മകന്‍ ഇല്‍ഹാന്‍ അര്‍ഷാഖിന് വേണ്ടി കണ്ണേ കണ്‍മണിയേ... എന്ന ഗാനമാലപിച്ച് ഗായകന്‍ നജീം അര്‍ഷാദും ഭാര്യ തസ്‌നി നജീമും. ഇല്ലു എന്ന് വിളിക്കുന്ന ഇല്‍ഹാന് വേണ്ടി മനോഹരമായ ഗാനം ഈണമിട്ടത് നജീം അര്‍ഷാദ് തന്നെയാണ്. തന്റെ മകന് എന്നും ഓര്‍ത്തു വെക്കാവുന്ന ചെറിയ സ്‌നേഹസമ്മാനമാണ് ഗാനമെന്ന് നജീം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. നജീമും തസ്‌നിയും ഇല്ലുവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന മ്യൂസിക് വീഡിയോ നജീമിന്റെ യൂട്യൂബ് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അരുണ്‍ ആലാട്ടാണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സച്ചു സുരേന്ദ്രനാണ് വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. എഡിറ്റിങ്ങും സച്ചു സുരേന്ദ്രന്റേതാണ്. നജീമും തസ്‌നിയും മകനും ചേര്‍ന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയത് ദാസ്. കെ. മോഹനാണ്. സജീം നൗഷാദ് മിക്‌സിങ്ങും ജോനാഥന്‍ ജോസഫ് മാസ്റ്ററിങ്ങും നിര്‍വഹിച്ചിരിക്കുന്നു. മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്ന പാട്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധേയമായിക്കവിഞ്ഞു. ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നജീം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നന്ദിയറിയിച്ചിട്ടുണ്ട്. 

 

Content Highlights: Kanne Kanmaniye Music Video Najim Arshad dedicates song for his son Ilhan Arshaq