യന്റെ സിനിമകളിൽ പാടാൻ കഴിയാത്തതും ജയനെ കാണാനോ പരിചയപ്പെടാനോ കഴിയാത്തതും നിർഭാഗ്യമായി കരുതുന്നുവെന്ന് ഗായിക കെ.എസ്.ചിത്ര. ജയൻ സാംസ്‌കാരിക വേദിയുടെ ജയൻ രാഗമാലിക പുരസ്‌കാരം സ്വീകരിച്ച് മറുപടിപ്രസംഗം നടത്തുകയായിരുന്നു അവർ.

ജയൻ ഗായകനും സംഗീതമറിയാവുന്നയാളും താളബോധമുള്ള വ്യക്തിയുമാണെന്ന് കേട്ടിട്ടുണ്ട്. ഇന്നത്തെ തലമുറ അദ്ദേഹത്തെ ഓർക്കുകയും അനുകരിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ മഹത്ത്വം മൂലമാണെന്നും ചിത്ര പറഞ്ഞു. ജയൻ അഭിനയിച്ച ‘ഏതോ ഒരു സ്വപ്നം’ എന്ന ചിത്രത്തിലെ ശ്രീകുമാരൻതമ്പി രചിച്ച ഒരു മുഖം മാത്രം കണ്ണിൽ, ഒരു സ്വരം മാത്രം കാതിൽ എന്ന ഗാനം കെ.എസ്.ചിത്ര ആലപിച്ചു. പദ്മഭൂഷൺ ലഭിച്ചശേഷം തലസ്ഥാനത്തെ ആദ്യത്തെ ചടങ്ങിനെത്തിയ ചിത്രയെ ആസ്വാദകർ തികഞ്ഞ ആദരവോടെയാണ് വരവേറ്റത്.

25,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ശ്രീകുമാരൻതമ്പി ചിത്രയ്ക്ക് സമ്മാനിച്ചു. ചിത്രയ്ക്ക് ലഭിച്ച പൂർവപുണ്യത്തിന് മുന്നിൽ വണങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെയ്യുന്ന ജോലിയോടുള്ള അമിതമായ ആത്മാർഥതയാണ് ജയനെ മരണത്തിലേക്ക് നയിച്ചത്. ആ ആത്മാർഥതയ്ക്കും പ്രണാമമർപ്പിക്കുന്നതായി ശ്രീകുമാരൻതമ്പി പറഞ്ഞു.

മന്ത്രി വീണാ ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിംസ് ആശുപത്രി മാനേജിങ് ഡയറക്ടർ എം.എസ്.ഫൈസൽഖാൻ അധ്യക്ഷനായി. മന്ത്രി ആന്റണി രാജു, നടി ജലജ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സാംസ്‌കാരിക വേദി ഭാരവാഹികളായ ശിവൻകുട്ടി, മൈഥിലി പ്രതീഷ്, ജഗീർബാബു, രാജീവ് വർക്കല തുടങ്ങിയവർ പ്രസംഗിച്ചു.

 

Content Highlights: K S Chithra remembers Jayan at Ragamalika Award function