ചെന്നൈ: ഭാവാത്മകതയും സ്വരമാധുരിയും ഇഴുകിച്ചേര്‍ന്ന മികച്ച ഗായികയെയാണ് കല്യാണി മേനോന്റെ വിയോഗത്തിലൂടെ നഷ്ടമായത്. പ്രിയഗുരുവായ ദക്ഷിണാമൂര്‍ത്തിയുടെ ഓര്‍മദിനത്തിലാണ് കല്യാണി മേനോന്റെ വിടവാങ്ങല്‍. അവസരങ്ങള്‍ക്കായി അവര്‍ ആരെയും സമീപിച്ചിരുന്നില്ല. തന്നെ തേടിയെത്തിയ ഗാനങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചു. ആത്മാര്‍പ്പണത്തോടെ പാടി.

മലയാളത്തില്‍ കൂടുതല്‍ പാടണമെന്ന് എപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, മലയാളത്തില്‍ പാടാന്‍ കൊതിച്ചുനടന്ന അവര്‍ക്ക് അവഗണനകളായിരുന്നു കൂടുതല്‍. തമിഴില്‍ അതായിരുന്നില്ല സ്ഥിതി. ഇളയരാജയെയും എ.ആര്‍. റഹ്മാനെയും പോലുള്ള പ്രമുഖരും അവരുടെ ആലാപനവൈഭവം മനസ്സിലാക്കി പാട്ടുകള്‍ നല്‍കി. സിനിമകളില്‍ മാത്രമല്ല, പരസ്യചിത്രങ്ങള്‍ക്കും റഹ്മാന്‍ അവര്‍ക്ക് അവസരം നല്‍കി.

കര്‍ണാടകസംഗീത പഠനസമയത്ത് സിനിമയില്‍ പാടണമെന്ന മോഹമുണ്ടായിരുന്നില്ല അവര്‍ക്ക്. കുട്ടിക്കാലത്ത് സംഗീതഭൂഷണം എം.ആര്‍. ശിവരാമന്‍ നടത്തിയിരുന്ന സംഗീതകലാലയത്തിലെ ആദ്യനാളുകളില്‍ യേശുദാസ് സഹപാഠിയായിരുന്നു. അതാണ് വഴിത്തിരിവായത്. ആ ബന്ധമാണ് സിനിമയില്‍ അവസരമൊരുക്കിയത്. നേവി ഓഫീസര്‍ കെ.കെ. മേനോനുമായുള്ള വിവാഹശേഷം അവര്‍ മുംബൈയില്‍ താമസമാക്കി. അവിടെ യേശുദാസുമൊത്ത് സംഗീതപരിപാടി അവതരിപ്പിക്കാന്‍ അവസരമുണ്ടായി.

അടുത്തദിവസം ഫ്‌ളാറ്റിലേക്ക് സുഹൃത്തിനൊപ്പം ഒരു നിര്‍മാതാവ് എത്തിയതോടെ അവരുടെ വഴികള്‍ മാറുകയായിരുന്നു. പാട്ടിനോട് വലിയ ഭ്രമമുള്ള ആളെ ഭര്‍ത്താവായി ലഭിച്ചു എന്നതും അവര്‍ക്ക് ഗുണകരമായി.

ആദ്യ സിനിമാഗാനം ചെന്നൈയില്‍വെച്ചാണ് റെക്കോഡ് ചെയ്തത്. ദക്ഷിണാമൂര്‍ത്തിയായിരുന്നു സംഗീതസംവിധായകന്‍. കല്യാണി മേനോന്റെ ആലാപനവൈഭവം മനസ്സിലാക്കിയ അദ്ദേഹം ചെന്നൈയില്‍ സ്ഥിരതാമസമാക്കാന്‍ നിര്‍ദേശിച്ചു. അഡയാറില്‍ ചെറിയൊരു വീടെടുത്ത് താമസംതുടങ്ങി. ഈസമയത്ത് ദക്ഷിണാമൂര്‍ത്തിയില്‍നിന്ന് സംഗീതം അഭ്യസിക്കുകയുംചെയ്തു.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചുതുടങ്ങി. 1978 ഫെബ്രുവരിയില്‍ ഭര്‍ത്താവിന് ഹൈദരാബാദില്‍നിന്ന് ചെന്നൈയ്ക്ക് സ്ഥലമാറ്റംലഭിച്ചു. ചെന്നൈയിലെത്തി നാലുമാസത്തിനകം ഭര്‍ത്താവ് കെ.കെ. മേനോന്‍ അന്തരിച്ചു. മക്കളായ രാജീവ് മേനോനും കരുണാകര മേനോനും അന്ന് ചെറിയ കുട്ടികളായിരുന്നു. നേവിയില്‍നിന്ന് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഉപജിവനത്തിനായി അക്കാലത്ത് ഗ്യാസ് ഏജന്‍സി ലൈസന്‍സ് നല്‍കുമായിരുന്നു. അങ്ങനെ കല്യാണിക്കും ലൈസന്‍സ് ലഭിച്ചു. ഈസമയം, സംഗീതത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്നത് ദക്ഷിണാമൂര്‍ത്തിയായിരുന്നു.

നിര്‍മാതാവ് കെ. ബാലാജിയുമായുള്ള ഭര്‍ത്താവിന്റെ കുടുംബത്തിന്റെ പരിചയമാണ് തമിഴ് സിനിമാരംഗത്തേക്ക് കടക്കാന്‍ കല്യാണിക്ക് വഴിയൊരുക്കിയത്. 'സുജാത' എന്ന സിനിമയില്‍ എം.എസ്. വിശ്വനാഥന്റെ സംഗീതത്തില്‍ 'നീ വരുവായ്...' എന്ന ഗാനം പാടിയതോടെ കല്യാണി മേനോന്റെ സ്വരമാധുരി തമിഴകത്തും പരന്നൊഴുകി. നിര്യാണത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

Content Highlights: Kalyani Menon singer evergreen hits Tamil Malayalam songs