സ്വരരാഗ ഗംഗാ പ്രവാഹമേ....


രമേശ് ഗോപാലകൃഷ്ണന്‍

മലയാളത്തിലല്ലാതെ മറ്റേതൊരു ഭാഷയിലേയും ഗായകനായിരുന്നു യേശുദാസെങ്കിൽ കേവലം സിനിമാപ്പാട്ടുകളിലൂടെ ഇത്രമാത്രം വിപുലവും പുരോഗമനപരവും സർവോപരി മാനവികവുമായ ആശയങ്ങളുടെ ആവിഷ്കാരസാധ്യതകളെ പ്രകാശനം ചെയ്യുന്നതിനുള്ള നിയോഗവും സൗഭാഗ്യവും ആ ശബ്ദത്തിനു ലഭിച്ചിട്ടുണ്ടാവില്ല.

കെ.ജെ യേശുദാസ്‌

ർഷങ്ങൾക്കുമുമ്പ് ഒരു സിനിമയുടെ സംഗീതച്ചർച്ചകളുമായി ബന്ധപ്പെട്ട് പ്രശസ്ത സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസൻ കേരളത്തിൽ എത്തിയ സമയം. അന്ന് എം.ബി.എസിന്റെ മുന്നിൽ ഒരു യുവഗായകൻ തന്റെ സിദ്ധി പ്രകടിപ്പിക്കാൻ എത്തിച്ചേർന്നു. ‘സാരംഗാ തേരി യാദ് മേം’ എന്ന ഫിലിം ഗസലാണ് അന്ന് ആ ഗായകൻ എം.ബി.എസിനു മുന്നിലിരുന്ന് ആദ്യം പാടിയത്. പാട്ട് ഇഷ്ടപ്പെട്ട എം.ബി.എസ്. ഗായകനോട് കർണാടകസംഗീതത്തിലെ ഒരു കീർത്തനം പാടാൻ ആവശ്യപ്പെടുന്നു. ബഹുദാരി രാഗത്തിലുള്ള ത്യാഗരാജകൃതി ‘ബ്രോവഭാരമാ രഘുരാമ’ പാടിത്തീർന്നതും എം.ബി.എസ്. അയാളെ അമ്പരപ്പോടെ ഒന്നു നോക്കി. ഗായകൻ വിട്ടില്ല. ഷണ്മുഖപ്രിയയിൽ ഒരു രാഗാലാപനവും നടത്തി. അപ്പോഴേക്കും, അമൂല്യമായ സർഗാത്മക ചോദനയും അഭൗമമായ നാദഗുണവുമുള്ള ഒരു യുവപ്രതിഭയെയാണ് താനിപ്പോൾ ശ്രവിച്ചുകൊണ്ടിരിക്കുന്നതെന്ന സത്യത്തെ തിരിച്ചറിയുകയായിരുന്നു എം.ബി. ശ്രീനിവാസൻ. അങ്ങനെ ‘കാല്പാടുകൾ’ എന്ന ആ ചിത്രത്തിനുവേണ്ടി ശ്രീനാരായണഗുരുവിന്റെ നാലുവരി ശ്ലോകം ആലപിക്കാൻ ആ ഗായകന് ഒരവസരം കൈവരുകയായിരുന്നു. 1961 നവംബർ 14-ന് ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ വെച്ചാണ് ആ ശ്ലോകാലാപനത്തിന്റെ റെക്കോഡിങ് നടന്നത്.

‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’

മലയാളസിനിമയ്ക്ക് എല്ലാ അർഥത്തിലും ഒരു സമ്പൂർണ ഗായകനെ സംഭാവന ചെയ്യാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യമാണ് അന്നവിടെ ആ റെക്കോഡിങ്ങിൽ പങ്കെടുത്തവരുടെയെല്ലാം മുഖത്തു പ്രകടമായിരുന്നത്. മലയാളം സംഗീതലോകത്തിനു സമ്മാനിച്ച ആ അഭൗമ നാദത്തിന് അറുപതാണ്ടു തികയുകയാണിന്ന്. യേശുദാസ് എന്ന നാലക്ഷരനാമധേയത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾ ആ നാദത്തിനുടമയെ അന്നുമുതൽ ആരാധിക്കുന്നു, ഒരു സംഗീതവിഗ്രഹം കണക്കേ. മലയാളസിനിമാഗാനരംഗത്ത്, ഇതരരംഗങ്ങളിൽനിന്ന്‌ വ്യത്യസ്തമായി, ആധുനികതയുടെ പൂർണപ്രകാശം 1960-കളിൽത്തന്നെ വീശാൻ തുടങ്ങിയിരുന്നു. വയലാർ രാമവർമ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നീ കവിത്രയവും ജി. ദേവരാജനെന്ന സംഗീതസംവിധായകനും ഇടതുപക്ഷരാഷ്ട്രീയത്തിന്റെ സഹയാത്രികരായിരുന്നു. അതിനാൽ, ഈ പ്രതിഭകളുടെ സർഗാത്മകസാന്നിധ്യത്തിൽ പിറവികൊണ്ട പാട്ടുകളിൽ ആശയവൈവിധ്യവും രാഷ്ട്രീയാവബോധവും ഉൾക്കൊണ്ടിരുന്നു. ഒപ്പം, മലയാളസിനിമയുടെ സംഗീതപിതാമഹനെന്നു വിശേഷിപ്പിക്കേണ്ട കെ. രാഘവൻ സിനിമാപ്പാട്ടുകൾക്ക് മലയാളമണ്ണിന്റെ മണമുള്ള ഈണങ്ങൾ തീർത്ത് നമ്മുടെ ഗാനസംസ്കാരത്തെ വീണ്ടെടുക്കുന്ന നവോത്ഥാനപ്രക്രിയയിൽ ഏർപ്പെടുകയും ചെയ്തു. വൈയക്തികദുഃഖങ്ങളെ സാമൂഹികവ്യവസ്ഥിതിയിലേക്കു കണ്ണിചേർക്കുന്ന ആശയവിശാലതയും ഈണാവിഷ്കാരവും ഇവരുടെ ഗാനങ്ങളിൽ നമുക്ക് കണ്ടെത്താൻ കഴിയുന്നു. ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’, ‘പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ’, അഗ്നിപർവതം പുകഞ്ഞു’, ‘ഈശ്വരൻ ഹിന്ദുവല്ല’, ‘അദ്വൈതം ജനിച്ച നാട്ടിൽ’, ‘ചലനം ചലനം ചലനം’, ‘ഈശ്വരനൊരിക്കൽ വിരുന്നിനു പോയി’ (ശ്രീകുമാരൻ തമ്പി, എം. എസ്. വിശ്വനാഥൻ) തുടങ്ങിയ എത്രയോ ഗാനങ്ങൾ ഇവിടെ ചൂണ്ടിക്കാണിക്കാൻ കഴിയും. കവിതാരചനയുടെ സൗന്ദര്യാത്മകബോധത്തെ മാത്രമല്ല, മനുഷ്യജീവിതത്തെപ്പറ്റിയുള്ള ആകുലതകളും ഈ പാട്ടുകൾ നമ്മോടു പങ്കുവെക്കുന്നു. ഈ കാലഘട്ടത്തിൽ സൃഷ്ടിക്കപ്പെട്ട ഇതുപോലുള്ള സിനിമാഗാനങ്ങളിലെ കവിത്വം തുളുമ്പുന്ന സൗന്ദര്യബോധത്തിന്റെയും സാമൂഹികമായ ആശയവൈപുല്യത്തിന്റെയും മാത്രമല്ല, സംഗീതാത്മകമായ ആവിഷ്കാരചാതുരിയുടെ സകലസാധ്യതകളെയും അങ്ങേയറ്റം പ്രകാശിപ്പിക്കാൻ കഴിഞ്ഞ ശബ്ദത്തിനുടമയായിരുന്നു യേശുദാസ് എന്ന ഗായകൻ. ശ്രീകുമാരൻ തമ്പിയുടെ വാക്കുകളുപയോഗിച്ചാൽ, ‘നമ്മൾ സൃഷ്ടിക്കുകയും നമ്മൾ ആസ്വദിക്കുകയും ചെയ്യുന്ന ഒരു ഗാനത്തിന്റെ പൂർണത എന്താണെന്നറിയണമെങ്കിൽ ആ ഗാനം യേശുദാസ് പാടിക്കേൾക്കണം’ എന്നാണ്.

