Johnson Masterണ്‍പതുകളില്‍ മലബാറിലെ പ്രശസ്ത സംഗീതട്രൂപ്പായിരുന്ന തലശ്ശേരി ഫ്രണ്ട്സ് ഓര്‍ക്കസ്ട്രയുടെ വാര്‍ഷികം വിപുലമായി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നടക്കുന്നു. സാക്‌സഫോണില്‍നിന്ന് ഒഴുകിയെത്തിയ സംഗീതം വയലിന്‍കൂട്ടങ്ങള്‍ക്കുപിന്മാറി ബേസ് ഗിറ്റാറിലും റിഥംപാഡിലും അകമ്പടിയേകി പിന്നീട് ഗാനങ്ങളിലേക്ക് വഴുതിവീണു.

'ആടിവാ കാറ്റേ പാടിവാ കാറ്റേ ആയിരം പൂക്കള്‍ നുള്ളി വാ...'

കീബോര്‍ഡില്‍ അന്നേ പ്രശസ്തനായ പപ്പേട്ടന്‍ (കോഴിക്കോട് പപ്പന്‍). അദ്ദേഹത്തിന്റെ പത്‌നി(ലീനാ പപ്പന്‍)യാണ് ജാനകിയമ്മ പാടിയ 'കൂടെവിടെ'യിലെ ഗാനം സ്റ്റേജിലവതരിപ്പിച്ചത്. ഇതേവേദിയില്‍ത്തന്നെ 'പൊന്നുരുകും പൂക്കാലം നിന്നെക്കാണാന്‍ വന്നു...' എന്ന ഗാനം പ്രകാശിനി പാടി. ഫ്‌ളൂട്ടും വയലിനും ചേര്‍ന്നുള്ള കോമ്പിനേഷനില്‍ വ്യത്യസ്തമായ ഓര്‍ക്കസ്ട്രേഷനിലൂടെ മധുരമായ ഗാനമായിരുന്നു. അന്ന് ഓര്‍ക്കസ്ട്ര കഴിഞ്ഞ്, ട്രിപ്പിള്‍ഡ്രം വായിച്ച പ്രഭാകരന്‍ വന്നുചോദിച്ചു, എങ്ങനെയുണ്ടായിരുന്നു ഓര്‍ക്കസ്ട്ര? മുപ്പതോളം ഗാനങ്ങള്‍ അവതരിപ്പിച്ച ആ വേദിയില്‍ എനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞത് ഈ രണ്ടുപാട്ടുകളുടെ ഓര്‍ക്കസ്ട്രയെക്കുറിച്ച് മാത്രമായിരുന്നു. അന്ന് എനിക്ക് ജോണ്‍സണ്‍ എന്ന പ്രതിഭയെ അറിയില്ലായിരുന്നു. എന്നാല്‍, ഈ പാട്ടുകള്‍ രംഗത്ത് അവതരിപ്പിക്കാന്‍ ഒരു ഓര്‍ക്കസ്ട്ര ടീം അനുഭവിച്ച അധ്വാനം കാണാമായിരുന്നു. ആ മഹാനുഭാവനെക്കുറിച്ചുള്ള ഓര്‍മകള്‍ കുറിക്കുമ്പോള്‍ ആദ്യം ഓടിയെത്തിയത് വര്‍ഷങ്ങള്‍ക്കുമുമ്പുനടന്ന ഈ ഓര്‍ക്കസ്ട്രയിലെ ജോണ്‍സണ്‍ പാട്ടുകളായിരുന്നു. ആ ഗാനങ്ങള്‍ക്ക് എന്തോ മാസ്മരികതയുണ്ട്. അവ മലയാളിയുടെമാത്രം പാട്ടുകളാണ്. 

