വരാഹരൂപമില്ലാതെ എന്ത് കാന്താര?; ഒ.ടി.ടിയിൽ വന്നതോടെ ചർച്ച കൊഴുക്കുന്നു


സ്വന്തം ലേഖിക

കാന്താര

നിഗൂഢമായ വനം, ആ വനം ജീവിതത്തിന്റെ ഒരു ഭാഗമായ ജനത, വനത്തോട് ബന്ധപ്പെട്ടുകിടക്കുന്ന അവരുടെ ആചാരാനുഷ്ഠാനങ്ങള്‍, ദൈവിക സങ്ക്‌ലപങ്ങള്‍.. പരിസ്ഥിതിയും മനുഷ്യനും തമ്മിലുളള അഭേദ്യമായ ബന്ധത്തെ വിശ്വാസങ്ങളുമായി ഇഴചേര്‍ത്ത് നെയ്‌തെടുത്ത ചിത്രം.. 'കാന്താര'യ്ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. പക്ഷേ, 'കാന്താര'യ്ക്ക് ആത്മാവ് ഒന്നേ ഉണ്ടായിരുന്നുളളൂ അത് വരാഹരൂപമായിരുന്നു. കാത്തിരുന്ന 'കാന്താര' ഒ.ടി.ടിയില്‍ എത്തുമ്പോഴും ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം അതുതന്നെയാണ്.. 'വരാഹരൂപമില്ലാതെ എന്ത് കാന്താര?'

'കാന്താര'യുടെ ആത്മാവായിരുന്നു വരാഹരൂപം, വരാഹരൂപമില്ലാത്ത 'കാന്താര' ശരാശരിയില്‍ താഴെയുളള പടം മാത്രമായി തീര്‍ന്നിരിക്കുന്നു, പ്രൈമിലെ 'കാന്താര' നിങ്ങളെ നിരാശപ്പെടുത്തും തുടങ്ങിയ ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. ഒറിജിനലിന് പണം കൊടുത്ത് ചിത്രത്തില്‍ ഗാനം ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്നവരും കുറവല്ല.

വരാഹരൂപത്തില്‍ ആളിക്കത്തിയ വിവാദം

ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം മലായളത്തിലെ സംഗീതബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനത്തിന്റെ കോപ്പിയടിയാണെന്ന് ഗാനം തരംഗമായതോടെ തന്നെ ചിലര്‍ ആരോപണമുന്നയിച്ചിരുന്നു. ഇത് ശരിവെച്ചുകൊണ്ട് ഗായകന്‍ ശിവരാമകൃഷ്ണന്‍ രംഗത്തെത്തിയതോടെയാണ് വിവാദം കനക്കുന്നത്.

'വരാഹരൂപം' തൊണ്ണൂറുശതമാനവും തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനത്തിന്റെ ഓര്‍ക്കസ്ട്രല്‍ അറേഞ്ച്മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണെന്നാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും കോപ്പിയാണെന്ന് നല്ല ഉറപ്പുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

തൊട്ടുപിറകേ തങ്ങളുടെ ഗാനം കോപ്പിയടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി തൈക്കുടവും രംഗത്തെത്തി. ആരാധകരുടെ പിന്തുണ ആവശ്യപ്പെട്ട് രംഗത്തെത്തിയ തൈക്കുടം പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് വ്യക്തമാക്കി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവിച്ചു.

സംഗീത സംവിധായകന്‍ ബിജിപാലും വിവാദത്തില്‍ ശക്തമായി പ്രതികരിച്ചു. 'സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവര്‍ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്‌കൃതത്തില്‍ പറഞ്ഞാല്‍ മതിയല്ലോ' എന്നായിരുന്നു ബിജിബാലിന്റെ കുറിപ്പ്.

