കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ നടൻ കമൽഹാസൻ തയ്യാറാക്കിയ ബോധവത്കരണ ഗാനം ശ്രദ്ധേയമാവുന്നു. ‘അറിവും അൻപും’ എന്ന ഗാനം സമൂഹനന്മ ലക്ഷ്യമിട്ടാണ് ഒരുക്കിയത്.  വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം, പ്രതിസന്ധികൾ അതിജീവിച്ചു മുന്നോട്ടുനീങ്ങാനുള്ള സന്ദേശം എന്നിവ പകർന്നുനൽകുന്ന ഗാനത്തിന്റെ രചന നിർവഹിച്ചത് കമൽഹാസനാണ്. ക്രിയേറ്റീവ് ഡയറക്ടറും അദ്ദേഹംതന്നെ.

സംഗീതം ഗിബ്രാന്റേതാണ്. പാട്ടെഴുതാൻ മൂന്നുദിവസം സാവകാശം ചോദിച്ച കമൽഹാസൻ മൂന്നുമണിക്കൂറിനകം രചന പൂർത്തീകരിച്ചെന്ന് ഗിബ്രാൻ പറയുന്നു. കമൽഹാസനൊപ്പം ശ്രുതി ഹാസൻ, ശങ്കർ മഹാദേവൻ, ബോംബെ ജയശ്രീ, സിദ്ധ് ശ്രീറാം അനിരുദ്ധ് രവിചന്ദർ, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ് തുടങ്ങി 29 പേർ പാടിയിട്ടുണ്ട്.

ഗായകർ സ്വന്തം വീടുകളിലിരുന്നാണ് പാടിയത്. ലിഡിയന്റെ പിയാനോ വാദനത്തോടെയാണ് ഗാനം തുടങ്ങുന്നത്.  കൊറോണക്കാലത്ത് ജനങ്ങൾ അനുഭവിക്കുന്ന ദുരിത ജീവിതത്തിന്റെ ദൃശ്യങ്ങളും പാട്ടിനൊപ്പമുണ്ട്. അഞ്ചു മിനിറ്റും 15 സെക്കൻഡുമാണ് ദൈർഘ്യം. വ്യാഴാഴ്ച പുറത്തിറക്കിയ ഗാനം സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

Content Highlights: Kamal Haasan Directs hope Song during corona Covid-19 Crisis, Bombay Jayasree, Sruthi Haasan, Andria, Lidiyan Nanaswaram, Anirudh Ravichander, Sid Sriram, Yuvan Shankar Raja, Devisree, Shankar Mahadevan, Actor Sidharth