ഴുവര്‍ഷം മുമ്പ് ബോബി ഫാരല്‍...കഴിഞ്ഞ വര്‍ഷം ജോര്‍ജ് മൈക്കല്‍...ഡിസംബറില്‍ പാടിമറഞ്ഞു പോയ പാട്ടുകാരുടെ കൂട്ടത്തിലേക്ക് ഇക്കുറി കൊറിയന്‍ പോപ്പ് സംഗീതത്തിലെ ( കെ പോപ്പ്) സൂപ്പര്‍ താരം കിം  ജോങ് ഹ്യൂണും കൂടി ചേരുമ്പോള്‍ സംഗീത  ലോകത്ത് ഡിസംബറിലെ നഷ്ടങ്ങളുടെ എണ്ണം കൂടുകയാണ്. അതെ, നഷ്ടങ്ങളുടെ മാസം കൂടിയാണ് ഡിസംബര്‍... ഷൈനീ (shinee) എന്ന കൊറിയന്‍ പോപ്പ് ബാന്‍ഡിലെ  പ്രമുഖ ഗായകനായിരുന്ന ജോങ് ഹ്യൂണിനെ ഡിസംബര്‍ 18-ന് സോളിലെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കാണുന്നത്. വൈകാതെ അദ്ദേഹം മരിക്കുകയും ചെയ്തു. വളരെ പെട്ടെന്ന് പ്രശസ്തിയിലേക്കുയര്‍ന്ന കരിയറിലെ സമ്മര്‍ദം താങ്ങാനാകാതെ വിഷാദത്തിന്റെ പിടിയിലായ ജോങ് ഹ്യൂണ്‍ ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

***    ***   ***          ***      ***    ***

1970-കളുടെ രണ്ടാം പകുതിയിലും 1980-കളിലും  പാശ്ചാത്യ സംഗീത ലോകത്തെ മുന്‍നിര ബാന്‍ഡായിരുന്ന ബോണി എമ്മിലെ ഏക പുരുഷ സ്വരമായിരുന്നു ബോബി ഫാരല്‍ . ഘന ഗംഭീരമായ ശബ്ദത്തിലൂടെയും വേദികളിലെ ചടുലമായ നൃത്തച്ചുവടുകളിലൂടെയും ആരാധകരുടെ ഹൃദയം കീഴടക്കിയവന്‍. 'റാസ്പുട്ടിനും 'ഡാഡി കൂളും' 'ഹൂറേ ഹുറേ ഇറ്റ്സ് എ ഹോളിഡേ'യുമൊക്കെ പാടിപ്പാടി  തരംഗമായി മാറിയവന്‍. 2010 ഡിസംബര്‍ 30-ലെ  തണുത്തുറഞ്ഞ ഒരു ദിവസമാണ് പാട്ടുകളെയും ആരാധകരെയും ഉപേക്ഷിച്ച് ബോബി യാത്രയായത്. റഷ്യന്‍ പര്യടനത്തിനിടെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഒരു ഹോട്ടലില്‍ ഹൃദയാഘാതം മൂലമായിരുന്നു ബോബിയുടെ മരണം. റഷ്യയിലെ വിവാദ താന്ത്രികന്‍ റാസ്പുട്ടിനെക്കുറിച്ചുള്ള ഗാനം അദ്ദേഹത്തിന്റെ വേഷഭൂഷാധികളോടെ അനശ്വരമാക്കിയ ബോബി , റാസ്പുട്ടിന്റെ മരണദിനം തന്നെയാണ് ലോകത്തോട് വിടപറഞ്ഞതെന്നും ശ്രദ്ധേയമാണ്. റഷ്യന്‍ പര്യടനത്തിനിടയില്‍ 'റാസ്പുട്ടിന്‍' അദ്ദേഹം പാടുകയും ചെയ്തു.

***       ***         ***              ***

'ലാസ്റ്റ് ക്രിസ്മസ', 'കെയര്‍ലെസ് വിസ്പര്‍' തുടങ്ങിയ ഗാനങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ 'ജോര്‍ജ് മൈക്കല്‍' യാത്രയായത് കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ്. 'വാം' (whaam) എന്ന പോപ് ബാന്‍ഡിലൂടെ 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും പാശ്ചാത്യ സംഗീതത്തില്‍ സ്വന്തം ഇരിപ്പിടം സൃഷ്ടിച്ച ഗായകനായിരുന്നു ജോര്‍ജ് മൈക്കല്‍. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു ജോര്‍ജിന്റെ മരണമെന്ന് പിന്നീട് വ്യക്തമായി.

