
യേശുദാസും ആലപ്പി രംഗനാഥും
രണ്ട് പേരുകൾ പറയുമ്പോഴാണ് ആലപ്പി രംഗനാഥിന്റെ മുഖം ആനന്ദത്താൽ നിറഞ്ഞിരുന്നത്. ഒന്ന് സാക്ഷാൽ സ്വാമി അയ്യപ്പൻ. രണ്ടാമത് യേശുദാസിന്റേത്. കോട്ടയം മാതൃഭൂമി ഓഫീസിന് മുൻപിലൂടെ പോകുമ്പോൾ ഒന്നുകയറി എല്ലാവരെയും കണ്ടേ അദ്ദേഹം പോകൂ. സംസാരം തുടങ്ങുന്നതുതന്നെ മൊബൈൽ കാണിച്ചുകൊണ്ടാണ്. ‘ദാ, ദാസേട്ടൻ ഇപ്പം വിളിച്ചതേയുള്ളൂ. ഞങ്ങൾക്ക് തമ്മിൽ പറയാൻ അയ്യപ്പസ്വാമിയുടെ കാര്യമുണ്ട്, സംഗീതമുണ്ട്, ഗുരുക്കൻമാർ ചിട്ടപ്പെടുത്തിയ പദങ്ങളുണ്ട്.’-ഇത് പറയുമ്പോൾ, മാഷെന്ന് ശിഷ്യൻമാർ വിളിക്കുന്ന ആലപ്പി രംഗനാഥിന്റെ മുഖം അഭിമാനംകൊണ്ട് നിറഞ്ഞിരുന്നു.
‘സ്വാമിസംഗീതം ആലപിക്കും...’ എന്ന ഗാനം ഇന്നും ഭക്തിയും സംഗീതവുംകൊണ്ട് സ്വാമിഭക്തരുടെ മനസ്സ് നിറയ്കുന്നുവെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. ‘എന്റെ മനസ്സും ഹൃദയവുമാണത്, ദാസേട്ടന്റെയും.’ ഫോണിൽനിന്ന് ദാസേട്ടനൊപ്പം നിൽക്കുന്ന കുറേ ചിത്രങ്ങളും കാട്ടിത്തരും. ജീവിതത്തിന്റെ പ്രയാസമേറിയ ഒരുകാലത്ത് തുണയായിവന്ന ആ ആൽബത്തെക്കുറിച്ച് പറഞ്ഞാൽ അദ്ദേഹത്തിന് മതിവരില്ല. താപസഗായകൻ ആരാണെന്ന് ചോദിച്ചാലും അദ്ദേഹം പറയും; അതിന് ത്യാഗരാജ സ്വാമികൾക്കുശേഷം താൻ കാണുന്നത് ദാസേട്ടനെയെന്ന്. യേശുദാസ് സംഗീതത്തിലും ഈശ്വരനിലും ഉള്ളംനിറച്ച് തപസ്സ് ചെയ്യുന്നെന്ന്.
അദ്ദേഹത്തിന്റെ പ്രേരണയിലാണ് രംഗനാഥ് അടുത്തകാലത്ത് സംഗീതഗവേഷണം തുടങ്ങിയത്. 72 മേളകർത്താ രാഗങ്ങളെ അടിസ്ഥാനമാക്കി കീർത്തനങ്ങൾ ചിട്ടപ്പെടുത്തി അത് പെൻഡ്രൈവിലാക്കി കൊണ്ടുവന്ന് തുറന്ന് തരുമ്പോൾ അദ്ദേഹം പറഞ്ഞു, ഇത് മലയാളത്തിൽ ആരും ചെയ്യാത്തതാണ്. പക്ഷേ, ഇതൊന്നും ഇപ്പോൾ പ്രശസ്തമാകില്ല. കാരണം താൻ പ്രശസ്തിക്കും അംഗീകാരത്തിനും ആരെയും സമീപിക്കില്ല. രാഷ്ട്രീയകക്ഷികളുടെ പ്രചാരണങ്ങൾക്ക് പാടാനും പക്കമേളം പിടിക്കാനുമില്ല.
തട്ടേപ്പാട്ട് എന്നാണ് അദ്ദേഹം അതിനെ പരിഹസിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹം കിട്ടുന്നതൊക്കെ വേണ്ടെന്നും വെച്ചു. പക്ഷേ, അയ്യപ്പനും സംഗീത ഉപാസകർക്കും അദ്ദേഹം ദാസനായിരുന്നു. അതിനുവേണ്ടി ഏതറ്റംവരെ പോകാനും തയ്യാറായി. ആ സമർപ്പണത്തിന് കാലം കാത്തുവെച്ച അംഗീകാരമായിരുന്നു ‘ഹരിവരാസനം’ പുരസ്കാരം. സ്വാമിയിൽ തുടങ്ങിയ സംഗീതത്തിന്റെ ആരോഹണം തത്ത്വമസിയുടെ മണ്ണിൽ പൂർണത നേടിയതുപോലെ. തന്റെ പ്രിയ മൂർത്തിയായ അയ്യപ്പസ്വാമിയുടെ സന്നിധിയിൽ വിറയാർന്ന ശരീരവുമായി അദ്ദേഹമെത്തി. മന്ത്രശ്രുതിമീട്ടും തംബുരുവുമായി അയ്യപ്പന്റെ മുന്നിലെത്തി നിൽക്കുമെന്ന് പണ്ട് എഴുതിയതുപോലെ, സ്വയം അലിഞ്ഞ്. അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.
ഹാർമോണിയമാണ് അദ്ദേഹം എപ്പോഴും പദങ്ങൾ ചിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്നത്. വിരലുകൾ കൊണ്ട് അത് ചലിപ്പിച്ച് ശ്രുതിയുറപ്പിച്ച് അദ്ദേഹം ഏഴുസ്വരങ്ങളും കൊണ്ട് ഉപാസിക്കും. സരസ്വതിയാണ് എല്ലാം നടത്തുക. അത് കൈവിട്ടാൽ പിന്നെ ലക്ഷ്മിയും ഒപ്പംനിൽക്കില്ല. ഇത് എപ്പോഴും അദ്ദേഹം പറയും. സംഗീതം അദ്ദേഹത്തിന് ഉപജീവനമായിരുന്നില്ല. വിശുദ്ധമായ ഒരു പ്രാർഥനയായിരുന്നു. സംഗീതംകൊണ്ട് എന്തുനേടാമെന്നും കരുതിയില്ല. മറിച്ച് സംഗീതത്തിൽ എന്താണ് നേടാനാകുകയെന്ന ചിന്തമാത്രം ഉള്ളിലിട്ട് ശ്രുതിമീട്ടിക്കൊണ്ടിരുന്നു. നടക്കാൻ പ്രയാസപ്പെടുമ്പോഴും ശുഭ്രവസ്ത്രവും ധരിച്ച് കഴുത്തിൽ രുദ്രാക്ഷവുമണിഞ്ഞ് അദ്ദേഹം പുതിയൊരു പദമെങ്ങനെ ചിട്ടപ്പെടുത്തുമെന്ന് ചിന്തിച്ചു.
Content Highlights: K R Prahladan remembers Alleppy Ranganath
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..