മലയാള സിനിമാസംഗീതത്തിലെ ആദ്യതലമുറക്കാരായ ചിദംബരനാഥ്, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, പിന്നീട് ജി. ദേവരാജന്‍, എം.കെ. അര്‍ജുനന്‍ ഇവര്‍ക്കുശേഷം ഒരു പേരെടുത്ത സംഗീതസംവിധായകന്റെ അരങ്ങേറ്റം ജോണ്‍സണിലൂടെയായിരുന്നു. 1981-ല്‍ ആന്റണി ഈസ്റ്റ്മാന്റെ 'ഇണയെത്തേടി' മുതല്‍ 2002-ല്‍ സത്യന്‍ അന്തിക്കാടിന്റെ 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' വരെ സംഗീതലോകത്ത് തിരക്കുണ്ടായിരുന്ന ജോണ്‍സണ്‍ പിന്നീട് എങ്ങോ മറഞ്ഞു. നീണ്ട ഇടവേളയ്ക്കുശേഷം ആ പ്രതിഭയുടെ തിരിച്ചുവരവ് രഞ്ജന്‍ പ്രമോദ് എന്ന സംവിധായകനിലൂടെയായിരുന്നു, തൃശ്ശൂരിലെ നെല്ലിക്കുന്നില്‍ ജനിച്ച ജോണ്‍സണ്‍ വോയ്സ് ഓഫ് ട്രിച്ചൂര്‍ എന്ന ഗാനമേള ട്രൂപ്പിലൂടെ ഭാവഗായകന്‍ ജയചന്ദ്രന്‍വഴി ദേവരാജന്‍മാസ്റ്ററിലൂടെയാണ് ചലച്ചിത്രലോകത്തെത്തുന്നത്. ആര്‍.കെ. ദമോദരന്റെ വരികള്‍ക്കാണ് (ഇണയെത്തേടി) ജോണ്‍സണ്‍ ആദ്യം ഈണമിട്ടതെങ്കിലും ഭരതന്റെ പാര്‍വതി (1981)യിലാണ് ആദ്യത്തെ ഹിറ്റ് ഗാനം പിറവിയെടുത്തത്. സംഗീതസംവിധായകര്‍ക്ക് ഏറെ പ്രിയരാഗമായ മോഹനത്തില്‍ ചിട്ടപ്പെടുത്തിയ 'തക തിന്തിമി തക തിന്തിമി...', ശ്രീരാഗത്തിലെ 'നന്ദസുതാവര തവ ജനനം...' എന്നീ ഗാനങ്ങളിലൂടെ വാണിജയറാം എന്ന ഗായികയെ ജോണ്‍സണ്‍ ആദ്യമായി തന്റെ പാട്ടുകള്‍ പാടിച്ചു. 
സംഗീതപ്രതിഭയായ ജോണ്‍സണെ സംവിധായകരുടെ പ്രിയ സംഗീതസംവിധായകനായാണ് അന്ന് പലരും വിശേഷിപ്പിച്ചത്. പ്രേമഗീതങ്ങളിലെ 'മുത്തും മുടിപ്പൊന്നും നീ ചൂടിവാ...' എന്ന ഗാനം  അന്നത്തെ കോളേജ് കാമ്പസുകളുടെ ഹരമായ യുഗ്മഗാനമായിരുന്നു. 

ബാലചന്ദ്രമേനോന്റെ കിലുകിലുക്കത്തിലൂടെയാണ് ഒ.എന്‍.വി.-ജോണ്‍സണ്‍ കൂട്ടുകെട്ടിന്റെ തുടക്കം. 1982-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങള്‍ ട്യൂണ്‍ ഇട്ടശേഷം ചിട്ടപ്പെടുത്തിയതായിരുന്നു. ശാന്തികൃഷ്ണയുടെ ശാസ്ത്രീയനൃത്തത്തിനുവേണ്ടി അന്ന് ജാനകി ആലപിച്ച 'അഞ്ജലി പുഷ്പാഞ്ജലി...' എന്ന ഗാനം ചിത്രത്തിന്റെ ഓര്‍മയില്‍ നില്‍ക്കുന്ന രംഗമായിരുന്നു. വേണു നാഗവള്ളിയോടൊപ്പം ശാന്തികൃഷ്ണ ഗാനരംഗത്ത് അഭിനയിച്ച 'ശിവശൈലശൃംഗമാം...' എന്ന ഗാനവും ഗാനഗന്ധര്‍വന്റെ മന്ദ്രസ്ഥായിയിലെ ശബ്ദഗാംഭീര്യത്തോടെയുള്ള 'മധുര മൃദംഗ ഭൃംഗരവം...' എന്ന ഗാനവും ജോണ്‍സണിലെ സ്വതഃസിദ്ധമായ ശാസ്ത്രീയസംഗീതപാടവം വിളിച്ചറിയിക്കുന്ന ഗാനങ്ങളായി.  വയലാര്‍ രാമവര്‍മയുടെ ഗാനങ്ങള്‍ക്ക് ജോണ്‍സണ് ഈണമിടാന്‍ കഴിഞ്ഞില്ലെങ്കിലും പി. ഭാസ്‌കരന്റെയും ശ്രീകുമാരന്‍ തമ്പിയുടെയും കവിതകളെ ഗാനങ്ങളാക്കാന്‍ ജോണ്‍സണ് ഭാഗ്യമുണ്ടായി; ഇതു ഞങ്ങളുടെ കഥ എന്ന പി.ജി. വിശ്വംഭരന്‍ചിത്രത്തിലാണ് പി. ഭാസ്‌കരന്റെ വരികള്‍ ജോണ്‍സണെ തേടിവരുന്നത്. എസ്. ജാനകിയുടെ സൂപ്പര്‍ഹിറ്റായ 'സ്വര്‍ണമുകിലേ...' പല അഭിമുഖങ്ങളിലും ജാനകിയമ്മതന്നെ എടുത്തുപറയുന്ന ഗാനമാണ്. മലയാള ചലച്ചിത്രഗാനശാഖയ്ക്ക് ഒട്ടേറെ വ്യത്യസ്തമായ കവിതകള്‍ സമ്മാനിച്ച ശ്രീകുമാരന്‍ തമ്പിയും ജോണ്‍സണും ഒരുമിക്കുന്നത് ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് (1988) എന്ന ചിത്രത്തിലും 'വര്‍ത്തമാനകാല'ത്തിലുമാണ്.

'ദൂരെ ദൂരെ സാഗരം തേടി...' എന്ന ഗാനത്തിലൂടെ കേരളം 'വരവേറ്റ'ത് ശക്തമായ സംഗീതകൂട്ടുകെട്ടിനെയായിരുന്നു. വയലാര്‍-ദേവരാജന്‍, ശ്രീകുമാരന്‍ തമ്പി-അര്‍ജുനന്‍, പി. ഭാസ്‌കരന്‍-ബാബുരാജ് പോലെ മറ്റൊരു മ്യൂസിക്കല്‍ ജോടി. കൈതപ്രം-ജോണ്‍സണ്‍. ജോണ്‍സന്റെ ഈണങ്ങള്‍ക്കൊത്ത് സാഹിത്യഭംഗികൊണ്ട് കൈതപ്രവും ഈരടികളിലെ ഭാവങ്ങള്‍ക്കൊത്ത സംഗീതം നല്‍കി ജോണ്‍സണും ഈ കൂട്ടുകെട്ടിനെ ഉന്നതങ്ങളിലെത്തിച്ചു. എം.ജി. ശ്രീകുമാറിന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത 'കണ്ണീര്‍പ്പൂവിന്റെ...' (കിരീടം), 'മായാമയൂരം...' (വടക്കുനോക്കിയന്ത്രം), ചിത്രയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായ 'രാജഹംസമേ...' (ചമയം), 'മൗനസരോവരം...' (സവിധം), ജി. വേണുഗോപാലിന്റെ പ്രശസ്തമായ 'മൈനാകപ്പൊന്മുടിയില്‍...' (മഴവില്‍ക്കാവടി), 'പൊന്നിതളോരം...' (സാന്ദ്രം) കൈതപ്രം-ജോണ്‍സണ്‍ ടീമിന്റെ ഗാനങ്ങളുടെ നീളുന്ന പട്ടിക.
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കിരീടത്തിന്റെ ക്ലൈമാക്‌സ് രംഗം പശ്ചാത്തലസംഗീതമില്ലാതെ ഒന്ന് സങ്കല്പിച്ചുനോക്കൂ. ജോണ്‍സന്റെ മാജിക്കല്‍ മ്യൂസിക്കോടെമാത്രമേ ആ രംഗങ്ങള്‍ മനസ്സില്‍ തങ്ങിനില്‍ക്കുകയുള്ളൂ. തനിയാവര്‍ത്തനം എന്ന ചിത്രം നമ്മെ കരയിപ്പിക്കുന്നുവെങ്കില്‍ അതില്‍ മമ്മൂട്ടി എന്ന നടന്റെ അഭിനയമികവിനൊപ്പം ജോണ്‍സണെന്ന സംഗീതജ്ഞന്റെ ഉപകരണസംഗീതത്തിന്റെ ചാരുതകൂടിയുണ്ടെന്ന് നാമറിയണം. 

രാഗബന്ധിതമായ അര്‍ധശാസ്ത്രീയഗാനങ്ങളും സൂപ്പര്‍ഹിറ്റ് മെലഡികളും അനുകരിക്കാന്‍ പറ്റാത്ത ഫാസ്റ്റ് നമ്പറുകളുംകൊണ്ട് ജോണ്‍സണ്‍ മലയാള ചലച്ചിത്രഗാനശാഖയെ സമ്പന്നമാക്കി. ജി. വേണുഗോപാല്‍, കെ.ജി. മാര്‍ക്കോസ്, എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, സുജാത, ഉണ്ണിമേനോന്‍, കൃഷ്ണചന്ദ്രന്‍ തുടങ്ങിയ അന്നത്തെ തുടക്കക്കാരായ ഗായകര്‍ക്ക് ചലച്ചിത്രലോകത്ത് നല്ലൊരു പേര് നേടിക്കൊടുത്തതിനുപിന്നില്‍ ജോണ്‍സണ് നല്ലൊരു പങ്കുണ്ട്. 

(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘പൊന്നുരുകം പൂക്കാലം’ എന്ന പുസ്തകത്തിൽനിന്ന്)