കോവിഡിനെതിരേ മ്യൂസിക് വീഡിയോ ഒരുക്കിയ കേരള പോലീസിനെ അഭിനന്ദിച്ച് നടൻ കമൽഹാസൻ. കൊച്ചി സിറ്റി പോലീസാണ് 'നിർഭയം' എന്ന പേരിൽ മ്യൂസിക് വീഡിയോ ഇറക്കിയത്. കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ വെള്ളിയാഴ്ച വൈകീട്ടാണ് റീലീസ് ചെയ്തത്. വളരെ പെട്ടന്ന് തന്നെ മ്യൂസിക് വീഡിയോ വെെറലായി.

''ഗംഭീരം..  പാടുന്നത് കാക്കിയിട്ട ആളാണ് എന്നത് വളരെ സന്തോഷം പകരുന്നു. ഇത്തരം ആശയങ്ങളുമായി വന്നതിന്​ പൊലീസ്​ സേനയിലെ ഉന്നതരെ ഞാൻ അഭിനന്ദിക്കുന്നു. എന്റെ സല്യൂട്ട്''​- കമൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലാണ് കേരള പൊലീസിനെ കമല്‍ഹാസൻ അഭിനന്ദിച്ചത്.

കമൽ ഹാസന് നന്ദി പറഞ്ഞ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചു. കമല്‍ ഹാസന്റെ സന്ദേശം കേരള പൊലീസിലെ ഓരോരുത്തർക്കും ആത്മവിശ്വാസം പകരുന്നതാണെന്ന് ബെഹ്‌റ കുറിച്ചു. ബെഹ്‌റയുടെ കത്ത് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ചിട്ടുണ്ട്.

കോവിഡിനെതിരെയുള്ള ഈ മ്യൂസിക് വീഡിയോ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തിൽ പിറന്നതാണ്. കൊച്ചി മെട്രോ പോലീസ് സി. ഐ അനന്തലാലും സംഘവുമാണ് വീഡിയോ ഒരുക്കിത്. മ്യൂസിക് വീഡിയോയുടെ സംവിധാനവും ആലാപനവും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഗായകരായി നജീം അർഷാദും സംഘവും കൂടെയുണ്ട്. സിനിമാഗാനരചയതാവും തലശേരി ബ്രണ്ണൻ കോളജിൽ പ്രൊഫസറുമായ ഡോ. മധു വാസുദേവന്റേതാണ് വരികൾ. മ്യൂസിക് ഋത്വിക് എസ് ചന്ദ് നിർവഹിച്ചിരിക്കുന്നു.

പ്രളയകാലത്തെ വർഷതാണ്ഡവങ്ങളുടെ മുന്നിലും നിപ്പ വൈറസിന്റെ ഭീകരതയ്ക്കു മുന്നിലും തോൽക്കാത്ത നമ്മൾ ഇന്ന് കോവിഡിനു മുന്നിലും തോൽക്കുകയില്ല, തോൽക്കുവാൻ പിറന്നതല്ല നമ്മൾ എന്ന് ഗാനം നമ്മെ ഓർമിപ്പിക്കുന്നു. നിർഭയത്തിന്റെ വരികളും സംഗീതവും ആലാപനവും ദൃശ്യാവിഷ്‌കാരവും ആവേശമുണർത്തുന്നതാണ്. പോലീസിന്റെ കരുതലുള്ള കാവലും അത് കാണിച്ചുതരുന്നു. 

Content Highlights: Kamal Haasan congratulates Kerala police for Covid 19 awareness music video, Corona Out Break