി. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ എം.എ മലയാളം വിദ്യാര്‍ഥിനിയാണ് ലക്ഷ്മി.

ഒടിയനില്‍ ലക്ഷ്മി രചിച്ച രണ്ട് ഗാനങ്ങളുണ്ട്. നെഞ്ചിലെ കാളക്കൊളമ്പും മുത്തപ്പന്റെ ഉണ്ണിയും. രണ്ടു പാട്ടുകളും ഇഷ്ടമാണെങ്കിലും 'നെഞ്ചില് കാളക്കൊളമ്പ്' ആണ് മനസ്സില്‍ കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നതെന്ന് ലക്ഷ്മി. 'മുത്തച്ഛന്‍ കൊച്ചുമകനെ ഒടിവിദ്യ പഠിപ്പിക്കുന്നതാണ് 'മുത്തപ്പന്റെ ഉണ്ണി' എന്ന ഗാനം ചിത്രീകരിക്കുന്നത്. സന്തോഷവും പ്രതീക്ഷയുമാണ് ആ പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍, 'നെഞ്ചില് കാളക്കൊളമ്പ്' കുറേക്കൂടി വൈകാരികമാണ്. ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ നില്‍ക്കുന്ന ഒടിയന്‍ മാണിക്യനെ ഉള്‍ക്കൊണ്ട് വേണമായിരുന്നു അതിലെ വരികളെഴുതാന്‍. കൂടുതല്‍ പ്രയത്‌നമാവശ്യമായിവന്നത് 'നെഞ്ചില്' എഴുതാനാണ്. എനിക്ക് കൂടുതല്‍ ഇഷ്ടമുള്ളതും ആ പാട്ടിനോട് തന്നെ.'

lakshmi
 ലക്ഷ്മി

'ചെന്നൈയില്‍ വെച്ചാണ് പാട്ടുകള്‍ എഴുതിയത്. ജയചന്ദ്രന്‍ സാറും അച്ഛനും റഫീഖ് അഹമ്മദ് സാറുമായിരുന്നു ഉണ്ടായിരുന്നത്. ജയചന്ദ്രന്‍ സാറാണ് സന്ദര്‍ഭങ്ങളൊക്കെ വിവരിച്ചുതന്നത്. പാട്ടെഴുതി കാണിച്ചപ്പോള്‍ ഓരോയിടത്ത് കൂടുതല്‍ നന്നായി ഉപയോഗിക്കാവുന്ന വാക്കുകളും മറ്റും കണ്ടെത്താന്‍ അദ്ദേഹം ഒരുപാട് സഹായിച്ചു. അച്ഛന്‍ ഒരുപാട് തവണ മാറ്റിയെഴുതാന്‍ പറഞ്ഞു. ഇമോഷന്‍ കൃത്യമാകുന്നതുവരെ ഒരു വരിതന്നെ പലതവണ മാറ്റി എഴുതിച്ചു. ഒടുവില്‍ അവര്‍ ഓക്കെ പറഞ്ഞപ്പോള്‍ ആദ്യം ആശ്വാസമാണ് തോന്നിയത്. റഫീഖ് അഹമ്മദ് സാറും പാട്ടുകള്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി.' ഗാനരചന തന്നെയാണ് തന്റെ വഴിയെന്നും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണേയെന്ന പ്രാര്‍ഥന മാത്രമേ ഇപ്പോഴുള്ളൂവെന്നും ഈ യുവ എഴുത്തുകാരി പറയുന്നു.

Content Highlights:lakshmi shrikumar menon's daughter wrote songs for odiyan movie mohanlal prakash manju