ടി.കെ പ്രദീപ് കുമാർ പകർത്തി മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചുവന്ന യേശുദാസിന്റെ ചിത്രം, ടി.കെ പ്രദീപ് കുമാർ
കെ.ജെ.യേശുദാസ് എന്ന അഭൗമനാദത്തിന്റെ പിറന്നാള്‍ മലയാളിക്ക് എന്നും ഇമ്പമാര്‍ന്ന ദിവസമാണ്. ദാസേട്ടനെ കേള്‍ക്കാത്ത ഒരുദിവസം പോലുമില്ലാത്ത നമ്മള് ജനുവരി 10 എന്ന തീയതി കണ്ണിലും കാതിലും ഹൃദയത്തിലും ഓര്‍ത്തുവെയ്ക്കുന്നു. രണ്ടുവര്‍ഷമായി അദ്ദേഹത്തിന്റെ പിറന്നാള്‍ദിവസം സോഷ്യല്‍മീഡിയിലൂടെ ഏറ്റവും കൂടുതല്‍ ഷെയര്‍ചെയ്യപ്പെടുന്ന ഒരു ചിത്രം പകര്‍ത്തിയതിന്റെ സന്തോഷവും ഒരല്‍പ്പം സങ്കടവും പങ്കുവയ്ക്കാനാണ് ഈ കുറിപ്പ്. കഴിഞ്ഞ വര്‍ഷം പ്രിയപ്പെട്ട ലാലേട്ടനും മഞ്ജുവാരിയരും പിറന്നാള്‍ ആശംസയ്ക്കൊപ്പം ഈ ചിത്രമാണ് സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചത്. ഇക്കുറി പ്രിയ മമ്മൂക്കയും ആദരണീയനായ മന്ത്രി വി.എന്‍.വാസവനുമുള്‍പ്പെടെ ഒട്ടേറെ പേര് ഷെയര്‍ ചെയ്തു.
കാണുമ്പോള്‍ ഒരുപാട് സന്തോഷം,അഭിമാനം. ഗൂഗിളില്‍ കെ.ജെ.യേശുദാസ് എന്ന് തിരയുമ്പോള്‍ വരുന്ന ചിത്രങ്ങള്‍ക്കൊപ്പവും ഇതുണ്ട്. പക്ഷേ ക്രഡിറ്റുകള്‍ പലപ്പോഴും ഒഴിവാക്കപ്പെടുന്ന വിര്‍ച്വല്‍ ലോകത്ത് ഈ ചിത്രം പകര്ത്തിയതാരെന്ന വിവരവും പലപ്പോഴും കാണുന്നില്ല. അതാണ് നേരത്തെ പറഞ്ഞ ഒരുതരി സങ്കടം. പക്ഷേ വലിയവലിയ വ്യക്തികളിലൂടെ അത് ലോകമെങ്ങും എത്തുമ്പോള്‍ ആ സങ്കടത്തിന് മീതേ സന്തോഷത്തിന്റെ വലിയ അല വന്ന് മൂടുന്നു. 2017 ഏപ്രില്‍ 6ന് കൊച്ചിയില്‍ ഹാര്‍ട്ട് ഫൗണ്ടേഷന്റെ ചടങ്ങില്‍ നിന്ന് പകര്‍ത്തിയതാണിത്.
കച്ചേരി അവതരിപ്പിക്കാനായി ദാസേട്ടന് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് സ്റ്റേജിലേക്ക് നടക്കുമ്പോള്‍ എവിടെനിന്നോ ഉള്ള ഒരു മായികവെളിച്ചം അദ്ദേഹത്തിലേക്ക് വീണു. അത് തൂവെള്ളമുടിക്കും താടിക്കും പതിവുവെള്ളവസ്ത്രത്തിനും വല്ലാത്തൊരു ചൈതന്യംപകര്‍ന്നു. പിന്നില്‍ പ്രിയ പത്നി പ്രഭ. മുന്നില്‍ ഫെയ്ഡ് ഔട്ടായി വേദിയിലെ പൂക്കള്‍. കറുത്തതാടിയിലും മുടിയിലും മാത്രം കണ്ടുശീലിച്ച യേശുദാസില്‍ നിന്ന് വ്യത്യസ്തനായി അങ്ങേയറ്റം വെണ്മയാര്ന്ന ഒരു യേശുദാസ്. എന്റെ ക്യാമറയും യേശുദാസിന്റെ ആരാധകനായിരുന്നിരിക്കണം. അല്ലെങ്കില്പിന്നെ ഈ നിമിഷം എനിക്ക് കോരിയെടുത്ത് തരുമായിരുന്നോ..!(പിറ്റേന്ന് 'ഞാന്‍ ഗന്ധര്വ്വന്'എന്ന കാച്ച് വേഡോടെ മാതൃഭൂമി ദിനപത്രത്തില്‍ ചിത്രം പ്രസിദ്ധീകരിച്ചു.)
Content Highlights: KJ Yesudas Birthday, TK Pradeep kumar photographer about his viral photos
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..