'2016-ല്‍ മാതൃഭൂമി ലോഞ്ച് ചെയ്ത ആല്‍ബമാണ് നവരസം. കാന്താരയിലെ പാട്ട് റിലീസായ പിറ്റേന്ന് തന്നെ കര്‍ണാടകയിലെ മ്യൂസിക് ഫ്രറ്റേണിറ്റിയിലുള്ള സംഗീതഞ്ജരും ആരാധകരും വിളിച്ച് പാട്ടിനെ കുറിച്ച് പറഞ്ഞിരുന്നു. നമ്മളാണോ ചെയ്തത് എന്ന് ചോദിച്ചും ക്രെഡിറ്റ്സിലൊന്നും പേരു കണ്ടില്ല നിങ്ങളുടെ പാട്ട് തന്നെയാണെന്ന് പറഞ്ഞുമെല്ലാം ഒരുപാട് പേര്‍ വിളിച്ചു. വീഡിയോയിലും വലിയ സാമ്യമുണ്ട്. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയില്‍പെടുന്നത്. സാധാരണ നമ്മുടെ പാട്ടുകള്‍ ഒരു തേര്‍ഡ് പാര്‍ട്ടി എടുക്കുമ്പോള്‍ അവര് നമ്മളെ ബന്ധപ്പെട്ട് കോപ്പിറൈറ്റ് എടുക്കുകയും പെയ്മെന്റ് നല്‍കുകയും ചെയ്യും.

ഇതിനു മുമ്പ് പല പാട്ടുകളും അങ്ങനെ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ പാട്ടിന്റെ കാര്യത്തില്‍ നമ്മള്‍ ഒന്നും അറിഞ്ഞിട്ടില്ല. 'കാന്താര'യുടെ സംഗീത സംവിധായകന്റെ ഒരു ഇന്റര്‍വ്യൂവില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ രാഗം ഒന്നായതുകൊണ്ട് സാമ്യം തോന്നുന്നതാണെന്നും ഇന്‍സ്പിരേഷനേ ഉള്ളൂ എന്നുമാണ് പറയുന്നത്. എന്നാല്‍, ഇവിടെ ഇന്‍സ്പിരേഷനല്ല പ്ലേജറിസമാണ് നടന്നിരിക്കുന്നത്. തൈക്കൂടത്തിന്റെ പാട്ട് അതേപടി കോപ്പിയടിക്കുകയാണ് ചെയ്തിരിക്കുന്നത്.തൈക്കൂടം ബ്രിഡ്ജിന് കിട്ടേണ്ട ക്രെഡിറ്റ്സ് കൃത്യമായി കിട്ടണം. പാട്ട് കോപ്പിയടിച്ചതാണെന്ന് അംഗീകരിക്കണം. അതിനു തയ്യാറായില്ലെങ്കില്‍ നിയമത്തിന്റെ വഴി സ്വീകരിക്കും' തൈക്കുടം ബ്രിഡ്ജ് മാനേജര്‍ സുജിത് ഉണ്ണിത്താന്‍ കോപ്പിയടി വിവാദത്തോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

എന്നാല്‍ ഈ വാദങ്ങളെയെല്ലാം കാന്താര ടീം നിഷേധിച്ചു. നവരസയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുവെന്ന് അംഗീകരിച്ച അവര്‍ ഗാനം കോപ്പിയടിച്ചില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതാണ് കണ്ടത്. ഗാനം കോപ്പിയടിയല്ല ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്ന് കാന്താരയുടെ സംഗീതസംവിധായകന്‍ ബി.അജനീഷ് ലോക്‌നാഥും പ്രതികരിച്ചു. ഇതോടെ നിയമനടപടികളിലേക്ക് തൈക്കുടം കടന്നു.

നവരസ

മാതൃഭൂമി മ്യൂസിക്കിന് വേണ്ടിയാണ് തൈക്കുടം ബ്രിഡ്ജ് നവരസ ഒരുക്കുന്നത്. 2016-ലാണ് മാതൃഭൂമി ഗാനം ലോഞ്ച് ചെയ്യുന്നത്. വിപിന്‍ ലാല്‍ ആലപിച്ച നവരസയുടെ ലിറിക്‌സ് ധന്യസുരേഷിന്റേതായിരുന്നു.

കോടതി ഇടപെടുന്നു

'കാന്താര'യിലെ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ലെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമുകളായ ആമസോണ്‍, യൂട്യൂബ്, സ്പോട്ടിഫൈ, വിങ്ക്, ജിയോസാവന്‍ എന്നിവയെയാണ് ഈ ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയത്. ഫെയ്സ്ബുക്ക് പേജിലൂടെ തൈക്കുടം ബ്രിഡ്ജാണ് ഈ വാര്‍ത്ത പങ്കുവെച്ചത്. ഒപ്പം നിന്ന എല്ലാവര്‍ക്കും തൈക്കുടം നന്ദി പറഞ്ഞു.

