ലയാളികള്‍ക്ക് എന്നും കേള്‍ക്കാനിഷ്ടമുള്ള നല്ല ഈണങ്ങള്‍ സമ്മാനിച്ചാണ് ജോണ്‍സണ്‍ മാസ്റ്റര്‍ യാത്രയായത്. അനേകകാലത്തെ അനുഭവ സമ്പത്തും പ്രവൃത്തി പരിചയവുമുള്ള പഴയ തലമുറയിലെ സംഗീത സംവിധായകനെന്ന നിലയില്‍ തനിക്ക് ശരിയെന്ന് തോന്നുന്നത് ആരുടേയും മുഖം നോക്കാതെ തുറന്നടിക്കുന്ന, പച്ചമനുഷ്യനായി പ്രസംഗിക്കുന്ന ജോണ്‍സണ്‍ മാഷിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

സംഗീതസംവിധാനത്തെക്കുറിച്ച് കൃത്യമായ അറിവില്ലാതെ, തട്ടിക്കൂട്ട് സംഗീതവുമായി രംഗത്തു വരുന്ന പുതിയ തലമുറയിലെ പലരെയും മാസ്റ്റര്‍ പ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഒപ്പം കര്‍ക്കശക്കാരനായ ഒ എന്‍ വിയെ ഈണത്തിനൊത്ത് ആടിവാ കാറ്റേ എന്നെഴുതിച്ചതിനെ പറ്റിയും എന്റെ മണ്‍വീണയില്‍ എന്ന പാട്ടിന്റെ വരികളില്‍ നിന്ന് ഈണം കണ്ടെടുത്തതിനെ പറ്റിയും പറയുന്നു. 2009 ല്‍ തിരുവനന്തപുരം കേസരി ഹാളില്‍ വച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച രവി മേനോന്റെ 'മൊഴികളില്‍ സംഗീതമായി' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു ഏറെപ്പേരൊന്നും കേട്ടിരിക്കാനിടയില്ലാത്ത ജോണ്‍സണ്‍ മാസ്റ്ററുടെ തുറന്നുപറച്ചിൽ.

1975ല്‍ സിനിമയിലെത്തിയതാണ്. മലയാളത്തിനു പ്രിയപ്പെട്ട സംഗീത സംവിധായകന്‍ പറയുന്നു. ദേവരാജന്‍ മാഷാണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. മുപ്പത്തിയഞ്ചു വര്‍ഷമായി സിനിമയിലുണ്ട്. എന്നാല്‍ സിനിമ ഒരു പ്രൊഫഷനാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നതാണ്. സത്യം. ആളുകള്‍ പലരും വിശ്വസിക്കില്ല. ഇവിടെ പലരും ചെരിപ്പു നക്കി നടക്കുന്നുണ്ട്. എന്റെ ഭാഷയ്ക്ക് അല്പം പ്രശ്‌നമുണ്ട്. ഇനിയിപ്പോള്‍ എന്നെ അഹങ്കാരിയെന്നു വിലയിരുത്തിയാലും കുഴപ്പമൊന്നുമില്ലെന്നും ജോണ്‍സണ്‍ പറയുന്നു. 

വരികള്‍ക്കൊത്തു സംഗീതം പകരുമ്പോള്‍ അതിനു അതിന്റേതായ ഭംഗിയുണ്ടെന്നും മാസ്റ്റര്‍ പറയുന്നു. സംഗീതത്തിലെ പുതിയ തലമുറയെ കാര്യമായി വിമര്‍ശിക്കുന്നുമുണ്ട് അദ്ദേഹം. ദക്ഷിണാമൂര്‍ത്തി സ്വാമികളെയും സ്വാതി തിരുനാളിനെയുമൊക്കെ സംഗീതം പഠിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ് തങ്ങളെന്നു നടിക്കുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. മൈക്കിള്‍ ജാക്‌സണെ പോലും അറേഞ്ച് ചെയ്തു കൊടുത്തത് തങ്ങളാണെന്നു നടിച്ച് മറ്റൊരു വിഭാഗം. അങ്ങനെ ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട്. അവര്‍ക്കുവേണ്ടി ഒ എന്‍ വി സാര്‍ വരികളെഴുതിയാലും മലയാളം അക്ഷരമാല പോലുമറിയാത്തവര്‍ എഴുതിയാലും ഒരുപോലെയായാണ് ഇത്തരക്കാര്‍ കണക്കാക്കുന്നത്. തനിക്ക് അറിയുന്നതു മാത്രമാണ് യഥാര്‍ഥ സംഗീതമെന്നും ഇത്തരക്കാര്‍ ശഠിക്കുന്നു. അത് ഉള്‍ക്കൊള്ളാനാകില്ലെന്നും മാസ്റ്റര്‍ പറയുന്നു. പാശ്ചാത്യ സംഗീതം പോലെ ലോകത്തെ ഏതു തരം സംഗീതവും ഉള്‍ക്കൊള്ളാനാകണമെന്നാണ് തോന്നിയിട്ടുള്ളത്.

സംവിധായകര്‍ക്ക് ട്യൂണ്‍ പറഞ്ഞു കൊടുക്കുമ്പോള്‍ പോലും മുക്കിയും മൂളിയുമാണ് ഇന്നത്തെ യുവസംഗീതകാരന്‍മാരില്‍ പലരും പാടിയൊപ്പിക്കുക. അതിനു സഹായിയായി ഒരാളെ കൂടെക്കൂട്ടും. അടുത്ത സിനിമയില്‍ ഒരു അവസരം തരാമെന്നു പറഞ്ഞ് ധരിപ്പിച്ചിട്ടാണ് അയാള്‍ക്ക് താനുണ്ടാക്കിയ ട്യൂണ്‍ കേള്‍പ്പിക്കുന്നത്. കീബോര്‍ഡുമുണ്ടാകും കൈയില്‍. അതില്‍ കൈയിട്ട് മാന്തി ഒരു ട്യൂണ്‍ ഒപ്പിക്കും. അങ്ങനെയൊക്കെ ഉണ്ടാക്കുന്ന ട്യൂണുകള്‍ ഇന്നത്തെ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഇഷ്ടമാകുന്നു എന്നതാണ് ഏറ്റവും ശോചനീയാവസ്ഥ. ഇത് സംഗീതത്തെ സ്‌നേഹിക്കുന്നവര്‍ മനസിലാക്കി, അതിനെതിരേ പ്രതികരിക്കണമെന്നും ജോണ്‍സണ്‍ മാസ്റ്റര്‍ പറയുന്നു. പാവങ്ങളല്ലേ ജീവിച്ചു പൊക്കോട്ടെയെന്നു ചിലര്‍ പറയും. അതിന് വേറെയും മാര്‍ഗങ്ങളില്ലേ സംഗീതത്തെ കൂട്ടു പിടിക്കണോയെന്നും മാസ്റ്റര്‍ ചോദിക്കുന്നു. താന്‍ സംഗീത സംവിധാനത്തില്‍ ആവര്‍ത്തനവിരസത വന്നതോടെ മടുത്തയാളാണെന്നും അതുകൊണ്ടു തന്നെ ഇനിയാരും വിളിച്ചില്ലെങ്കിലും പരാതിയില്ലെന്നും തുറന്നു പറയുകയാണ് മാസ്റ്റര്‍.

Content Highlights : Johnson master about new generation music directors old video