പത്മഭൂഷൻ നേടിയ മലയാളത്തിന്റെ പ്രിയ ഗായിക കെ. എസ്. ചിത്ര മറ്റൊരു സുന്ദരമായ ഗാനവുമായി എത്തുന്നു. മാപ് ഫിലിം ഫാക്ടറിയുടെ ബാനറിൽ പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന സ്റ്റേഷൻ 5 എന്ന ചിത്രത്തിനുവേണ്ടിയാണ് പുരസ്കാരലബ്ധിക്കുശേഷം ചിത്ര ആദ്യമായി പാടുന്നത്.  സംവിധായകൻ പ്രശാന്ത് കാനത്തൂർ തന്നെ ഈണം നൽകിയ അതിരുകൾ മതിലുകൾ വരഞ്ഞിടാക്കളമേ എന്ന ഗാനമാണ് ചിത്ര ആലപിച്ചത്. ചെന്നൈയിലായിരുന്നു റെക്കോഡിങ്. റഫീഖ് അഹമ്മദാണ് ഗാനരചന. ഗാനത്തിന്റെ രണ്ട് വേർഷനുണ്ട് ചിത്രത്തിൽ.

ഹരിലാൽ രാജഗോപാൽ, പ്രകാശ് മാരാർ, ഹിരൺ മുരളി എന്നിവരാണ്‌ മറ്റ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. വിനോദ് കോവൂർ , നഞ്ചമ്മ, കീർത്തന ശബരീഷ് എന്നിവരാണ് മറ്റു ഗായകർ. 

സ്റ്റേഷൻ 5 എന്ന സിനിമയിൽ  ചിത്ര ചേച്ചിയെക്കൊണ്ട് ഒരു ഗാനം ആലപിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് സംവിധായകൻ പ്രശാന്ത് കാനത്തൂർ പറഞ്ഞു. പദ്മഭൂഷൺ പുരസ്കാരം ലഭിച്ചതിനു ശേഷം ആദ്യമായി പാടുന്നത് സ്റ്റേഷൻ 5 നു വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ സന്തോഷം ഇരട്ടിച്ചു-പ്രശാന്ത് പറഞ്ഞു.

ഇന്ദ്രൻസ്, പ്രയാൺ വിഷ്ണു, പ്രിയംവദ കൃഷ്ണൻ, ഡയാന ഹമീദ്,  സന്തോഷ് കീഴാറ്റൂർ, ഐ.എം.വിജയൻ, വിനോദ് കോവൂർ , സുനിൽ സുഖദ, രാജേഷ് ശർമ്മ , ദിനേഷ് പണിക്കർ, ജെയിംസ് ഏലിയ, ശിവൻ കൃഷ്ണൻകുട്ടി നായർ, ശിവജി ഗുരുവായൂർ, അനൂപ് ചന്ദ്രൻ , കണ്ണൻ പട്ടാമ്പി, ജോതി ചന്ദ്രൻ , ഷാരിൻ, ഗിരീഷ് കാറമേൽ,
നഞ്ചമ്മ , ദേവികൃഷ്ണ, മാസ്റ്റർ ഡാവിഞ്ചി, മോനു -സോനു, പ്രിയ ഹരീഷ്, പളനി സ്വാമി, ചാള മേരി തുടങ്ങിയവർ അഭിനയിക്കുന്നു. രചനയും ഛായാഗ്രഹണവും പ്രതാപ്.പി.നായർ. എ ഡിറ്റിങ് - സലീഷ് ലാൽ, സംഘട്ടനം- ജാക്കി ജോൺ സൺ, നൃത്തസംവിധാനം - സഹീർ അബ്ബാസ്, കലാസംവിധാനം - ഉണ്ണി കുറ്റിപ്പുറം, മുരളി ബേപ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ- സാദിഖ് നെല്ലിയോട്ട്. 

മാർച്ച് പകുതിയോടെ ചിത്രത്തിന്റെ ജോലികൾ പൂർത്തിയാവും. ചിത്രം അവസാന ഘട്ടത്തിലാണ്. മാർച്ച് അവസാനം റിലീസ് ചെയ്യാന്നാണ് അണിയറപ്രവർത്തകരുടെ ആലോചന.

Content Highlights: KSChithra Padmabhushan Station5 Prasanth Kanathoor