മലയാളത്തിൽ പോയ വർഷം തരംഗമായിത്തീർന്ന ഗാനമാണ് മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടി ഗോപി സുന്ദർ ഈണം നൽകിയ മോഹമുന്തിരി എന്ന് തുടങ്ങുന്ന ഗാനം.
സിതാര കൃഷ്ണകുമാർ ആലപിച്ച ഈ പാട്ട് ഗാനമേളകളിലും ആഘോഷങ്ങളിലും ടിക് ടോക്കിലും ഒഴിച്ചു കൂടാനാവാത്ത ഒന്നായിത്തീരുകയും ചെയ്തു. അതിന് പ്രധാന കാരണം ഈ ഫാസ്റ്റ് നമ്പർ ഗാനത്തിന് ചുവട് വച്ചത് ബോളിവുഡ് താരം സണ്ണി ലിയോൺ ആയിരുന്നു എന്നതാണ്.
ഇപ്പോഴിതാ സണ്ണിയെ പോലും ഞെട്ടിക്കുന്ന രീതിയിൽ ഈ ഗാനത്തിന് ചുവടുവച്ച് സാമൂഹ്യമാധ്യമങ്ങളിൽ സൂപ്പർഹിറ്റായിരിക്കുകയാണ് കേരളത്തിലെ ഒരു സാധാരണ വീട്ടമ്മ. സിതാരയും ഗോപിസുന്ദറുമെല്ലാം പങ്കുവച്ച ഈ വീഡിയോയിലെ സ്ത്രീ ആരെന്നോ ഇത് പകർത്തിയത് എവിടെ നിന്നെന്നോ വ്യക്തമല്ല. പക്ഷേ, കണ്ടവർ ഒരൊറ്റ സ്വരത്തിൽ പറയുന്നു. സണ്ണി ലിയോൺ പോലും ഒന്നുമല്ല ഇവരുടെ മുന്നിലെന്ന്.
ചുറ്റുമുള്ളതെല്ലാം മറന്ന് പാട്ടിനൊപ്പം ആസ്വദിച്ച് അറിയാവുന്ന ചുവടുകൾ വയ്ക്കുന്ന ഇവരുടെ വീഡിയോ ഏവരുടെയും മനം കവരുകയാണ്. കൂടെ ചുവട് വച്ച് ഒരു കുരുന്നും ഉണ്ട് . നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.
എനിക്കിവരെ പോലെ ആകണം, ഇതുപോലെ ഹൃദയത്തിൽ നിന്നും നൃത്തം ചെയ്യണം, ഹൃദയത്തിൽ നിന്നും പാടണം, ഹൃദയത്തിൽ നിന്നും ജീവിക്കണം, എനിക്ക് ഇവരെ പോലെയാകണം എന്ന കുറിപ്പോടെയാണ് സിതാര വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Content Highlights : Lady Performing dance for Mohamunthiri Song From Madhuraraja Mammootty Gopi Sundar Sunny leone