മ്പത്തിയേഴാം ജന്മദിനത്തിന്റെ നിറവിലാണ് മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര. ജൂലൈ 27-നാണ് ചിത്രയുടെ ജന്മദിനം. ഈ വേളയിൽ സ്വന്തം ചിത്രമ്മായിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് പിന്നണി ഗായകൻ കെ.എസ്. ഹരിശങ്കർ. കുഞ്ഞുനാൾ മുതൽ കണ്ടു വളർന്ന, താൻ അമ്മായിയെന്ന് വിളിക്കുന്ന ചിത്രയെന്ന ഇതിഹാസത്തെ കുറിച്ച് ഹരിശങ്കർ പറയുന്നു.

"എല്ലാവർക്കും ചിത്രാമ്മ, ചിത്ര ചേച്ചി, ചിത്ര ആന്റി ഒക്കെയാണ്. എനിക്ക് പക്ഷേ കെ.എസ്.ചിത്ര എന്റെ ചിത്രമ്മായി ആണ്. അങ്ങനെ വിളിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ചിത്രമ്മായിയുമായിട്ട് മാത്രമല്ല വിജയ് അങ്കിളുമായും നല്ല അടുപ്പമാണ്.

ചിത്രമ്മായി ഞങ്ങളുട കുടുംബത്തിലെ ഒരു അംഗം തന്നെയാണ്. ഞാനെന്റെ കു‍ഞ്ഞുനാൾ മുതലേ കാണുന്നതാണ് ചിത്രമ്മായിയെ. എനിക്കൊരു നാലഞ്ച് വയസുള്ളപ്പോൾ തൊട്ട് ചിത്രമ്മായി വീട്ടിൽ വന്നിരുന്നത് എന്റെ ഓർമ്മയിലുണ്ട്.. എന്റെ അമ്മയുടെ അടുത്ത സുഹൃത്താണ്. എന്റെ അമ്മൂമ്മയായിരുന്നു ചിത്ര ചേച്ചിയുടെ ഗുരു. അമ്മയോടൊക്കെ ചിരിച്ച് വർത്തമാനം പറയുന്ന ചിത്രമ്മായിയെ നല്ല ഓർമ്മയുണ്ട് എനിക്കിന്നും. പക്ഷേ അന്നറിയില്ലല്ലോ ഇത്ര വലിയൊരു ഇതിഹാസമാണ് അമ്മായിയെന്ന്. ഞാൻ കുഞ്ഞായിരുന്നു.

എനിക്ക് അഞ്ച് വയസുള്ളപ്പോഴാണ് ഋഷിവംശം എന്ന സിനിമയിൽ ചിത്രമ്മായിക്കൊപ്പം ഒരു രണ്ട് വരി ഞാൻ പാടിയിട്ടുണ്ട്. താത്തയായിരുന്നു(എം.ജി രാധാകൃഷ്ണൻ) ചിത്രത്തിന്റെ സംഗീത സംവിധായകൻ. ലിറിക്കൽ അല്ല ഹമ്മിങ്ങായിരുന്നു. കൃഷ്ണനും യശോദയുമായിട്ടുള്ള പാട്ടായിരുന്നു അത്.

വിദേശത്ത് ഒരുപാട് ഷോകൾ ഒന്നിച്ചു ചെയ്യാനുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ട്. ഒരുപാട് ചാനൽ ഷോകളിൽ ഒന്നിച്ച് പാടാനായിട്ടുണ്ട്.അതൊക്കെ വലിയ ഭാഗ്യങ്ങളാണ്. പണ്ടൊക്കെ ചെന്നൈയിൽ പോകുമ്പോൾ ചിത്രമ്മായിയുടെ വീട്ടിലൊന്ന് കയറിയിട്ടേ പോരാറുള്ളൂ. അതുകൂടാതെ എന്നെ ആദ്യമായി സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത് ഔസേപ്പച്ചൻ സാറാണ്. അന്ന് സാറിന്റെ പാട്ടിന്റെ റെക്കോർഡിങ്ങും ചിത്രമ്മായിയുടെ സ്റ്റുഡിയോയിലായിരുന്നു. അന്ന് അമ്മായിയുടെ അനുഗ്രഹം വാങ്ങിയാണ് ഞാൻ പാടാൻ കയറിയത്.

ഇപ്പോഴും എന്റെ ഓരോ പാട്ടുകൾ ഇറങ്ങുമ്പോഴും ഞാൻ അയച്ചു കൊടുക്കാറുണ്ട്. അത് കണ്ട് കഴിഞ്ഞാൽ ചിത്രമ്മായി എന്നെ വിളിക്കും ഇന്ന ഭാഗങ്ങൾ ശ്രദ്ധിക്കണമെന്ന് നിർദേശിക്കും, ഇന്ന ഭാഗങ്ങൾ അസ്സലായെന്ന് അഭിനന്ദിക്കും, എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഉപദേശിക്കും. ശബ്ദം എങ്ങനെ ശ്രദ്ധിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളെല്ലാം പറഞ്ഞ് തരും. ഇപ്പോഴും ഇടയ്ക്കൊക്കെ വിളിക്കും ടെക്സ്റ്റ് ചെയ്യും. എപ്പോഴും എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയായും സ്വന്തം അമ്മായിയായും അമ്മയായും നമ്മുടെ വീട്ടിലെ അംഗമായി ചിത്രമ്മായി കൂടെയുണ്ടാവാറുണ്ട്.

ഇനിയും ഒരുപാട് വർഷങ്ങൾ നല്ല നല്ല പാട്ടുകൾ ചിത്രമ്മായിയുടെ ശബ്ദത്തിൽ നമുക്ക് കേൾക്കാൻ ഭാഗ്യമുണ്ടാവട്ടെ, ഒരായിരം ജന്മദിനാശംസകൾ ചിത്രമ്മായി. ഇനിയും ഒരുപാടൊരുപാട് നല്ല പാട്ടുകൾ അമ്മായി പാടണം.ഞങ്ങളെല്ലാവരും കാത്തിരിക്കാണ്. നമ്മളൊന്നിച്ച് ഒരു പാട്ട് പാടാനും ഞാൻ കാത്തിരിക്കുകയാണ്"

Content Highlights : KS Harishankar About KS Chithra Birthday special