ചില പാട്ടുകള്‍ അങ്ങനെയാണ്, സിനിമ പരാജയപ്പെട്ടാലും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കും. കാലാതിവര്‍ത്തിയായി സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം നേടും. പറഞ്ഞു വരുന്നത് എ.ആര്‍. റഹ്‌മാന്‍, ഇസ്മായില്‍ ദര്‍ബാര്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ കിസ്‌ന എന്ന ഹിന്ദി പിരിയഡ് ഡ്രാമയിലെ ഗാനങ്ങളെക്കുറിച്ചാണ്.

സുഭാഷ് ഗായിയുടെ സംവിധാനത്തില്‍ 2005-ലാണ് കിസ്‌ന- ദ വാരിയര്‍ പോയറ്റ് പുറത്തിറങ്ങിയത്. വിവേക് ഒബ്‌റോയി, അന്റോണിയോ ബെര്‍നെത്, ഇഷ ഷര്‍വാണി, അമരീഷ് പുരി, സറീന വഹാബ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍പരാജയമാണ് ഏറ്റുവാങ്ങിയത്. 25 കോടി മുടക്കിയെങ്കിലും തിരിച്ചു പിടിക്കാനായത് വെറും 9 കോടി മാത്രമായിരുന്നു. 

തിയേറ്ററുകളിലേറ്റ ക്ഷീണം തുടക്കത്തില്‍ ഗാനങ്ങളെയും ബാധിച്ചു. എന്നാല്‍, അതിമനോഹരമായ ഈ സൃഷ്ടികളെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. അല്‍കാ യാഗ്നിക്, ഉദിത് നാരായണന്‍, മധുശ്രീ, ഹരിഹരന്‍, സുനിത സാരഥി, സുഖ്‌വിന്ദര്‍ സിംഗ്, ഇസ്മായില്‍ ദര്‍ബാര്‍, മധുശ്രീ, കൈലാഷ് ഖേര്‍, അയേഷ ദര്‍ബാര്‍ തുടങ്ങിയ പ്രതിഭകള്‍ ആലപിച്ച അതിമനോഹരമായ പത്ത് ഗാനങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

Kisna The Warrior Poet movie songs AR Rahman Ismail Darbar Vivek Oberoi Isha Sharvani subhash ghai
സുഭാഷ് ഗായ്‌

സുഭാഷ് ഗായിയുടെ സ്വപ്‌ന പദ്ധതിയായിരുന്നു ഈ ചിത്രം. ബ്രിട്ടീഷ് വനിതയുടെയും ഇന്ത്യന്‍ യുവാവിന്റെയും പ്രണയത്ത സ്വാതന്ത്ര്യ സമരകാലത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയായിരുന്നു ചിത്രത്തില്‍. പ്രണയവും കൃഷ്ണലീലയും സമന്വയിപ്പിച്ച് ഒരു മ്യൂസിക് ഡ്രാമപോലെ ഒരുക്കാനായിരുന്നു സംവിധായകന്‍ ഉദ്ദേശിച്ചത്. സുഭാഷ് ഗായിയുടെ പ്രതീക്ഷകള്‍ക്കപ്പുറം എ.ആര്‍. റഹ്‌മാനും ഇസ്മായേല്‍ ദര്‍ബാറും ചേര്‍ന്ന് ഹിന്ദുസ്ഥാനിയിലും പാശ്ചാത്യസംഗീതത്തിലും മായാജാലമൊരുക്കി.

എ.ആര്‍. റഹ്‌മാന്‍ മാത്രമായിരുന്നു തുടക്കത്തില്‍ സിനിമയുടെ ഭാഗമായിരുന്നത്. പശ്ചാത്തല സംഗീതവും നാലോളം പാട്ടുകളും ചിട്ടപ്പെടുത്തിയ ശേഷം റഹ്‌മാന്‍ ഹോളിവുഡ് ചിത്രം ലോര്‍ഡ് ഓഫ് ദ റിംഗ്‌സിന്റെ പണിപ്പുരയിലേക്ക് പ്രവേശിച്ചു. അങ്ങനെയാണ് ഇസ്മായില്‍ ദര്‍ബാര്‍ രംഗപ്രേവശം ചെയ്തത്. ഹം ദില്‍ ദേ ചുകേ സനം, ദേവദാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് ഇസ്മായില്‍ ദര്‍ബാര്‍. ആറ് മനോഹരമായ ഗാനങ്ങള്‍ കൂടി ചിട്ടപ്പെടുത്തി ഇസ്മായേല്‍ ദര്‍ബാര്‍ സൗണ്ട് ട്രാക്കുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ജാവേദ് അക്തറാണ് പാട്ടുകള്‍ രചിച്ചത്. 

സിനിമ വന്‍പരാജയമായതോടെ പാട്ടുകളും വിസ്മൃതിയിലാണ്ടുപോകുമോ എന്ന ആശങ്കയിലായിരുന്നു സംവിധായകന്‍. എന്നാല്‍ കാലക്രമേണ പാട്ടുകളെ പ്രേക്ഷകരും നിരൂപകരും ഏറ്റെടുത്തു. ബോക്‌സ് ഓഫീസ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഈ സിനിമയിലെ പാട്ടുകളുടെ 12 ലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്. സിനിമ പുറത്തിറങ്ങി 15 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കിസ്‌നയിലെ ഗാനങ്ങള്‍ക്ക് പ്രിയമേറിവരികയാണ്.

Kisna: The Warrior Poet film songs, AR Rahman, Ismail Darbar, Vivek Oberoi, Isha Sharvani, Subhash Ghai