തോപ്പുംപടി പട്ടേല്‍ ഓട്ടോസ്റ്റാന്റില്‍ ചെന്ന് ഏയ് ..ഓട്ടോ എന്ന് വിളിച്ചാല്‍ ഓടിയെത്തുക ചിലപ്പോള്‍ നവാസിന്റെ പാട്ടുവണ്ടിയാകും. തുണ്ടത്തില്‍ പറമ്പില്‍ നവാസ് മൊയ്തുവിന്റെ ഓട്ടോ. ഓട്ടോ ഓടിക്കുന്ന ഈ നവാസ് ചില്ലറക്കാരനല്ല. 

നവാസ് തന്നെ ചിട്ടപ്പെടുത്തി ഈണമിട്ട പാട്ടുകള്‍ യാത്രികര്‍ക്ക് ഫ്രീ റീചാര്‍ജായി ഒഴുകിയെത്തും. ചിലപ്പോള്‍ മുഹമ്മദ് റാഫിയുടെയും കിഷോര്‍ കുമാറിന്റെയും പ്രശസ്തഗാനങ്ങള്‍ നവാസ് തന്നെ അതിമനോഹരമായി ആലപിച്ചുക്കാണ്ടാകും വണ്ടി ഓടിക്കുക. 

'ക്യാഹുവാ തേരാ വാദാ' 'മേരെ നെയ്ന ' തുടങ്ങിയ ഗാനങ്ങള്‍ നവാസിന്റെയും പ്രിയപ്പെട്ട നമ്പറുകളാണ്. സ്‌റ്റൈലന്‍ കുപ്പായത്തില്‍ സ്വര്‍ണനിറമുള്ള മുടിയുമായി പലപല വേദികളിലും പാടിത്തിമിര്‍ക്കുന്ന നവാസ് ഏവര്‍ക്കും സുപരിചിതനാണ്. ഓട്ടോയില്‍ മാത്രം ഈ കലാപരിപാടി ഒതുങ്ങുന്നില്ല. 

kochiകൊച്ചിയില്‍ ഈ  കലാകാരന് ' ക്യൂന്‍ ഓഫ് അറേബ്യന്‍ സീ' എന്ന പേരില്‍ സ്വന്തമായ ട്രൂപ്പുണ്ട്. റാഫിയുടെ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചാണ് ആസ്വാദകരെ നവാസ് കൈയിലെടുക്കുന്നത്. സ്വന്തമായി രചിച്ച് ഈണമിട്ട എട്ടുഗാനങ്ങള്‍ അടങ്ങിയ 'മേഘമായ' എന്ന ആല്‍ബം വളരെ ഹിറ്റാണ്. പിന്നണി ഗായകരായ അഫ്സലും മധു ബാലകൃഷ്ണനും ജ്യോല്‍സനയും പാടിയ ഗാനങ്ങള്‍ ഇതിലുണ്ട്. ഐപി എല്ലിന് വേണ്ടിയും 'വയനാടന്‍ കാട് പൂക്കുമ്പോള്‍' എന്ന പേരിലും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പുതിയ മാപ്പിളപ്പാട്ട് ഒരുക്കുന്നതിന്റെ തിരക്കിലാണ് നവാസ്. 

കൊച്ചിന്‍ ടാലന്റേഴ്സ് എന്ന ട്രൂപ്പിലൂടെയാണ്  പ്രൊഫഷണല്‍ ഗായകജീവിതം ആരംഭിക്കുന്നത്. പിന്നീട് കൊച്ചിന്‍ കോറസ് അടക്കം പലട്രൂപ്പിലും പാടിത്തെളിഞ്ഞു. കൊച്ചിയിലെ കല്യാണവേദികളിലും പൂരപ്പറമ്പിലും പെരുന്നാളിടങ്ങളിലും വളരെ സുപരിചിതനാണ്. കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബര്‍ ആയിരുന്നു ആദ്യ തൊഴിലിടം. പിന്നീട് കുറച്ച് നാള്‍ കുവൈറ്റിലും. ഷെറീനയാണ് ജീവിതസഖി. മക്കള്‍: അസ്ന, അസ്ര . ഉമ്മ ഹഫ്സത്ത് മൊയ്തു. 

kochi