സ്വപ്‌നങ്ങളുണരും ഉന്മാദലഹരിയില്‍ 
സ്വര്‍ഗീയ സ്വരമാധുരി ആ ഗന്ധര്‍വ്വസ്വരമാധുരി...

പാപ്പനംകോട് ലക്ഷ്മണന്‍ എന്ന ഗാനരചയിതാവ്  മനുഷ്യമൃഗം എന്ന സിനിമയ്ക്ക് വേണ്ടി കസ്തൂരി മാന്‍മിഴി എന്ന പാട്ടെഴുതുമ്പോള്‍ ഏതെങ്കിലുമൊരു നിമിഷം ബോധപൂര്‍വമല്ലാതെ അദ്ദേഹത്തിന്റെ ഭാവനാതലത്തിലേക്ക് പാടുന്നത് യേശുദാസാണെന്ന ചിന്ത വന്നിട്ടുണ്ടാവുമോയെന്ന സംശയമുണ്ടാവുക സ്വാഭാവികം. ആ ഗാനത്തിന്റെ പല്ലവിയുടെ അവസാനവരികള്‍ യേശുദാസിന് വേണ്ടി എഴുതിയ പോലെയാണ്. മലയാളികളുടെ സ്വപ്‌നങ്ങള്‍ക്ക് ഉന്മാദലഹരികള്‍ സമ്മാനിച്ച ഗന്ധര്‍വ്വഗായകനാണ് യേശുദാസ്- പലവട്ടം നാമാവര്‍ത്തിച്ച പോലെ മലയാളിയുടെ സ്വകാര്യഅഹങ്കാരം, സ്വന്തം അഭിമാനം. മറ്റേതിടത്തുണ്ട് ഇങ്ങനെയൊരു ഗന്ധര്‍വ്വഗായകന്‍! ഒറ്റ ദിവസം പതിനൊന്ന് ഭാഷകളില്‍ ഗാനങ്ങള്‍ റെക്കോഡ് ചെയ്ത ഗായകനെന്ന ഖ്യാതിയും നമ്മുടെ 'ദാസേട്ടന്' സ്വന്തം. 

പദ്മശ്രീയും പദ്മഭൂഷണും പദ്മവിഭൂഷണും നല്‍കി രാജ്യം ആ മഹാനായ കലാകാരനെ ആദരിച്ചു. മികച്ച പിന്നണിഗായകനുള്ള ദേശീയചലച്ചിത്ര പുരസ്‌കാരം എട്ട് തവണയാണ് അദ്ദേഹത്തിന് ലഭിച്ചത്. നാല്‍പത്തിമൂന്ന് തവണ വിവിധ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കൂടാതെ മറ്റു പല അംഗീകാരങ്ങളും ബഹുമതികളും. മലയാളിമനസ്സിനെ അന്നും  ഇന്നും എന്നും വിസ്മയിപ്പിക്കുന്ന, അലിയിക്കുന്ന, ആശ്വസിപ്പിക്കുന്ന, ആനന്ദിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന ആ ഗന്ധര്‍വ്വനാദത്തിന്റെ ഉടമയ്ക്ക് ഇന്ന് എണ്‍പത്തിരണ്ടാം പിറന്നാള്‍. ഇനിയുമേറെ കൊല്ലം അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം ലഭിക്കട്ടെയെന്നാണ് ഓരോ ആരാധകരും ആഗ്രഹിക്കുന്നതും പ്രാര്‍ഥിക്കുന്നതും. 

രാജ്യത്തെ ഒട്ടുമിക്ക സംഗീതസംവിധായകരും അദ്ദേഹത്തിന്റെ സ്വരമാധുരിയേയും സംഗീതജ്ഞാനത്തേയും പരമാവധി ഉപയോഗപ്പെടുത്തി. അതിനാല്‍ തന്നെ അദ്ദേഹത്തിന്റേതായി റെക്കോഡ് ചെയ്തത് അമ്പതിനായിരത്തില്‍പരം ഗാനങ്ങളാണ്. നല്ല സംഗീതവും നല്ല വരികളും യേശുദാസിന് വേണ്ടി സൃഷ്ടിക്കാന്‍ സംഗീതസംവിധായകരും പാട്ടെഴുത്തുകാരും മറ്റു കലാകാരന്മാരും മത്സരിച്ചാഗ്രഹിച്ചിട്ടുണ്ടാവണം. അതു കൊണ്ട് സംഗീതപ്രേമികള്‍ക്ക് ലഭിച്ചത് ആയിരക്കണക്കിന് മികച്ച ഗാനങ്ങളാണ്. അവയില്‍ നിന്ന് ഏതാനും മികച്ച ഗാനങ്ങള്‍ തിരഞ്ഞെടുക്കുക എന്നത് അസാധ്യം.  

മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്ക് വേണ്ടിയും പാടിയ യേശുദാസ്

ആദ്യഗാനം മുതല്‍ ഇക്കാലം വരെ അനവധി സംഗീതസംവിധായകര്‍ക്ക് വേണ്ടി യേശുദാസ് പാടിയിട്ടുണ്ട്. തന്റെ ജ്ഞാനവും ശബ്ദവും അദ്ദേഹം മികച്ച ഗാനങ്ങള്‍ക്ക് വേണ്ടി കടംകൊടുത്തു. എം.എസ്. ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, സലില്‍ ചൗധരി, രവീന്ദ്രന്‍, ശ്യാം, എം.ജി. രാധാകൃഷ്ണന്‍, ജെറി അമല്‍ദേവ്, ജോണ്‍സണ്‍, ഔസേപ്പച്ചന്‍, ശരത്...നിര നീളുന്നു. 2018 ല്‍ അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത് ഇരുപത്തിനാല് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ്. രമേശ് നാരായണന്റേതായിരുന്നു ഈണം. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന സിനിമയിലെ ഗാനമാണ് അദ്ദേഹത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്. 

നീലക്കടമ്പ് എന്ന റിലീസാവാത്ത സിനിമയും ഹിറ്റായ യേശുദാസ് ഗാനങ്ങളും

രവീന്ദ്രന്‍ ഈണമിട്ട കുടജാദ്രിയില്‍ എന്നാരംഭിക്കുന്ന ഭക്തിഗാനവും നീലക്കടമ്പുകളെ എന്ന പ്രണയഗാനവും മലയാളികള്‍ ഏറ്റുപാടിയവയാണ്. കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി എന്ന ഗാനം ഒരു സിനിമാഗാനമാണെന്ന കാര്യം ആ ഗാനത്തിന്റെ ആരാധകരില്‍ ചിലര്‍ക്കെങ്കിലും അറിയാനിടയില്ല. കെ. ജയകുമാറിന്റേതായിരുന്നു വരികള്‍. നീലക്കടമ്പുകളില്‍ നീലക്കണ്‍പീലികളെ എന്ന ഗാനം വളരെ ബേസ് ലെവലില്‍ സംഗീതമൊരുക്കിയ ഗാനമായിരുന്നു. അതിമനോഹരമെന്ന് നിസ്സംശയം പറയാവുന്ന ആ ഗാനത്തിന് ആരാധകരേറെയാണ്. പാതിവഴിയില്‍ നിലച്ചു പോനീലക്കടമ്പ് എന്ന സിനിമ മലയാളിക്ക് നല്‍കിയത് മികച്ച ഗാനങ്ങളാണ്.

ഇളയരാജ, റഹ്‌മാന്‍ ഗാനങ്ങള്‍ 

ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിലൊരാളാണ് ഇളയരാജ. അദ്ദേഹത്തിന് വേണ്ടി എണ്ണമറ്റ സിനിമകളിലാണ് യേശുദാസ് പാടിയത്. എല്ലാം ഒന്നിനൊന്ന് മികച്ചത്. യേശുദാസിന്റെ തമിഴ് ഗാനങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ്. റഹ്‌മാന്റെ ആദ്യകാല സിനിമയായ യോദ്ധയില്‍ മൂന്ന് ഗാനങ്ങള്‍ യേശുദാസ് പാടി. സിനിമയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും മാമ്പൂവേ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ബിച്ചു തിരുമലയായിരുന്നു ഗാനങ്ങള്‍ രചിച്ചത്. പിന്നീട് ഹിന്ദി-തമിഴ് സിനിമകളില്‍ റഹ്‌മാനോടൊപ്പം യേശുദാസ് പ്രവര്‍ത്തിച്ചു. 

സിനിമേതര ഗാനങ്ങള്‍

ഉത്സവഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, മറ്റ് ആല്‍ബങ്ങള്‍ തുടങ്ങി നിരവധി ഗാനങ്ങളിലൂടെ യേശുദാസിന്റെ മാസ്മരകശബ്ദം ഒഴുകിയെത്തി. ലളിതഗാനവേദികളില്‍ യേശുദാസ് ഗാനങ്ങള്‍ ആവര്‍ത്തിച്ചാലപിക്കപ്പെട്ടു. നമ്മുടെ പ്രഭാതങ്ങള്‍ യേശുദാസ് ആലപിച്ച ഭക്തിഗാനങ്ങളാല്‍ മുഖരിതമായി. ഓണവും ക്രിസ്മസും അദ്ദേഹത്തിന്റെ നാദതരംഗിണിക്കായി കാത്തിരുന്ന കാലമുണ്ടായിരുന്നു. പിന്നണിഗാനരംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും ഇനിയുമെത്രെയോ കാലം നമുക്ക് കേട്ടുകൊണ്ടിരിക്കാന്‍ എത്രയായിരം ഗാനങ്ങളാണ് യേശുദാസ് പാടിവെച്ചിരിക്കുന്നത്. ഒരിക്കലും മടുക്കാതെ നമ്മുടെ കാതുകളെ ആ സ്വരമാധുരി എക്കാലവും തഴുകിക്കൊണ്ടേയിരിക്കും. 

 

Content Highlights: Lengendary singer K.J.Yesudas turns 82