കൊച്ചി: അയലത്തെ വീട്ടിൽനിന്ന് കേൾക്കുന്ന പാട്ടിന്റെ ഉടമയെ തേടിയാണ്‌ ഗായകൻ സമദ് സുലൈമാൻ ഒരു ദിവസം അവിടെയെത്തിയത്. ‘എന്റെ മോനാണ്, ആനന്ദ് ശ്രീരാജ്’. പത്താം ക്ലാസിൽ പഠിക്കുന്ന മോനെ അഭിമാനത്തോടെ സമദിനു പരിചയപ്പെടുത്തുമ്പോൾ അതൊരു സംഗീത യാത്രയുടെ തുടക്കമാണെന്ന്‌ ശ്രീദേവി ഒരിക്കലും കരുതിയിരുന്നില്ല. അവിടെ തുടങ്ങിയ ആനന്ദിന്റെ സംഗീത യാത്ര ഇപ്പോൾ എത്തിനിൽക്കുന്നത് ദുൽഖർ സൽമാന്റെ ‘കുറുപ്പ്’ എന്ന സിനിമയിലാണ്. അരങ്ങേറ്റ സിനിമയായ ‘കുറുപ്പി’ൽ പാടിയ ‘നീല കടലിൻ അടിയിൽ’ എന്ന പാട്ട്‌ വൈറലായി പ്രേക്ഷക മനസ്സുകളിൽ പടരുമ്പോൾ നിറഞ്ഞ സന്തോഷത്തിലാണ് ആനന്ദ്.

സമദ് തുറന്ന വഴികളിൽ

കളമശ്ശേരിയിലെ തന്റെ വീടിന്റെ അയൽപക്കത്തു താമസിക്കാൻ സമദ് എത്തിയതാണ് സംഗീത യാത്രയുടെ വഴി തുറന്നതെന്ന് ആനന്ദ് പറയുന്നു. “പാട്ട്‌ പഠിക്കാനൊന്നും ഞാൻ പോയിട്ടില്ല. വീട്ടിൽ നിൽക്കുന്ന സമയത്ത്‌ ഉറക്കെ പാടുന്നത് എനിക്ക്‌ ഒരുപാടിഷ്ടമായിരുന്നു. അങ്ങനെ ഒരു ദിവസം ഞാൻ പാടിത്തകർക്കുമ്പോഴാണ്‌ സമദിക്ക വീട്ടിലെത്തി അമ്മയോടു വിശേഷങ്ങൾ തിരക്കിയത്. സമദിക്ക തന്നെയാണ് എന്നെ ആദ്യമായി ഒരു മ്യൂസിക്കൽ ഷോയിൽ പാടിച്ചത്. കലൂർ എ.ജെ. ഹാളിലെ ആ പരിപാടിയിൽ നന്നായി പാടാൻ കഴിഞ്ഞതോടെ ആത്മവിശ്വാസമേറി. അപ്പോഴും പാട്ടിന്റെ അടിസ്ഥാനം മുതൽ പഠിച്ചുതുടങ്ങാൻ കൂടുതൽ ഗാനമേള ട്രൂപ്പുകളിൽ പാടണമെന്നാണു സമദിക്ക പറഞ്ഞിരുന്നത്” - ആനന്ദ് സംഗീത യാത്രയുടെ തുടക്കം പറഞ്ഞു.

