സ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഓർമകളിൽ ചെന്നെെയിൽ  നടന്ന പ്രാർഥന യോ​ഗത്തിൽ വികാരാധീനയായി ​ഗായിക കെ.എസ് ചിത്ര. എസ്.പി.ബി തനിക്ക് ​ഗുരുതുല്യനായിരുന്നുവെന്നും തെലുങ്ക്, തമിഴ് ഭാഷകൾ പഠിച്ചെടുക്കാൻ അദ്ദേഹം തന്നെ സഹായിച്ചുവെന്നും ചിത്ര പറഞ്ഞു. 

''1984 ൽ ആണെന്ന് തോന്നുന്നു. പുന്ന​ഗെെ മന്നൻ എന്ന സിനിമയുടെ റെക്കോ‍ഡിങ്ങിനിടെയാണ് ഞാൻ എസ്.പി.ബിയെ ആദ്യമായി കാണുന്നത്. അദ്ദേഹത്തോടൊപ്പമാണ് ഞാൻ ഏറ്റവും അധികം പാട്ടുകൾ പാടിയിരിക്കുന്നത്. തെലുങ്ക് തമിഴ് വാക്കുകളുടെ ഉച്ചാരണം പഠിപ്പിച്ചത് അദ്ദേഹമാണ്. വാക്കുകളും അക്ഷരങ്ങളുമെല്ലാം പുസ്തകത്തിൽ എഴുതി തരുമായിരുന്നു. അതിപ്പോഴും എന്റെ പക്കലുണ്ട്. ഓരോ വാക്കിന്റെയും അർഥം, അതിന് നൽകേണ്ട ഭാവം അതെല്ലാം എസ്.പി.ബി സാർ എന്നെ പഠിപ്പിച്ചു. 

ഒരു വ്യക്തിയെന്ന നിലയിൽ എസ്.പി.ബി സാർ മറ്റുള്ളവർക്ക് മാതൃകയാണ്. സഹജീവികളോട് കരുതലുള്ള ഒരു വ്യക്തി. ഒരു ഉദാഹരണം പറയാം. യു.എസിൽ ഒരിക്കൽ ഒരു സം​ഗീത പരിപാടിയ്ക്ക് ‍പോയിരുന്നു. മൂന്ന് ദിവസം തുടർച്ചയായി ഷോ ഉണ്ടായിരുന്നു. ഹോട്ടലിൽ താമസിക്കാനായി ചെന്നപ്പോൾ സാറിന്റെ മുറി മാത്രമേ തയ്യാറായിട്ടുണ്ടായിരുന്നുള്ളൂ. മറ്റു മ്യൂസിഷൻസിന്റെ മുറി അവർ വൃത്തിയാക്കി കൊണ്ടിരിക്കുകയാണെന്നും അവർ കാത്തിരിക്കണമെന്നും പറഞ്ഞു. എസ്.പി.ബി സാർ മുറിയിലേക്ക് പോയില്ല. മറ്റുള്ളവർക്ക് കൂടി മുറി കിട്ടിയാൽ മാത്രമേ താൻ പോകൂ എന്ന് അദ്ദേഹം വാശിപിടിച്ചു. ''ഞാൻ പോയാൽ നിങ്ങൾ ഇവരെ കാര്യമായി ​ഗൗനിക്കുകയില്ല. അതെനിക്കറിയാം'', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി- ചിത്ര പറയുന്നു.

Content Highlights: K S Chithra Amma Emotional words on SP Balasubrahmanyam, Prayer Meet