തിരുവനന്തപുരം: പ്രിയ ഗായകന്‍ യേശുദാസിനോടുള്ള മലയാളത്തിന്റെ സ്‌നേഹാരാധനയും ബജറ്റില്‍ ഇടംപിടിച്ചു. യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുന്നതിന് 75 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.

സംഗീത കോേളജ് വിദ്യാര്‍ഥിയായിരിക്കേ യേശുദാസ് താമസിച്ചിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ വസതിയിലെ കാര്‍ ഷെഡ്ഡ് ആണ് ആ ഓര്‍മകള്‍ നിലനിര്‍ത്തി ലൈബ്രറിയായി മാറുന്നത്. ഇപ്പോള്‍ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനാണ് ഈ വളപ്പില്‍ പ്രവര്‍ത്തിക്കുന്നത്. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശം അംഗീകരിച്ചുകൊണ്ടാണ് ബജറ്റില്‍ തുക അനുവദിച്ചത്. യേശുദാസിന്റെ മുഴുവന്‍ പാട്ടുകളും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളുമടങ്ങിയതാകും ഡിജിറ്റല്‍ ലൈബ്രറി.

യേശുദാസിന്റെ ക്ലാസിക്കല്‍, ലളിത, സിനിമാ ഗാനങ്ങള്‍ തരംതിരിച്ച് ഇവിടെയുണ്ടാകും. ഒപ്പം ഫോട്ടോ ലൈബ്രറിയും ജീവിതരേഖയും സജ്ജമാക്കും. പഴയ കാര്‍ഷെഡ്ഡ് അതേപടി നിലനിര്‍ത്തിക്കൊണ്ടായിരിക്കും വികസിപ്പിക്കല്‍. ശെമ്മാങ്കുടിയുടെ പേരിലുള്ള സ്മാരകവും ഇതേവളപ്പിലാണുള്ളത്. 50-കളുടെ അവസാനമാണ് യേശുദാസിന്റെ സംഗീതകോേളജ് പഠനകാലം. ഹോസ്റ്റലിലെ താമസത്തിനും ഭക്ഷണത്തിനും ഫീസിനുമൊക്കെ ബുദ്ധിമുട്ടിയിരുന്ന കാലം. അങ്ങനെയാണ് ഗുരുവും പ്രിന്‍സിപ്പലുമായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ വസതിയിലെ കാര്‍ ഷെഡ്ഡില്‍ യേശുദാസ് ഏറെക്കാലം അന്തിയുറങ്ങിയത്.

ഒരു വര്‍ഷത്തോളം ഗാനഗന്ധര്‍വന്‍ ഇവിടെ താമസിച്ചിരുന്നു. മാനേജേഴ്സ് കോര്‍ട്ടേഴ്സ് എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തില്‍ പിന്നീട് സംഗീതരംഗത്തെ വിശ്രുതര്‍ പലരും വന്നുപോയെങ്കിലും ആ കാര്‍ഷെഡ്ഡ് ഇപ്പോഴും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം തന്നെ യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

Content Highlights: KJ Yesudas Digital Museum, Kerala Budget 2020