‘കുറുപ്പി’ൽ എത്തിയ നേരം

തൃക്കാക്കര ഭാരതമാതാ കോളേജിൽ ബി.കോമും കുസാറ്റിൽ എം.ബി.എ.യും പഠിക്കുന്ന സമയത്തും ആനന്ദ് സംഗീതവഴിയിൽ തന്നെയായിരുന്നു. “അൽ-അമീൻ സ്‌കൂളിൽ പഠിക്കുമ്പോൾ സംഗീതാധ്യാപകരുടെ നേതൃത്വത്തിലുള്ള യുഗ എന്ന ബാൻഡിൽ ഞാൻ പാടിയിരുന്നു. ഇംഗ്ലീഷ് പാട്ടുകളോടായിരുന്നു കൂടുതൽ ഇഷ്ടം. സംഗീത സംവിധായകൻ ദീപക് ദേവിന്റെ ബാൻഡിലും പാടിയിരുന്നു. ആ സമയത്താണ് ‘കുറുപ്പ്’ സിനിമയിൽ ‘നീല കടലിൻ അടിയിൽ’ എന്ന പാട്ടിന്റെ സംഗീത സംവിധായകനായ ലിയോ ടോം ഒരു ഗായകനെ അന്വേഷിച്ചു നടക്കുന്നത്. പ്രത്യേക സ്വരത്തിൽ പാടേണ്ട ആ പാട്ടിനു പറ്റിയ ഒരാളെ തപ്പി നടക്കുമ്പോൾ ലിയോയോട്‌ പോപ് മീഡിയ സ്റ്റുഡിയോയിലെ ജിസ്‌റ്റോ എന്ന സൗണ്ട് എൻജിനീയറാണ് എന്റെ കാര്യം പറഞ്ഞത്. ലിയോ എന്നെ വിളിപ്പിച്ച് ഒരു പാട്ട്‌ പാടിപ്പിച്ചു. എന്റെ സ്വരം ഇഷ്ടമായതോടെ ലിയോ ആ പാട്ട്‌ എനിക്കുതന്നെ തന്നു. ‘നീല കടലിൻ അടിയിൽ’ പാട്ട്‌ കേട്ടാണ് ‘കുറുപ്പി’ലെ മറ്റു പാട്ടുകളുടെ സംഗീത സംവിധായകനായ സുഷിൻ ശ്യാം ‘മേലേ തീര’ എന്നു തുടങ്ങുന്ന പാട്ടും എന്നെക്കൊണ്ടു പാടിപ്പിച്ചത്” - ആനന്ദ് പറഞ്ഞു.

സംഗീതത്തിന്റെ സുഗന്ധത്തിൽ

പാട്ട്‌ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാകുമ്പോൾ ഏതോ അവിശ്വസനീയ ലോകത്തെത്തിയതുപോലെയാണ് ആനന്ദിനു തോന്നുന്നത്. “പാട്ട്‌ നന്നായെന്നു ദുൽഖർ സൽമാൻ ലിയോ ടോമിനോടു പറഞ്ഞത് എനിക്കു കിട്ടിയ വലിയ അംഗീകാരങ്ങളിലൊന്നായി കാണുന്നു. ‘കുറുപ്പ്’ പോലൊരു സിനിമയിലൂടെ പിന്നണി ഗായകനായി അരങ്ങേറാൻ സാധിക്കുന്നതു സ്വപ്‌നം പോലൊരു നേട്ടമാണ്. നാവികസേനയിൽ ഉദ്യോഗസ്ഥനായ അച്ഛൻ രാജുവും അധ്യാപികയായ അമ്മ ശ്രീദേവിയും അനുജൻ വിവേകുമൊക്കെ വലിയ പ്രോത്സാഹനം പകരുന്നുണ്ട്. ‘പെർഫ്യൂം’ എന്ന പേരിൽ ഒരു മ്യൂസിക്കൽ ബാൻഡ് ഞാൻ നടത്തുന്നുണ്ട്. അതു നന്നായി മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഒരുപാടു നല്ല സിനിമകളിൽ നല്ല പാട്ടുകൾ പാടണമെന്നും ആഗ്രഹമുണ്ട്. സംഗീതം ഒരു സുഗന്ധമാണ്. അതു നൽകുന്ന ആനന്ദം ഒരിക്കലും തീരുകയുമില്ല”-ആനന്ദ് പറഞ്ഞു.

content highlights : Kurup Movie singer Anand Sreeraj Dulquer Salmaan movie Song Sushin Shyam