കീഴടങ്ങലിന്റെയും മൗനംപാലിക്കലിന്റെയും സംഗീതമാണ് നമ്മളിന്നു കേള്‍ക്കുന്നത്. തന്റേടത്തിന്റെയും സ്‌നേഹത്തിന്റെയും സംഗീതമായിരുന്നു ജോണ്‍സണ്‍, രവീന്ദ്രന്‍ തുടങ്ങിയവരുടെ തലമുറയുടേത്. തങ്ങളുടെ ശൈലികൊണ്ട് അവര്‍ നമ്മെ കീഴടക്കുകയായിരുന്നു. ധീരതയുടെ ശബ്ദങ്ങള്‍ എല്ലാ രംഗത്തുനിന്നും മാഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. അഴീക്കോട്മാഷ് പോയപ്പോഴുള്ള അനാഥത്വം നമ്മളറിഞ്ഞുകൊണ്ടിരിക്കുകയല്ലേ. ജോണ്‍സന്റെ അഭാവം മറ്റാരെക്കാളും വേദനിപ്പിക്കുന്നത് എന്നെപ്പോലെയുള്ളവരെയാണ്, ഈ രംഗത്ത്. ഞങ്ങള്‍ ആദ്യം കൂടിച്ചേരുന്നത് സത്യന്‍ അന്തിക്കാടിന്റെ വരവേല്പിലാണ്. കവിതയെഴുതി സംഗീതം ചെയ്യാമെന്നത് സത്യന്റെ തീരുമാനമായിരുന്നു. പുതിയ ആളായതുകൊണ്ട് ട്യൂണ്‍ ചെയ്തുള്ള എഴുത്തില്‍ എന്റെ പരിചയക്കുറവ് പരിഗണിച്ചാവാം, ജോണ്‍സണും അത് സമ്മതിച്ചു. പക്ഷേ, ഞാനെഴുതിയ ആദ്യപല്ലവിതന്നെ രണ്ടുപേര്‍ക്കും ബോധിച്ചു. പ്രത്യേകിച്ച് പ്ലാന്‍ ചെയ്ത് എഴുതിയതൊന്നുമല്ലെങ്കിലും എന്റെ സാഹിത്യത്തിലെ 'ലൈറ്റ് കട്ടിങ്' ജോണ്‍സണ് ബോധിച്ചു. ഒരേ താളത്തില്‍ ഉറച്ചുനിന്ന് ഓരോ വരിയും ഓരോ രീതിയിലെഴുതിയതാണ് കാരണം.
വെള്ളാരപ്പൂമല മേലേ
പൊന്‍കിണ്ണം നീട്ടി നീട്ടി
ആകാശപ്പൂമുടി ചൂടി
മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടിവരുന്നേ...

ഇതായിരുന്നു ആ പല്ലവി.

ജോണ്‍സണ്‍ അന്ത്യവിശ്രമംകൊള്ളുന്നിടത്തുവെച്ച് അദ്ദേഹത്തിന്റെ അനുജന്‍ വയലിനിസ്റ്റായ ചാക്കോ എന്നെക്കുറിച്ച് ജോണ്‍സണ്‍ പറഞ്ഞ അഭിനന്ദനവാക്കുകള്‍ ഓര്‍മിച്ചു. 'സാമഗാന'ങ്ങളെപ്പോലെ എന്നതിന്റെ സ്വരസാഹിത്യം ജോണ്‍സണ് അത്ര പഥ്യമായിരുന്നുവത്രേ. ('ദൂരെ ദൂരെ സാഗരം' എന്ന ഗാനം).

പറയാന്‍ തുടങ്ങിയത് ജോണ്‍സന്റെ സംഗീതത്തിലെ ധീരതയെക്കുറിച്ചാണല്ലോ. പത്മരാജന്റെ ഞാന്‍ ഗന്ധര്‍വനില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഗാനമാണ് 'ദേവാങ്കണം...' ഇതിനൊരു മറുപുറമുണ്ട്. പ്രൊഡ്യൂസര്‍ ഗുഡ്‌നൈറ്റ് മോഹന്റെ കൂടെയുള്ള ചില സുഹൃത്തുക്കള്‍ക്ക് ആ ഗാനത്തിന് 'ക്ലാസിക്കല്‍' പോരാ എന്നു പക്ഷം! പത്മരാജനെപ്പോലും സമ്മതിപ്പിച്ച് അവര്‍ ഞങ്ങളെ തൃശൂരില്‍ ഷൂട്ടിങ് സ്ഥലത്തേക്കു വിളിപ്പിച്ചു, പാട്ടു മാറ്റാന്‍. കാര്യമറിഞ്ഞപ്പോള്‍ ഞങ്ങള്‍ ശരിക്കും സങ്കടപ്പെട്ടു. ഇത്രയും നല്ല ഗാനം ഈ ചിത്രത്തിലില്ലെങ്കില്‍ പ്രൊഡ്യൂസര്‍ക്കുകൂടി വരുന്ന നഷ്ടത്തെയോര്‍ത്ത് രാത്രി ഗുഡ്‌നൈറ്റ് മോഹനുമായി ജോണ്‍സണ്‍ ഏറ്റുമുട്ടി: 'ഈ പാട്ട് പടത്തിലില്ലെങ്കില്‍ ഏറ്റവും നഷ്ടം നിങ്ങള്‍ക്കായിരിക്കും. അതല്ല, മാറ്റിയേ പറ്റൂ എന്നാണെങ്കില്‍ എന്നെ മാറ്റിയേക്ക് മോഹന്‍. പപ്പേട്ടന്‍ പറഞ്ഞ ആ സിറ്റ്വേഷനില്‍ ഇതിലും നല്ലൊരു ട്യൂണ്‍ ഈ ഹാര്‍മോണിയത്തില്‍ വരില്ല'- സത്യത്തില്‍ തന്റെ അഭിപ്രായമല്ല എന്ന് മോഹന്‍ ആണയിട്ടെങ്കിലും ജോണ്‍സണ്‍ തന്റെ കൂട്ടുകാരന്‍കൂടിയായ തൃശൂര്‍ക്കാരനോട് ശരിക്കും പിണങ്ങുമെന്ന ഘട്ടത്തിലായപ്പോള്‍, പാട്ടു മാറ്റേണ്ടതില്ലെന്നുതന്നെയുറപ്പിച്ചു. പുലര്‍ച്ചെയുള്ള ഫ്‌ളൈറ്റ് ലക്ഷ്യമാക്കി ഞങ്ങള്‍ കോയമ്പത്തൂരേക്കു വിട്ടു.

പത്തിരുപതു വര്‍ഷം ഒരുമിച്ചു ജോലി ചെയ്‌തെന്നു പറഞ്ഞാല്‍ പോരാ, ഞങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഒന്നായിരുന്നു. വീട്ടിലെക്കാള്‍ ഞങ്ങള്‍ അക്കാലത്ത് മദ്രാസിലെ ഹോട്ടല്‍മുറികളിലാണ് ജീവിച്ചത്. സ്റ്റുഡിയോയില്‍വരെ ഞാനുണ്ടാവണമെന്ന് നിര്‍ബന്ധമായിരുന്നു ജോണ്‍സണ്. പാട്ടിന്റെ 'ടെംപോ' തീരുമാനിക്കാനും ട്രാക്ക് കേട്ട് അത്യാവശ്യം തിരുത്താനുമൊക്കെ അതെന്നെ സഹായിച്ചു. ഞങ്ങളെ രണ്ടുപേരാണെന്നറിയാതെ കൈതപ്രം ജോണ്‍സണ്‍ എന്നു ചേര്‍ത്തുവിളിക്കാറുള്ളത് സിനിമക്കാരുടെ വെറും തമാശയല്ല, സത്യംതന്നെ!
തുടര്‍ച്ചയായ ജോലികള്‍ക്കിടയില്‍ ഞാന്‍ മദ്രാസിലായാലും ജോണ്‍സണ്‍ കേരളത്തില്‍ വന്നാലും ഓരോ കാര്യം പറഞ്ഞ് പരിഭവം നിറഞ്ഞ വിളികള്‍ കുടുംബത്തില്‍നിന്നെത്തുമ്പോള്‍ ഞങ്ങള്‍ അവരോടു പറയും, 'എന്നാല്‍ നിങ്ങളിങ്ങോട്ടു വന്ന് ഞങ്ങടെ ജോലി ചെയ്‌തോളൂ... ഞങ്ങള്‍ അടുക്കളപ്പണിയും കുട്ടികളെ നോക്കലുമായി വീട്ടിലിരിക്കാം!'

കമലിന്റെ പാവം പാവം രാജകുമാരന്‍ രണ്ടു കാര്യങ്ങള്‍കൊണ്ട് മറക്കാനാവാത്തതാണ്.
ന്യൂ വുഡ്‌ലാന്‍സിലെ ചെറിയ എ സി മുറി. മഹാനായ വയലാര്‍ എഴുതാറുള്ള മുറിയാണിതെന്ന് ഒരു ദിവസം എം.ജി. സോമന്‍ പറഞ്ഞപ്പോള്‍ ഇവിടെ മതി എന്റെ താമസമെന്നായി ഞാന്‍. ഗുരുത്വം കിട്ടട്ടെ. അയല്‍മുറിയില്‍ പ്രിയദര്‍ശന്റെ സ്ഥിരം എഡിറ്ററായിരുന്ന അമ്പിയണ്ണന്‍. 'കണ്ണാടിക്കൈയില്‍...' എന്ന പാട്ടിന്റെ ട്രാക്കില്‍ സിന്ദൂരപ്പൂവേ എന്നായിരുന്നു ആദ്യവാക്ക്. അത് തലയില്‍നിന്നിറങ്ങാതെ ഏറെ വൈകീട്ടും രാത്രിയില്‍ ലൈറ്റ് കണ്ട് വരാന്തയില്‍നിന്ന് അമ്പിയണ്ണന്‍ വിളിച്ചു. 'ഞാന്‍ ഈ ജോലിക്കു പറ്റാത്തവനാണെന്നു തോന്നുന്നു'വെന്നായി ഞാന്‍. വയലാറിനെ മനസ്സില്‍ വിചാരിച്ച് സുഖമായി കിടന്നുറങ്ങി വെളുപ്പാന്‍കാലത്ത് പേനയെടുത്താല്‍ പാട്ടു വരുമെന്ന് അമ്പിയണ്ണന്റെ ധൈര്യപ്പെടുത്തല്‍. പറഞ്ഞതുപോലെ വെളുപ്പാന്‍കാലത്തെഴുന്നേറ്റപ്പോള്‍, കണ്ണാടിക്കൈയില്‍ കല്യാണമന്വേഷിച്ച കാക്കാത്തിയുടെ പാട്ട് ഒഴുകിവന്നു. ജോണ്‍സണും കമലിനും പാട്ടു കേട്ട് തൃപ്തിയായി. ട്രാക്ക് പാടിയത് യശഃശരീരയായ സ്വര്‍ണലതയായിരുന്നു. അന്നുറപ്പിച്ചു, ഈ കുട്ടി വളരും. വളര്‍ന്നു, ദേശീയ അവാര്‍ഡോളം!
രാവിലെ ജോണ്‍സണ്‍, 'പാതിമെയ് മറഞ്ഞതെന്തേ' എന്ന ഗാനം തീര്‍ത്ത് സ്റ്റുഡിയോയിലേക്കു പോയി. ദാസേട്ടന്‍ പാടാന്‍ വരുന്നുണ്ട്.
തുമ്പപ്പൂവിലുണര്‍ന്നൂ വാസരം
ഹരിവാസരം-തന്‍
തങ്കത്തൂവല്‍ കുടഞ്ഞൂ വിണ്ണിലും
ഈ മണ്ണിലും

(ചിത്രം: അനന്തനും അപ്പുക്കുട്ടനും ആനയുണ്ട് 
കൈതപ്രം-ജോണ്‍സണ്‍)
ധ്വനിയുടെ സംവിധായകന്‍ എ.ടി. അബുവിന്റെ ചിത്രം. പാട്ടു പാടിക്കഴിഞ്ഞ് ജോണ്‍സണ്‍ എന്നോടു സ്വകാര്യമായി പറഞ്ഞു: 'ഒരവാര്‍ഡ് കിട്ടിയിട്ടുണ്ട്, ഗാനഗന്ധര്‍വന്റെ കൈയില്‍നിന്ന്.'
'എന്തേ?' എന്റെ ചോദ്യം.

Kaithapram about Johnson Master Music Johnson death anniversary
പുസ്തകം വാങ്ങിക്കാം

തമ്പുരാക്കന്മാര് തമ്പുരാക്കന്മാര്തന്നെ ജോണ്‍സാ. തുമ്പപ്പൂവിലുണര്‍ന്നൂ വാസരം. ഹരിവാസരം ഒരു തുമ്പപ്പൂവിലുണരുന്നു! വസന്തത്തില്‍ പൂ വിടരുന്നത് കേട്ടിട്ടുണ്ട്. തുമ്പപ്പൂവില്‍നിന്ന് പകലുണരുന്നത് ആദ്യമായി കേള്‍ക്ക്ാ-
ദാസേട്ടന്റെ വാക്കുകള്‍ അതേപോലെ, അമൃതംപോലെ കേള്‍പ്പിച്ച ജോണ്‍സണ് നന്ദി; എപ്പോഴുമെപ്പോഴും.
എഴുത്തില്‍ 'രാജസം' ദാസേട്ടന്‍ കണ്ടുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് മഹാനായ വയലാറിനുള്ളതാണ്. അദ്ദേഹത്തിന്റെ ആത്മാവ്, ആ മുറിയില്‍ താമസിക്കുമ്പോഴൊക്കെ എന്റെ കൂടെയുണ്ടായിരുന്നിരിക്കാം.

 തയ്യാറാക്കിയത്: കെ.കെ.വിനോദ് കുമാര്‍
(മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ പൊന്നുരുകും പൂക്കാലം എന്ന പുസ്തകത്തില്‍ നിന്ന്)

Content Highlights: Kaithapram about Johnson Master