പാടിത്തീരാത്ത ഒരു ഗാനം പോലെയായിരുന്നു അയാള്‍ പൊടുന്നനെ പെയ്തൊഴിഞ്ഞത്. പ്രിയപ്പെട്ടവളെ പോലെ നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്ന ഗിറ്റാര്‍ നിശ്ശബ്ദമാക്കി ആ മനുഷ്യന്‍ മാഞ്ഞുപോയിട്ടു വര്‍ഷം പത്താകുന്നു. അയാള്‍ ഇല്ലാത്ത പത്തു വര്‍ഷങ്ങള്‍ എന്ന മഹാ ശൂന്യത നമ്മള്‍ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ല. കാരണം ആ ഹൃദയതന്ത്രികളില്‍ നിന്നുതിര്‍ന്നു വീണ ഈണങ്ങള്‍ നമ്മുടെയെല്ലാം മനസ്സുകളില്‍ ഇപ്പോഴും ശ്രുതി മീട്ടുന്നുണ്ട്. മൗനം പാടുന്ന പത്തു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നെഞ്ചില്‍ കൈവെച്ചു നാം പറയും, ''ജോണ്‍സണ്‍, നിങ്ങളും നിങ്ങള്‍ സൃഷ്ടിച്ച ഈണങ്ങളും ഞങ്ങളുടെ ഹൃദയങ്ങളില്‍ അനശ്വരമായി ജീവിക്കുന്നു''. മലയാളിയെ കാല്പനികതയുടെ കല്‍പടവുകളിലിരുത്തി ഗാനങ്ങളുടെ തേന്‍മഴ പെയ്യിച്ച ജോണ്‍സണ്‍ എന്ന സംഗീത സംവിധായകനെ എങ്ങനെയാണ് നാം മറക്കുന്നത്. ഓര്‍മകളുടെ പെരുമഴയില്‍ നനഞ്ഞ് ജോണ്‍സന്റെ ഭാര്യ റാണി പറയുന്നതും അതുതന്നെ, ''എങ്ങനെ മറക്കും ഞാന്‍''.

സങ്കടങ്ങളുടെ മരുഭൂമിയില്‍

എറണാകുളം പുക്കാട്ടുപടിയിലെ വീട്ടില്‍ വെച്ചു റാണിയെ കാണുമ്പോള്‍ അവരുടെ കൈകള്‍ ഗിറ്റാറിനെ തഴുകുന്നുണ്ടായിരുന്നു. പ്രിയപ്പെട്ടവരെല്ലാം വിടവാങ്ങിയപ്പോള്‍ ഏകാന്തതയുടെ ഒറ്റത്തുരുത്തില്‍ ആ ഗിറ്റാര്‍ മാത്രമാണ് ഇപ്പോള്‍ റാണിയുടെ ആശ്വാസം. ''ദൈവമാണ് എനിക്ക് അവരെയെല്ലാം തന്നത്. പ്രിയപ്പെട്ട ഭര്‍ത്താവും ജീവനെപ്പോലെ സ്‌നേഹിച്ച രണ്ടു മക്കളും. എല്ലാവരെയും ദൈവം തന്നെ തിരിച്ചുവിളിച്ചു. സങ്കടങ്ങളുടെ മരുഭൂമിയില്‍ ഞാന്‍ മാത്രം. ചേട്ടന്റെ മരണം ഹൃദയം നുറുക്കുന്ന വേദനയായിരുന്നു. പിന്നാലെ ഒരു ബൈക്കപകടത്തില്‍ മകന്‍ യാത്രയായപ്പോള്‍ ആശ്വാസത്തിന്റെ ഒറ്റത്തുരുത്തായത് മകളായിരുന്നു. അവളുടെ സംഗീത സ്വപ്നങ്ങളിലൂടെയാണ് ഞാന്‍ ജീവിച്ചത്. ഒടുവില്‍ ദൈവം അവളെയും എന്നില്‍ നിന്നു പറിച്ചെടുത്തു. ഇപ്പോള്‍ ഈ ശൂന്യതയില്‍ ഞാന്‍ മാത്രം'' - സങ്കടത്താല്‍ റാണിയുടെ വാക്കുകള്‍ മുറിഞ്ഞു.

