മ്മുടെ രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണന്റെ ക്ഷണപ്രകാരം രാഷ്ട്രപതിഭവനിലേക്ക്‌ മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പം പ്രാതലിന് പോവുകയായിരുന്നു. രാജ്യത്തെ പ്രഥമപൗരന്റെ വാസസ്ഥാനത്തിന്റെ ചുവരിന്റെ ഓരം ചേർന്നുനടക്കുമ്പോൾ മുല്ലപ്പള്ളി ഏതൊരു മലയാളിയും അക്കാലത്ത് അനുഭവിച്ചിരുന്ന അഭിമാനത്തോടെ പറഞ്ഞു:  ‘‘കെ.ആർ. നാരായണനായിരിക്കുമല്ലേ, ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ഭാഗ്യവാനായ മലയാളി?.’’ ഞാൻ പറഞ്ഞു: ‘‘ശരിയാണ്. പക്ഷേ, എക്കാലത്തെയും ഏറ്റവും ഭാഗ്യംചെയ്ത ഒരു മലയാളി വേറെയുണ്ട്, യേശുദാസ്.’’ മലയാളത്തിന്റെയും ഭാരതത്തിന്റെതന്നെയും ഈ മഹാഗായകനെപ്പറ്റി വിശേഷിച്ചും അദ്ദേഹത്തിന്റെ നാനാവിധ ഗാനവീഥികളിലൂടെയുള്ള സൗഭാഗ്യസഞ്ചാരം നിർവഹിക്കാനായി ലഭ്യമാകുന്ന ധന്യസന്ദർഭങ്ങളിലെല്ലാം അങ്ങനെയാണ് തോന്നിയിട്ടുള്ളത്. യേശുദാസ് എന്ന സൗഭാഗ്യം ആകെമലയാളിസമൂഹത്തിന്റെ അപൂർവസൗഭാഗ്യമായിത്തീർന്നതിന്റെ ചാരുതയാർന്ന കഥയുടെ ആഘോഷമാണ് അദ്ദേഹത്തിന്റെ ഓരോ ജന്മദിനവും. ഹൃദയതാഴ്‌വരയെ ഗാനശാലയാക്കിയും മാനസാംബരത്തിൽ വിസ്മയകരമായ സ്വരനക്ഷത്രങ്ങളെ ഉദിപ്പിച്ചും എന്നുമെന്നും യേശുദാസ് ദീർഘായുഷ്മാനായിരിക്കട്ടെ! 

ഓരോ മലയാളിയുടെയും ഉള്ളിൽ ഒരു യേശുദാസ് ഉണ്ട്. യേശുദാസ് എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ അനുഭവമായിത്തീരുന്നത് അങ്ങനെയാണ്. മലയാളിയുടെ കാലം, പരിസരം, സംസ്കാരം, തുടങ്ങിയതിലെല്ലാം ആ സ്വരം കലർന്നിരിക്കുന്നു. അങ്ങനെ വ്യക്തിസ്വത്വത്തിൽനിന്ന് മലയാളികളുടെ സാമൂഹികസ്വത്വത്തിലേക്ക് യേശുദാസ് എന്ന സ്വരസിന്ധൂപ്രവാഹം വ്യാപിക്കുന്നു. പക്ഷേ, സ്വന്തമായ രീതിയിലൂടെ അദ്ദേഹത്തെ അനുഭവിക്കാനും ആസ്വദിക്കാനുമാണ് ഓരോ വ്യക്തിയും ഇഷ്ടപ്പെടുന്നത്. യേശുദാസ് അനുഭവവും അനുഭൂതിയുമാണ്. അനുഭൂതിയാകട്ടെ, ആത്മനിഷ്ഠവും തന്മൂലം ആപേക്ഷികവുമായിരിക്കുന്നു.

