ബോളിവുഡ് താരം കങ്കണ റണാവത്ത് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയായി വേഷമിടുന്ന 'തലൈവി'യിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. ചലി ചലി എന്ന് തുടങ്ങുന്ന ​ഗാനം ജയലളിതയുടെ സിനിമയിലെ സുവർണദിനങ്ങളെയാണ് വരച്ചിടുന്നത്. ഇർഷാദ് കാമിലിന്റെ വരികൾക്ക് ജി.വി പ്രകാശ് കുമാർ സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് സൈന്ധവി പ്രകാശ് ആണ്.

വെള്ളിത്തിരയിൽ ജയലളിത തിളങ്ങി നിന്ന കാലഘട്ടത്തെയാണ് ​ഗാനത്തിലൂടെ ദൃശ്യവത്‌കരിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ സൂപ്പർനായികയായി തിളങ്ങിയ താരമാണ് ജയലളിത.

എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എം.ജി.ആറായി അരവിന്ദ് സ്വാമിയെത്തുമ്പോൾ ശശികലയായി വേഷമിടുന്നത് മലയാളി നടി ഷംന കാസിമാണ്.

ഏപ്രിൽ 23 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാഹുബലിക്കും മണികർണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആർ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് നിർമാണം. ജി വി പ്രകാശ് കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിംഗ് ആന്റണിയും ആക്ഷൻ ഡയറക്ടർ സിൽവയുമാണ്.

Content Highlights : Kangana Ranaut Movie Thalaivi Chali Chali Song Jayalalitha ALVijay GV Prakash Kumar Saindhavi