അര്‍ജുനന്‍ മാഷും പെണ്ണുകാണലും

സങ്കടങ്ങളില്‍ പൊള്ളിനില്‍ക്കുമ്പോഴും റാണിയുടെ ഓര്‍മകളില്‍ പഴയകാലത്തിന്റെ മധുരം ഇപ്പോഴുമുണ്ട്. മനസ്സില്‍ താലോലിക്കുന്ന ഓര്‍മകളുടെ വസന്തകാലം. ''ജോണ്‍സണ്‍ എന്ന മനുഷ്യനെ ഞാന്‍ കല്യാണം കഴിക്കാന്‍ കാരണം സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാഷായിരുന്നു. എന്റെ ഫോട്ടോ ജോണ്‍സണ് കാണിച്ചുകൊടുത്ത് മാഷാണ് കല്യാണാലോചന കൊണ്ടുവന്നത്. ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടാണ് ജോണ്‍സണും ഏതാനും സുഹൃത്തുക്കളും കൂടി അര്‍ജുനന്‍ മാഷിനൊപ്പം എന്നെ പെണ്ണുകാണാന്‍ വന്നത്. 'സംഗീത സംവിധായകന്‍ ജോണ്‍സണെ അറിയുമോ' എന്നായിരുന്നു പെണ്ണുകാണല്‍ ചടങ്ങിനിടെ എന്നോടു ചോദിച്ചത്. 'യേശുദാസിനെയും എസ്. ജാനകിയെയും അറിയാം' എന്നായിരുന്നു എന്റെ മറുപടി. 'പെണ്ണുകാണാന്‍ വന്ന എന്നെ എല്ലാവരുടെയും മുന്നില്‍വെച്ചു നീ നാണംകെടുത്തി' എന്നു പറഞ്ഞ് അന്നത്തെ പെണ്ണുകാണല്‍ കഥ ചിരിയോടെ ജോണ്‍സണ്‍ പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്''. പഴയ കഥ പറയുമ്പോള്‍ സങ്കടത്തിനിടയിലും റാണി ചിരിക്കാന്‍ ശ്രമിച്ചു.

അവാര്‍ഡും മമ്മൂട്ടിയുടെ വിളിയും

സംഗീതത്തെ പ്രാണനായി കണ്ട ജോണ്‍സണ്‍ അവാര്‍ഡുകളുടെ തിളക്കത്തിലെത്തിയ നിമിഷങ്ങളും റാണി ഓര്‍ക്കുന്നു. ''ആദ്യമായി സംസ്ഥാന അവാര്‍ഡ് കിട്ടിയത് 'ഓര്‍മയ്ക്കായ്' എന്ന സിനിമയിലെ സംഗീത സംവിധാനത്തിനാണ്. നീ ജീവിതത്തിലേക്കു വന്നതാണ് അവാര്‍ഡ് എന്ന ഭാഗ്യത്തിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. ആദ്യമായി ദേശീയ അവാര്‍ഡ് കിട്ടിയത് 'പൊന്തന്‍മാട' യിലെ സംഗീത സംവിധാനത്തിനായിരുന്നു. മമ്മൂട്ടിയാണ് ഫോണില്‍ വിളിച്ച് ആ സന്തോഷവാര്‍ത്ത ആദ്യം അറിയിച്ചത്.

വിളിക്കുന്നതു മമ്മൂട്ടിയാണെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. മമ്മൂട്ടിയെപ്പോലെ ഒരു സൂപ്പര്‍ താരം വിളിക്കുമെന്നു നമ്മള്‍ പ്രതീക്ഷിക്കില്ലല്ലോ. ദേ ഒരു മമ്മൂട്ടി വിളിക്കുന്നുവെന്നു പറഞ്ഞാണ് ഞാന്‍ ഫോണ്‍ ജോണ്‍സണു കൊടുത്തത്. പിന്നീട് ജോണ്‍സണ്‍ പറഞ്ഞപ്പോഴാണ് വിളിച്ചത് സാക്ഷാല്‍ മമ്മൂട്ടിയാണെന്നു മനസ്സിലായത്.'' പഴയൊരു തമാശരംഗം ഓര്‍ത്തപ്പോള്‍ റാണിയുടെ ചുണ്ടില്‍ നേരിയൊരു പുഞ്ചിരി.

Content Highlights: Johnson Mater wife Rani's interview shares memories