സംഗീത പരിപാടിക്കിടെ കെ.കെ | ഫോട്ടോ: പി.ടി.ഐ
നാളെ നമ്മളീ ഭൂമിയില്‍ ഉണ്ടാകാം, ഇല്ലാതിരിക്കാം...
പക്ഷേ, ഈ നിമിഷം നാളെയും നമ്മള്‍ ഓര്‍മ്മിക്കും...
എന്നുപാടിക്കൊണ്ട് സംഗീതാസ്വാദകരുടെ ഹൃദയത്തിലേക്ക് അരിച്ചിറങ്ങിയ ആ ശബ്ദം മാഞ്ഞുപോയിട്ട് ഇന്ന് ഒരാണ്ട്. ജീവിതം ക്ഷണികമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് അയാള്‍ ഓരു നേര്‍ത്ത ഗാനമായി അലിഞ്ഞുപോയി. കെകെ.
മൂവായിരത്തി അഞ്ഞൂറോളം പരസ്യ ജിങ്കിളുകള്‍, എഴുന്നൂറോളം പാട്ടുകള്‍... അന്‍പത്തിമൂന്നാം വയസ്സില്‍ ജീവിതത്തോട് വിട പറഞ്ഞപ്പോള്‍ കെ.കെ. നമുക്കുവേണ്ടി അവേശേഷിപ്പിച്ചു പോകുന്നത് എത്ര കേട്ടാലും മതിവരാത്ത ഒരുപിടി ഗാനങ്ങള്‍.
1990-കളുടെ അവസാനത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ ഹിറ്റായ 'പല്‍' എന്ന തന്റെ ആദ്യ ആല്‍ബത്തിലൂടെയാണ് കെ.കെ. സംഗീതപ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്. വൈകാതെ മേരാ പെഹലാ പെഹലാ പ്യാര്‍, ക്യാ മുഛേ പ്യാര്‍ ഹേ, ദില്‍ ഇ ബാദത്, ഡോലാരെ, ആഖോ മേ തേരി തുടങ്ങിയ ഗാനങ്ങളിലൂടെ ബോളിവുഡ് സംഗീതലോകത്ത് കെ.കെ. വിസ്മയം തീര്‍ത്തു. അപ്പടി പോട്, ഉയിരിന്‍ ഉയിരേ തുടങ്ങിയ സൂപ്പര്‍ഹിറ്റുകളിലൂടെ തെന്നിന്ത്യയും കെ.കെയുടെ ശബ്ദത്തെ ഏറ്റെടുത്തു. പുതിയ മുഖത്തിലെ രഹസ്യമായ് എന്ന ഗാനത്തിലൂടെ മലയാളത്തിനും കിട്ടി ഒരു പാട്ട്.
ഇന്ത്യയൊട്ടാകെ ആഞ്ഞുവീശിയ ആ മനോഹരശബ്ദത്തിനുടമ ഒരു മലയാളിയാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. മലയാളികളായ സി.എസ്. മേനോന്റെയും കനകവല്ലിയുടെയും മകനായി 1968-ല്‍ ഡല്‍ഹിയിലാണ് കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെ.കെയുടെ ജനനം. ദില്ലി മൗണ്ട് സെയ്ന്റ് മേരീസ് സ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസംനേടി കിരോരി മാല്‍ കോളേജില്‍നിന്ന് ബിരുദവും നേടി.
സംഗീതം പഠിക്കാത്ത കെ.കെക്ക് ബോളിവുഡിലെത്തുക അത്ര എളുപ്പമായിരുന്നില്ല. പരസ്യങ്ങളുടെ 3500 ജിംഗിള്‍സുകള്‍ പാടിയ ശേഷമായിരുന്നു ബോളിവുഡ് അരങ്ങേറ്റം. പെപ്സിയുടെ ദില്‍ മാംഗേ മോര്‍ എന്ന എക്കാലത്തെയും ഹിറ്റ് ജിങ്കിളിന്റെ ശബ്ദം കെ.കെയുടേതായിരുന്നു. ഹീറോ ഹോണ്ടയുടെ ദേശ് കീ ധഡ്കന്‍, ഹിപ് ഹിപ് ഹുറേ, കോള്‍ഗേറ്റ് ജെല്‍ തുടങ്ങിയ ജിങ്കിളിലൂടെ മിനി സ്‌ക്രീനിന് നേരത്തേ തന്നെ കെകെയുടെ ശബ്ദം സുപരിചിതമായിരുന്നു.
മാച്ചിസിലെ 'ച്ചോട് ആയെ ഹം ലെ' എന്ന ചെറിയൊരു ഭാഗം പാടിയായിരുന്നു പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം. ജ്യോതിയുമായുള്ള വിവാഹശേഷം 1994-ല്‍ ഡല്‍ഹിയില്‍നിന്ന് മുംബയിലേക്ക് ചുവടുമാറ്റി. പിന്നീടിങ്ങോട്ട് സംഗീതലോകത്തിനു സമ്മാനിച്ചത് ഹിറ്റുകളുടെ തുടര്‍ച്ച. 1999-ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി പാടിയ 'ജോഷ് ഓഫ് ഇന്ത്യ' ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ആഷിക് ബനായാ അപ്നെയിലെ ദില്‍ നഷി, തൂഹി മേരി ശബ് ഹെ തുടങ്ങിയ ഗാനങ്ങള്‍ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ദേശീയ പുരസ്‌കാരവും അഞ്ച് ഫിലിം ഫെയര്‍ അവാര്‍ഡുകളുമടക്കം നേടിയ കെ.കെ. തമിഴ്, കന്നഡ സിനിമാരംഗത്തും നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കി.
കലാരംഗത്ത് സജീവമായി നില്‍ക്കുമ്പോഴായിരുന്നു കെ.കെയുടെ അപ്രതീക്ഷിക വിയോഗം. കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ച് ഓഡിറ്റോറിയത്തില്‍ സര്‍ ഗുരുദാസ് മഹാവിദ്യാലയ ഫെസ്റ്റിനോടനുബന്ധിച്ചുള്ള അവസാന ഗാനമേളയില്‍ കെ.കെ കേള്‍ക്കാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് ഒത്തുകൂടിയത്. പരിപാടിയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയപ്പോള്‍ കുഴഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്തയിലെ സിഎംആര്‍ഐ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. ഹൃദയാഘാതമായിരുന്നു മരണകാരണം.
Content Highlights: KK singer, death anniversary, Hindi, Tamil, Malayalam songs, KK super hits
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..