വേറിട്ട ശബ്ദംകൊണ്ട് മലയാളികളുടെ മനം കവര്‍ന്ന കമുകറ പുരുഷോത്തമന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ കേശവപുരമെന്ന നാട്ടിലും സംഗീതമായൊഴുകുന്നു. കമുകറ പുരുഷോത്തമന്‍ ജനിച്ച തിരുവട്ടാറും 65 വയസ്സുവരെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്കു സാക്ഷിയായ കേശവപുരവും ഇന്ന് കന്യാകുമാരി ജില്ലയിലാണ്.
പള്ളിയാടിക്കടുത്തുള്ള പേരുകേട്ട കുടുംബമായിരുന്നു കമുകറ. കമുകറവീട്ടിലെ അധ്യാപക ദമ്പതിമാരായ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ് പുരുഷോത്തമന്‍.

തിരുവിതാംകൂര്‍ രാജാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന പരമേശ്വരക്കുറുപ്പ്, രാജാവിന്റെ ആഗ്രഹപ്രകാരം ആദികേശവ ക്ഷേത്രത്തിനരികിലേക്ക് താമസം മാറ്റി. തിരുവട്ടാറിലെ വീട്ടിലായിരുന്നു പുരുഷോത്തമന്റെ ജനനം. പിന്നീട് രാജാവുതന്നെ പരമേശ്വരക്കുറുപ്പിന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള കേശവപുരത്ത് താമസിക്കാന്‍ നാലുകെട്ട് ഒരുക്കിക്കൊടുത്തു.

കമുകറ പുരുഷോത്തമന്‍ വളര്‍ന്നതും അവസാനനാളുവരെ ജീവിച്ചതും കേശവപുരത്തുള്ള വീട്ടിലാണ്. ആദികേശവന്റെ നാമത്തില്‍ അറിയപ്പെടുന്ന കേശവപുരത്ത് കമുകറക്കാര്‍ക്കായി രാജാവ് നല്‍കിയ വീട്ടിലെ തെക്കതുമാത്രമാണ് ഇപ്പോഴുള്ളത്. പരമേശ്വരക്കുറുപ്പ് പണിയിച്ച രണ്ടുവീടുകളില്‍ ഒന്നാണ് കമുകറ പുരുഷോത്തമന്‍ ഉപയോഗിച്ചിരുന്നത്. ഈ വീട് ഇടയ്ക്ക് നവീകരിച്ചെങ്കിലും പഴമ നിലനിര്‍ത്തി.

ഭാര്യ രമണി, മൂത്തമകള്‍ ശ്രീകലക്കൊപ്പം ശാസ്തമംഗലം പൈപ്പിന്‍മൂട് സ്വാതിനഗറിലാണ് താമസം. മാസംതോറും ഇവര്‍ കുടുംബമായി വീട്ടിലെത്തും. കുടുംബക്ഷേത്രത്തില്‍ മുറതെറ്റാതെ വിളക്കു തെളിയിക്കും. ഇളയമകള്‍ ശ്രീലേഖയും മിക്കവാറും ഇവരോടൊപ്പം എത്തും.

മുഞ്ചിറ പള്ളിവിളാകം വീട്ടില്‍ ജനാര്‍ദ്ദനന്‍ പിള്ളയുടെയും ഈശ്വരിപ്പിള്ളയുടെയും മകളാണ് രമണി. പരമേശ്വരക്കുറുപ്പ് സ്ഥാപിച്ച തിരുവട്ടാര്‍ സ്‌കൂളില്‍ പുരുഷോത്തമന്‍ അധ്യാപകനായിരിക്കുമ്പോള്‍ രമണി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. തിരുവട്ടാറിനടുത്ത് പുത്തന്‍കടയിലുള്ള സ്‌കൂള്‍ 1982ല്‍ മറ്റൊരു മാനേജ്‌മെന്റിനു കൈമാറി.
1995 മെയ് 26ന് തിരുവനന്തപുരത്തേക്കുള്ള കാര്‍ യാത്രയ്ക്കിടെ മാര്‍ത്താണ്ഡത്തുവെച്ചാണ് പ്രിയഗായകന്‍ നാടിനോട് വിടപറഞ്ഞത്.