***              ***              ***              ***

പ്രീ ഡിഗ്രിക്കാലത്താണ് പാശ്ചാത്യ സംഗീതത്തോട് ഇഷ്ടം കൂടുന്നത്. ബാംഗ്ലൂരില്‍ പഠിക്കുകയായിരുന്ന ചേട്ടന്‍ കൊണ്ടു വന്ന കാസറ്റുകളിലൂടെ ബോണി എമ്മും അബ്ബയുമൊക്കെ പരിചയമായി. പിന്നാലെ മൈക്കല്‍ ജാക്സണും സ്റ്റീവി വണ്ടറും ജോര്‍ജ് മൈക്കലുമൊക്കെയെത്തി. അക്കാലത്ത് ഓരോ വര്‍ഷത്തെയും ഗ്രാമി അവാര്‍ഡ് ഗാനങ്ങളുടെ കളക്ഷനുമായി ചേട്ടനെത്തും. അങ്ങനെ സംഗീത സാന്ദ്രമായ എത്രയോ രാപ്പകലുകള്‍.  ജോലി കിട്ടുന്നതുവരെ ഈ ഇഷ്ടം തുടര്‍ന്നു. പിന്നെ ജോലിത്തിരക്കും കുടുംബവും ഉത്തരവാദിത്വങ്ങളുമൊക്കെയായപ്പോള്‍ ഇത്തരം ഇഷ്ടങ്ങളൊക്കെ എവിടെ വച്ചോ കൈവിട്ടുപോയി.

കൊറിയന്‍ പോപ്പ് സംഗീതത്തെക്കുറിച്ച്  (കെ.പോപ്പ്) ആദ്യം നെറ്റില്‍ തിരയുന്നത് ജോലിയുമായി ബന്ധപ്പെട്ടാണ്. 2014-ല്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന പതിനേഴാമത് ഏഷ്യന്‍ ഗെയിംസ്  മാതൃഭൂമിക്കായി കവര്‍ ചെയ്യാനുള്ള  അവസരം ലഭിച്ചു. ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ദക്ഷിണ കൊറിയന്‍ സംഗീത മേഖലയില്‍ നിന്ന് സൈയും (നമ്മുടെ ഗന്നം സ്‌റ്റൈല്‍ ഫെയിം) പോപ് ബാന്‍ഡായ ജെ.വൈ.ജെയും പാടുന്നുണ്ട്. ഇവരെക്കുറിച്ച് തിരയുന്നതിനിടയിലാണ് കൊറിയന്‍ പോപ്പ് സംഗീതത്തിലെ മറ്റൊരു പ്രശസ്ത ബാന്‍ഡായ 'ഷൈനീ' (shinee)യെക്കുറിച്ചും കിം ഹോംജ്യൂണിനെയുമൊക്കെ പരിചയപ്പെടുന്നത്. ഏഷ്യന്‍ ഗെയിംസ് കവര്‍ ചെയ്യുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കെ. പോപ്പും മനസ്സില്‍ കയറിക്കൂടി. യു ട്യൂബില്‍ ഇവരുടെയൊക്കെ പ്രകടനം പലതവണ കണ്ടു.

2014 സെപ്റ്റംബര്‍ 17-ന് വൈകുന്നേരം ഇഞ്ചിയോണിലെ മുഖ്യസ്റ്റേഡിയത്തില്‍ ഏഷ്യന്‍ ഗെയിംസിന് തിരിതെളിഞ്ഞു. ലോകത്തെ മുഴുവന്‍ ചുവടുവെപ്പിച്ച സൈയുടെ 'ഗന്നം സ്‌റ്റൈല്‍' വൈകാതെ ലൈവായി കണ്ടു. പിന്നാലെ ജെ.വൈ.ജെയുടെ പ്രകടനവും കണ്ടു. ഷൈനീയുടെയോ കിം ജോങ് ഹ്യൂണിന്റെയോ പ്രകടനം നേരിട്ട് കാണാനുള്ള അവസരമുണ്ടായില്ല. മീഡിയ വില്ലേജിലെ റൂമില്‍ പൊതുവായുള്ള ടി.വി. ഓണ്‍ ചെയ്യുമ്പോള്‍ ഇടയ്ക്കിടെ ഷൈനിയും കിം ജോങ് ഹ്യൂണുമൊക്കെ മിന്നിമറഞ്ഞത് ഓര്‍മയുണ്ട്.

***               ***              ***            ***

ദക്ഷിണ കൊറിയയെയും കൊറിയക്കാരെയുമൊക്കെ ഇഷ്ടമായതുകൊണ്ട് ഇടയ്ക്കിടെ അവിടുത്തെ വിവരങ്ങള്‍ അറിയാന്‍ നെറ്റില്‍ പരതുന്നൊരു ശീലമുണ്ട്. അങ്ങനെ ഡിസംബര്‍ 18-ന് വൈകുന്നേരം തിരയുമ്പോഴാണ് കിം ജോങ് ഹ്യൂണിന്റെ മരണ വാര്‍ത്ത അറിയുന്നത്. ഡിസംബറിന്റെ മറ്റൊരു നഷ്ടം കൂടി.