പക്ഷേ, കോടതി ഉത്തരവ് വന്നിട്ടും ഗാനം പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ബൗദ്ധിക അവകാശം ഉന്നയിച്ച തൈക്കുടം ബ്രിഡ്ജും പകര്‍പ്പവകാശം ഉളള മാതൃഭൂമി മ്യൂസിക്കും തീരുമാനിച്ചു. തുടര്‍ന്നാണ് പാലക്കാട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയെ മാതൃഭൂമി സമീപിക്കുന്നത്. വരാഹരൂപം തിയേറ്ററിലും ഒടിടിയിലും യുട്യൂബിലും പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുളള വിധി മാതൃഭൂമി സ്വന്തമാക്കി.

ഇതിനിടെ ഗാനം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് തിയേറ്ററുകളോടും ഡിജിറ്റല്‍ മാധ്യമങ്ങളോടും 'കാന്താര'യുടെ അണിയറ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

നിയമനടപടികളിലേക്ക് ഹോംബാലെ ഫിലിംസും

'വരാഹരൂപം' ഗാനം ഉള്‍പ്പെടുത്തി 'കാന്താര' എന്നസിനിമ ഒ.ടി.ടി.യിലടക്കം പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയ കോഴിക്കോട് ജില്ലാ കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യംചെയ്ത് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഹൈക്കോടതി ഈ ഹര്‍ജി തളളുകയാണ് ഉണ്ടായത്. കീഴ്‌കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നിരിക്കെ എന്തിനാണ് ഹൈക്കോടതിയിലേക്ക് നേരിട്ടെത്തിയത് എന്നു മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് അഭിപ്രായപ്പെട്ടു.

ഹര്‍ജിക്കാര്‍ക്ക് അവരുടെ വാദങ്ങള്‍ കീഴ്‌കോടതിയില്‍ ഉന്നയിക്കാമെന്നും കോടതി നിര്‍ദേശിച്ചു. മാതൃഭൂമിയെയും തൈക്കുടം ബ്രിഡ്ജിനെയുമടക്കം എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി ഫയല്‍ചെയ്തത്. കോപ്പിറൈറ്റ് ആക്ടിന്റെ പരിധിയില്‍വരുന്നതിനാല്‍ കോഴിക്കോട് ജില്ലാ കോടതിക്ക് ഹര്‍ജി പരിഗണിക്കാനാകില്ലെന്നതടക്കമുള്ള വാദങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. തൈക്കുടം ബ്രിഡ്ജിന് കേസ് ഫയല്‍ ചെയ്യാനാകില്ലെന്ന വാദവും അവര്‍ ഉന്നയിച്ചിരുന്നു.

കന്നഡയിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച വിജയമായാണ് 'കാന്താര'യെ കണക്കാക്കുന്നത്. ബോക്‌സ് ഓഫീസില്‍ 400 കോടി ക്ലബില്‍ ഇടംപിടിച്ച ചിത്രം കേരളത്തില്‍നിന്ന് നേടിയത് 19 കോടിയാണ്. 'കാന്താര'യെ മലയാളത്തില്‍ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ചിത്രത്തിന്റെ ഹിന്ദിപതിപ്പും വലിയ ബോക്‌സ് ഓഫീസ് നേട്ടമാണ് കരസ്ഥമാക്കിയത്. പക്ഷേ, 'കാന്താര'യുടെ ഒടിടി പ്രദര്‍ശനത്തിന് കാത്തിരുന്ന ആരാധകരെല്ലാം നിരാശരാണ്. വരാഹരൂപമില്ലാതെ എന്ത് കാന്താര എന്നാണ് അവര്‍ ആവര്‍ത്തിക്കുന്ന ചോദ്യം.

Content Highlights: Kanthara is lacking its soul-the original Varaha Roopam, audience disappointed with the OTT version


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented