ഭാഷകളുടെ അതിർവരമ്പുകൾ കടന്ന് ഹിറ്റായി മാറിയ പാട്ടാണ് ടൊവിനോ തോമസ്-സംയുക്ത മേനോൻ എന്നിവർ നായികാനായകൻമാരായ തീവണ്ടിയിലെ ജീവാംശമായ്. നവാഗതനായ കൈലാസ് മേനോൻ സംഗീതം നിർവഹിച്ച ഗാനം ആലപിച്ചത് ഹരിശങ്കറും ശ്രേയ ഘോഷാലും ചേർന്നാണ്. ബോളിവുഡ് ഗായിക ആണെങ്കിൽ പോലും മലയാളം അനായാസേന വഴങ്ങുന്ന ശ്രേയ ജീവാംശമായ് പഠിച്ച് പാടിയതും മൂന്നു മണിക്കൂറിനുള്ളിലാണെന്ന് കൈലാസ് മേനോൻ. ശ്രേയയുടെ റെക്കോർഡിംഗ് വീഡിയോ പങ്കുവെച്ചുകൊണ്ട് കൈലാസ് എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
2018ലെ ജീവാംശമായ് റെക്കോർഡിംഗിനെക്കുറിച്ചും ശ്രേയ ഘോഷാലിനെക്കൊണ്ടു പാടിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും ഒട്ടേറെ പേർ അന്വേഷിച്ചിരുന്നുവെന്നും ഇപ്പോഴും ചോദിക്കാറുണ്ടെന്നും അതിനാലാണ് താൻ ഈ വീഡിയോ പങ്കുവെക്കാമെന്ന് കരുതിയതെന്നും കൈലാസ് പറയുന്നു. ആദ്യ സംഗീതസംവിധാനസംരംഭമായിരുന്നതിനാൽ സംഗീതത്തെ സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങൾ തനിക്ക് പഠിക്കാനായെന്നും കൈലാസ് പറയുന്നു. ഭാവവും ലയവും തമ്മിലെ വ്യത്യാസം മനസ്സിലാക്കിയത് അന്നത്തെ ആ സെഷനിലാണ്.
തരക്കേടില്ലാതെ പാടുന്ന ഏതൊരാൾക്കും ഈ റെക്കോർഡിംഗ് സെഷൻ കേട്ടു പഠിക്കാവുന്നതാണ് എന്നും കൈലാസ് പറയുന്നു. വീഡിയോയ്ക്കിടയിൽ ശ്രേയ ഗായിക ഗായത്രിയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ഗായത്രിയുടെ ഗസലുകൾ താൻ കേൾക്കാറുണ്ടെന്നും പറയുന്നു.
Content Highlights :kailas menon shares shreya ghoshal recording session jeevamshamay song theevandi movie