മലയാളത്തിലല്ലാതെ മറ്റേതൊരു ഭാഷയിലേയും ഗായകനായിരുന്നു യേശുദാസെങ്കിൽ കേവലം സിനിമാപ്പാട്ടുകളിലൂടെ ഇത്രമാത്രം വിപുലവും പുരോഗമനപരവും സർവോപരി മാനവികവുമായ ആശയങ്ങളുടെ ആവിഷ്കാരസാധ്യതകളെ പ്രകാശനം ചെയ്യുന്നതിനുള്ള നിയോഗവും സൗഭാഗ്യവും ആ ശബ്ദത്തിനു ലഭിച്ചിട്ടുണ്ടാവില്ല. അതിലൂടെ സാമൂഹികമായ ഒരു ധർമനിർവഹണത്തിന് അദ്ദേഹത്തിന് അവസരം ലഭിച്ചുകാണില്ല. ഈ പാട്ടുകളെല്ലാം ഈ സത്യത്തെ നമ്മോടു പറയാതെ പറയുന്നുണ്ട്. ഗായകനും ആ ഗായകനെ വാർത്തെടുത്ത സമൂഹവും ഒന്നായിത്തീരുകയാണിവിടെ. ശ്രീനാരായണഗുരുവിന്റെ നാലുവരി ശ്ലോകത്തിൽനിന്നു തുടങ്ങി മലയാളസിനിമയിലെ വിപ്ലവാത്മകമായ പുരോഗമനഗാനങ്ങൾ യേശുദാസ് ആലപിച്ചപ്പോൾ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ കേരളീയസമൂഹം കടന്നുവന്ന സാംസ്കാരികവഴികളിലൂടെത്തന്നെയാണ് ഈ ഗായകനും സഞ്ചരിച്ചിട്ടുള്ളതെന്ന വസ്തുത ആശ്ചര്യജനകമാംവിധം തെളിഞ്ഞുവരുന്നു. സമൂഹം താണ്ടിയ സാംസ്കാരികവിപ്ലവത്തിന്റെ ആരോഹണവഴികളിലൂടെത്തന്നെയാണ് ഒരു ഗായകൻ തന്റെ സിദ്ധിയുടെയും പെരുമയുടെയും ബലത്തിൽ സഞ്ചരിച്ചതെന്ന അദ്‌ഭുതയാഥാർഥ്യമായിട്ടാണ് യേശുദാസ് ഇന്ന് നമുക്കുമുന്നിൽ പ്രത്യക്ഷനാകുന്നത്. കേരളീയസമൂഹത്തിന്റെ നവോത്ഥാനചരിത്രത്തിൽ യേശുദാസ് എന്ന ഗായകൻ ഈ വിധത്തിലും അനശ്വരവും അതുല്യവുമായ ഇടം നേടുന്നുണ്ട്. ഒരു സിനിമാപിന്നണിഗായകൻ എന്നതിനപ്പുറം യേശുദാസ് മലയാളിസമൂഹത്തിന്റെ നവോത്ഥാനഗായകൻ കൂടിയായിത്തീരുന്നത് ഇപ്രകാരമാണ്.
(സംഗീത നിരൂപകനാണ്‌ ലേഖകൻ)

Content Highlights: KJ yesudas 60 years of cinema music Journey evergreen hits


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


K MURALEEDHARAN

1 min

ശശി തരൂരിന് സാധാരണക്കാരുമായി ബന്ധം കുറവാണ്, ഖാര്‍ഗെ യോഗ്യന്‍- കെ മുരളീധരന്‍

Oct 5, 2022

Most Commented