ഹൃദയത്തോടു ചേര്‍ത്തുവെച്ചൊരു ഗാനം പോലെയായിരുന്നു എല്ലാവര്‍ക്കും സിങ്ങന്‍. പാടിപ്പാടി കൊതിതീരാതെയാണ് ആ പ്രിയ പാട്ടുകാരന്റെ അകാലത്തിലെ മടക്കം. ഒരു കാലത്ത് കേരളത്തിലും പുറത്തും ഗാനമേള സദസ്സുകളെ ഇളക്കിമറിച്ച തമിഴ്ഗായകനായിരുന്നു കലാഭവന്‍ സിങ്ങന്‍.

വെങ്കിടങ്ങ് കരുവന്തലയിലെ തുയിലുണര്‍ത്തുപാട്ടുകാരനായ ബാലകൃഷ്ണന്റെ മകനാണ് സിങ്ങന്‍. പാട്ടുകാരന്‍ എന്നര്‍ഥം വരുന്ന പേര്. വലിയ പാട്ടുകാരനാക്കണമെന്നു കരുതി മുത്തശ്ശന്‍ രാവുണ്ണിയുടെ ആഗ്രഹപ്രകാരമാണ് സിങ്ങന്‍ എന്നു പേരിട്ടത്. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അധ്യാപകരും ആ പേരിലെ കൗതുകമറിഞ്ഞു. ചെറുപ്പം മുതലേ ഗാനമേളകളില്‍ പാടിത്തുടങ്ങിയെങ്കിലും കൊച്ചിന്‍ കലാഭവനിലൂടെയാണ് സിങ്ങന്‍ പ്രശസ്തനായത്.

1988-ലാണ് കലാഭവനില്‍ ചേര്‍ന്നത്. ഹിന്ദി ഗായകനായ തൃശ്ശൂര്‍ പീറ്ററാണ് സിങ്ങനെ പരിചയപ്പെടുത്തിക്കൊടുത്തത്. കലാഭവന്റെ എല്ലാമെല്ലാമായ ആബേലച്ചന്‍ മിടുക്കനായൊരു തമിഴ് പാട്ടുകാരനെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു സിങ്ങന്റെ രംഗപ്രവേശം. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ അതേ ശബ്ദത്തിലും ശൈലിയിലും പാടിമുന്നേറിയപ്പോള്‍ സിങ്ങനെ ആബേലച്ചന്‍ വിട്ടില്ല. ഹിന്ദിയില്‍ പീറ്ററും തമിഴില്‍ സിങ്ങനും കട്ടയ്ക്കുകട്ടയെന്നാണ് പറയാറ്. 'കഴിഞ്ഞമാസം എന്നെ കാണാന്‍ വന്നു. പീറ്ററേട്ടന്‍ പുറത്തേക്കൊന്നും ഇറങ്ങേണ്ട..കോവിഡാണ്. പീറ്ററേട്ടന്‍ ഇല്ലാതായാല്‍ ഞങ്ങള്‍ക്കാ നഷ്ടമെന്നു പറഞ്ഞു പോയ ആളാ..''- പീറ്റര്‍ സങ്കടത്തോടെ പറഞ്ഞു.

കലാഭവന്റെ 25-ാം വാര്‍ഷികത്തിന് എസ്. ജാനകിക്കൊപ്പം ' ഒട്ടകത്തെ തട്ടിക്കോ''..എന്ന ഗാനം പാടിയതാണ് മറക്കാനാകാത്ത അനുഭവമെന്ന് സിങ്ങന്‍ പറയാറുണ്ടെന്ന് ബന്ധുവും സിത്താര്‍ കലാകാരനുമായ നന്ദകുമാര്‍ ഓര്‍മ്മിക്കുന്നു. പേരുപോലെത്തന്നെയാണ് പാട്ടും എന്നു പറഞ്ഞ് സിങ്ങനെ ജാനകി അഭിനന്ദിക്കുകയുണ്ടായി.

കെ.എസ്. ചിത്ര, ഉഷാ ഉതുപ്പ് തുടങ്ങിയവരോടൊപ്പവും പാടിയിട്ടുണ്ട്. കഷ്ടപ്പാടുകള്‍ക്കിടയിലൂടെ നീന്തിക്കയറിയതായിരുന്നു സിങ്ങന്റെ ജീവിതം. എന്നാല്‍, ഉദിച്ചുയരുംമുമ്പേ ആ ഗായകജീവിതം പാതിവഴിയില്‍ നിലച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Content Highlights: Kalabhavan Singan singer passed away, life story