പൂ വേണം പൂപ്പട വേണം പൂവിളി വേണം..; പച്ചമഞ്ഞൾ മുറിച്ചപോലൊരു പാട്ട്‌


ജി.രാജേഷ്‌കുമാർ

ശ്രീരാഗത്തിലെ ട്യൂണിനൊപ്പിച്ച് ‘പൂ വേണ...’വും, എഴുതിയശേഷം ട്യൂണിട്ട് ‘മെല്ലെ മെല്ലെ മുഖപടവും...’ പിറവിയെടുത്തു.

ജോൺസൻ മാസ്റ്റർ, ഒരു മിന്നാമിനുങ്ങിൻറെ നുറുങ്ങുവെട്ടത്തിലെ രംഗം

‘പൂ വേണം പൂപ്പട വേണം പൂവിളി വേണം...’ കുളിരായി പെയ്തിറങ്ങിയ പാട്ട്‌. ഒരു തവണയെങ്കിലും കേൾക്കാത്ത ഒരോണക്കാലവും അടുത്തില്ല. ഭാവഗാനങ്ങളുടെ ശില്പി ജോൺസന്റെ പത്താം ചരമവാർഷികം ബുധനാഴ്ച ആചരിക്കുമ്പോൾ പശ്ചാത്തലത്തിൽ മറ്റൊരു ഓണം.

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ഭരതൻ ചിത്രത്തിലെ പാട്ടാണെങ്കിലും അത് എഴുതി ചിട്ടപ്പെടുത്തിയത് കൃഷ്ണപക്ഷം എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു. ചെന്നൈയിലെ വുഡ്‌ലാൻഡ്‌സ് ഹോട്ടലിലെ 216-ാം നമ്പർ മുറിയിൽ ഭരതന്റെ നിർദേശം- ‘ജോൺസാ, പച്ചമഞ്ഞൾ മുറിച്ചാൽ എങ്ങനെ ഉണ്ടാവും. അതുപോലെ സുഗന്ധവും പുതുമയുമുള്ള രണ്ടു പാട്ടുകൾ ആവട്ടെ.’
മുറിയിൽ ഇവരെ കൂടാതെ ഗാനരചയിതാവ് ഒ.എൻ.വി. കുറുപ്പ്, തിരക്കഥാകൃത്ത് ജോൺപോൾ, സഹസംവിധായകൻ ജയരാജ് (ഇപ്പോൾ സംവിധായകൻ) എന്നിവരും.

ശ്രീരാഗത്തിലെ ട്യൂണിനൊപ്പിച്ച് ‘പൂ വേണ...’വും, എഴുതിയശേഷം ട്യൂണിട്ട് ‘മെല്ലെ മെല്ലെ മുഖപടവും...’ പിറവിയെടുത്തു.
യേശുദാസും ലതികയും ചേർന്ന് ‘പൂ വേണ...’ത്തെ പച്ചമഞ്ഞൾ സൗരഭ്യത്തോടെ ചേർത്തുവെച്ചു.
റെക്കോഡിങ് കഴിഞ്ഞ്‌ ഷൂട്ടിങ് തുടങ്ങി. സുരേഷ് ഗോപിയും അശോകനും പാർവതിയും ഒക്കെയാണ് കൃഷ്ണപക്ഷത്തിലെ അഭിനേതാക്കൾ. 11 സീനുകൾ പൂർത്തിയായപ്പോൾ യാദൃച്ഛികമായി ജോൺപോളും സത്യൻ അന്തിക്കാടും കണ്ടുമുട്ടി. കൃഷ്ണപക്ഷ വിശേഷങ്ങൾ പങ്കുവെച്ചു. ഇതുകേട്ടപ്പോഴാണ് കഥയിൽ ഒരു സാദൃശ്യം സത്യന് മണത്തത്. കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ആൺകിളിയുടെ താരാട്ട് എന്ന സിനിമയുടെ കഥയുമായുള്ള സാദൃശ്യമാണതെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. അതോടെ ഭരതൻ ഷൂട്ടിങ് നിർത്തി; കൃഷ്ണപക്ഷം നിലച്ചു.

എന്നാലും ഇറങ്ങിത്തിരിച്ചിടത്തുനിന്ന് പിന്നാക്കം പോകാൻ ആരും തയ്യാറായില്ല. പുതിയ കഥ, പുതിയ താരങ്ങൾ. ശാരദ ഇടവേളയ്ക്ക് ശേഷം മലയാളത്തിലെത്തി. നെടുമുടിയും പാർവതിയും ഒക്കെ തകർത്തഭിനയിച്ചു. സിനിമയ്ക്ക് പേരിടാൻ ജോൺ പോളാണ് ‘മെല്ലെ മെല്ലെ’ എന്ന പാട്ടിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന രണ്ടു വാക്കുകൾ തിരഞ്ഞെടുത്തത്. അങ്ങനെ പാട്ടിലെ വരിയിൽ നിന്ന് ഒരു സിനിമയ്ക്ക് പേരുണ്ടായി.

‘പൂ വേണം പൂപ്പട വേണം’ പാട്ടിലെ രണ്ടാമത്തെ വരി കൃഷ്ണപക്ഷത്തിനുവേണ്ടി എഴുതിയപ്പോൾ ഇങ്ങനെയായിരുന്നു- ‘പൂണാരം ചാർത്തിയ കുഞ്ഞിപ്പെങ്ങൾ വേണം...’. കാരണം, കൃഷ്ണപക്ഷത്തിൽ പാർവതിക്ക് കുഞ്ഞിപ്പെങ്ങളുടെ റോളായിരുന്നു. എന്നാൽ ആ വരികൾ മിന്നാമിനുങ്ങിന്‌ ഒ.എൻ.വി. ഇങ്ങനെ മാറ്റി- ‘പൂണാരം ചാർത്തിയ കന്നിപ്പൂമകൾ വേണം...’. നെടുമുടിയുടെയും ശാരദയുടെയും വളർത്തുമകളുടെ റോളാണ് ഇതിൽ പാർവതിക്ക്.

ഓണത്തിന്റെ സംസ്‌കൃതിയാണ് പാട്ടിലൂടെ ഒ.എൻ.വി. വരച്ചിട്ടത്. ഉത്സവപ്പാട്ടിന്റെ തലത്തിലേക്ക് ജോൺസൺ അതിനെ ഉയർത്തി.
‘നാഴിപ്പൂവെള്ളും പുന്നെല്ലും... ചോഴിക്കും മക്കൾക്കും തായോ...’, ‘നീയെന്തേ വന്നില്ല... പൊന്നോണം പോയല്ലോ...’ തുടങ്ങിയ വരികൾ ഒരുകാലത്തെ കേരളത്തിലെ സാമൂഹിക പശ്ചാത്തലം കൂടി അടയാളപ്പെടുത്തുന്നു.

ആലുവപ്പുഴയോരത്ത് ചിത്രീകരിച്ച പാട്ടിൽ നാടൻ കലാരൂപങ്ങൾ ഭരതൻ തന്റെ നാടായ വടക്കാഞ്ചേരി എങ്കക്കാട്ട് നിന്നാണ് വരുത്തിയത്. അകവൂർ മനയും പരിസരങ്ങളിലുമായിരുന്നു ഷൂട്ടിങ്.

content highlights: Johnson Master Music director 10th death anniversary, oru minnaminunginte nurunguvettam, songs, Bharathan, Movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented