മിഴകം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച രണ്ട് പ്രതിഭകളാണ് നടൻ കമൽ ഹാസനും എ.ആർ റഹ്മാനും. കോവിഡ് ഭീതിയിൽ സിനിമാലോകം സ്തംഭിച്ചിരിക്കുന്ന ഈ അവസരത്തിൽ ആരാധകര്‍ക്കായി ഒരുമിച്ച് ലെെവിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇരുവരും. കമല്‍ഹാസന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ലൈവ് ചെയ്തിരിക്കുന്നത്. 

ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ലൈവില്‍ അഭിനയം, സം​ഗീതം, ജീവിതം, തുടങ്ങി നിരവധി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്തു. കമൽ ഹാസന്റെ ഇന്ത്യൻ, തെനാലി എന്നീ ചിത്രങ്ങൾക്കും വേണ്ടി റഹ്മാൻ സം​ഗീതം ഒരുക്കിയിട്ടുണ്ട്. ഈ ഓർമകൾ പങ്കുവയ്ക്കുന്നതിനിടെ കമൽ ഒരു വെളിപ്പെടുത്തൽ നടത്തി. ഇളയരാജയുടെ കടുത്ത ആരാധകനായിരുന്ന തനിക്ക് എ.ആർ റഹ്മാന്റെ സം​ഗീതം മനസ്സിലാകാൻ കുറച്ചു നാളുകൾ വേണ്ടിവന്നുവെന്ന് കമൽ പറ‍ഞ്ഞു.

ഇന്ത്യന് വേണ്ടി റഹ്മാൻ ചിട്ടപ്പെടുത്തിയ ഒരു ​ഗാനം തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും, അത് താൻ സംവിധായകൻ ശങ്കറിനോട് തുറന്ന് പറഞ്ഞുവെന്നും കമൽ ലെെവിനിടെ പറഞ്ഞു. 'ഇന്ത്യനിലെ കപ്പലേറി പോയാച്ച് എന്ന പാട്ട് എനിക്ക് ഇഷ്ടമായില്ല. അതെക്കുറിച്ചുള്ള അതൃപ്തി അപ്പോൾ തന്നെ ഞാൻ ശങ്കറിനോട് പറഞ്ഞു. ശങ്കർ വഴങ്ങിയില്ല. എന്നാൽ അവസാന ഔട്ട് പുട്ട് പുറത്തിറങ്ങിയപ്പോൾ എന്റെ അഭിപ്രായം മാറി'- കമൽ പറഞ്ഞു.

കോവിഡ് ഭീതി വിട്ടൊഴിഞ്ഞ് ജനജീവിതം സാധാരണ പടിയാകുന്ന അവസരത്തിൽ എ.ആർ റഹ്മാനൊപ്പം ഒരു ചിത്രം ചെയ്യുമെന്നും കമൽ ആരാധകരോട് പറഞ്ഞു.

Content Highlights: Kamal Haasan AR Rahman Instagram Live actor Revelas he didn't like Indian song, kappaleri poyachu