സർവം ലയിച്ചുചേർന്ന ഗാനസാഗരം 

മലയാളത്തിന്റെയും വിവിധങ്ങളായ മലയാളിത്തഭാവങ്ങളുടെയും പ്രതിനിധാനം സംഗീതമാധ്യമത്തിലൂടെ വിജയകരമായി നിർവഹിക്കുന്ന യേശുദാസിന്റെ ഗാനപ്രപഞ്ചം ഭാഷാദേശങ്ങളുടെ അതിർത്തികൾക്കും അന്തരങ്ങൾക്കും അതീതമാണ്. ഇന്ത്യയുടെ വിവിധ ഭാഷകൾ മാത്രമല്ല, വിദേശമൊഴികളും ആ ഗാനസാഗരത്തിൽ ലയിച്ചുചേർന്നിരിക്കുന്നു. ആ സ്വരവിന്യാസത്തിന്റെ ഹൃദയസ്പർശിത്വം ജനപദങ്ങളുടെ ശ്രവണത്തിലൂടെ വിശ്വവിശ്രുതശ്രുതിയായി. അങ്ങനെയെല്ലാമായിരിക്കുമ്പോഴും മലയാളിജീവിതത്തിന്റെ ജിഹ്വയായിത്തന്നെയാണ് യേശുദാസ് പേരും പെരുമയും ആർജിച്ചുനിൽക്കുന്നത്. മലയാളത്തിന്റെ ബഹുത്വവും ലാവണ്യമഹത്ത്വവും സമ്പന്നമാക്കുന്നതിൽ യേശുദാസ് വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് നമ്മുടെ സാംസ്കാരികചരിത്രത്തിന്റെ അനുപമമായൊരധ്യായമാണ്. 

അന്ധാളിപ്പിക്കുന്ന ഗാന്ധർവവിസ്മയത്തെക്കാൾ അതിശയിപ്പിക്കുന്ന മാനവത്വവും അതിന്റെ വേദനയെ വഹിക്കുന്ന സംവേദനവുമാണ് യേശുദാസിന്റെ ആലാപനത്തിന്റെ ആത്മാവായിരിക്കുന്നത്. കലയേതും ശാശ്വതികത്വം ചൂടിനിൽക്കുന്നത് അതിന്റെ ഹൃദയദ്രവീകരണശേഷികൊണ്ടു തന്നെയാകുന്നു. കലാപ്രക്രിയയെ വിശകലനംചെയ്യാനുള്ള മാനദണ്ഡവും അതിന്റെ മാറ്റുരച്ചുനോക്കാനുള്ള ഉരകല്ലും അതിന്റെ ഹൃദയപരത തന്നെ. ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്‌ സഞ്ചരിക്കുന്നതാണ് യഥാർഥ കല. യേശുദാസിന്റെ ഓരോ രാഗമാലികയും അതിലെ ഓരോ സ്വരമഞ്ജരിയും ഹൃദ്‌സ്പന്ദനങ്ങൾക്ക് സേതുബന്ധനം പ്രദാനംചെയ്യുന്നു. ഹൃദയപരതയുടെ പ്രഭവത്തിലും ഹൃദയാവർജകതയുടെ പ്രഭാവത്തിലുമാണ് യേശുദാസിന്റെ ആലാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കുടികൊള്ളുന്നത്. 

കനവിലും നിനവിലും നിറയുന്ന ആത്മഗായകൻ

സ്വരങ്ങൾക്ക് വികാരങ്ങളുടെ ആകാരംനൽകി നാദബ്രഹ്മത്തെ മാനവത്വത്തിന്റെ നാദത്തിലേക്കും അതിന്റെ തീക്ഷ്ണതയിലേക്കും പരിവർത്തിപ്പിച്ചെടുക്കുന്ന ഒരുതരം രസതന്ത്രവും അതിന്റേതായ യേശുദാസ് രീതിശാസ്ത്രവും സവിശേഷമായ പഠനവും അപഗ്രഥനവും അർഹിക്കുന്നു. യേശുദാസിന്റെ വിഷാദരാഗങ്ങളും ശോകഗാനങ്ങളും എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഇതരഗാനങ്ങളെ പിറകിലാക്കുംവിധത്തിലുള്ള സർഗക്രിയയുടെ പൂർണതയെ പ്രാപിക്കുന്നു എന്ന ചോദ്യത്തിനുള്ള ശരിയായ ഉത്തരവും ഈ അപഗ്രഥനം പ്രദാനംചെയ്തേക്കും. ശോകഗാനങ്ങളിലാണ് വിഷാദം പൊട്ടിയൊഴുകുന്ന ഹൃദയവിലാപവും അതു സൃഷ്ടിക്കുന്ന കലാകാരന്റെ മനോധർമസാധ്യതകളും പരമ്പരാഗതരീതികളെ മറികടന്നും ചിലപ്പോൾ ശാസ്ത്രവിധികളെപ്പോലും ഉല്ലംഘിച്ചും അത്യപൂർവമായ ഔന്നത്യത്തെ സാക്ഷാത്കരിക്കുന്നത്. അനല്പമായ ശില്പഭംഗിയുള്ള രാഗഗോപുരങ്ങളുടെ രാജശില്പിയായി നമ്മുടെ കനവിലും നിനവിലും നിറഞ്ഞുനിൽക്കുന്ന ആത്മഗായകന്‌ സ്നേഹാദരം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്ന പരസഹസ്രങ്ങൾക്കൊപ്പം ചേരുന്നു.