സണ്ണി ലിയോൺ വേഷമിട്ട രാ​ഗിണി എംഎംഎസ് 2 എന്ന ചിത്രത്തിലെ ബേബി ഡോൾ എന്ന ​ഗാനം ഹിറ്റ് ചാർ‌ട്ടുകളിൽ ഇടം പിടിച്ച ഒന്നാണ്. ​ഗാനം ആലപിച്ച കനിക കപൂറിന്റെ കരിയറിൽ ബ്രേക്ക് നൽകിയതും ബേബി ഡോൾ ആണ്. പാട്ട് ഹിറ്റാ‌യതോടെ ബേബി ഡോൾ ഗായിക എന്ന പേരിലാണ് കനിക കപൂർ‌ അറിയപ്പെടുന്നത് തന്നെ. 

എന്നാൽ ഈ ​ഗാനം പാടിയത് പ്രതികാര ബുദ്ധിയോടെയായിരുന്നുവെന്ന് തുറന്ന് പറയുകയാണ് കനിക. സ്വകാര്യ ജീവിതത്തിൽ ഏറെ വിഷമതകൾ അനുഭവിക്കുന്നതിനിടയിലാണ് ഈ ഹിറ്റ് നമ്പർ പാടിത്തീർത്തതെന്ന് ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ കനിക വ്യക്തമാക്കി. 

"ജീവിതത്തിൽ ഏറെ മനോവിഷമങ്ങളിൽക്കൂടി കടന്നു പോകുന്ന സമയത്താണ് ‘ബേബി ഡോൾ’ ഗാനം ആലപിക്കാനുള്ള അവസരം എന്നെത്തേടിയെത്തുന്നത്. വ്യക്തിജീവിതത്തിലെ ജയപരാജയങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴാണ് ഈ ​ഗാനം പാടാനുള്ള അവസരം എന്നെ തേടി വരുന്നത്. പാട്ടിലെ ഒരു വരി ഇങ്ങനെയായിരുന്നു ഈ ലോകം പിച്ചളകൊണ്ടാണ് നിർമിച്ചിരിക്കുന്നത്, എന്നെ സ്വർണം കൊണ്ടും.. ആ വാക്കുകളുടെ അർഥം അറിഞ്ഞതും ഞാൻ പ്രതികാരചിന്തയോടെയാണ് അത് പാടിത്തീർത്തത്. സങ്കടകരമായ കാര്യമാണത്. പക്ഷേ എന്റെ മുഴുവൻ ഹൃദയവും നൽകിയാണ് ഞാൻ അത് പാടിയത്. ആളുകൾ അതേറ്റെടുക്കുകയും ചെയ്തു". കനിക പറയുന്നു

കുമാറിന്റെ വരികൾക്ക് മീറ്റ് ബ്രോസ് അഞ്ചാൻ ആണ് സം​ഗീത സംവിധാനം ചെയ്തത്.. മീറ്റ് ബ്രോസ് കനികയ്ക്കൊപ്പം ആലാപനത്തിലും പങ്കു ചേർന്നിട്ടുണ്ട്. 

Content Highlights : Kanika Kapoor about baby doll song sunny leone movie Ragini MMS2