ന്തരിച്ച ഗിറ്റാറിസ്റ്റ് ജോണ്‍ ആന്റണിയുടെ ഓര്‍മകള്‍ പങ്കുവച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ജോണ്‍ ആന്റണിയെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ സുഹൃത്തുക്കള്‍ എ.ആര്‍ റഹ്‌മാനും ശിവമണിയുമാണെന്ന് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു, ഒപ്പം അദ്ദേഹം ഭാഗ്യലക്ഷ്മിയോട് പറഞ്ഞ ചില അനുഭവങ്ങളും.  

തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിൽ റിഹേഴ്സലിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജോണ്‍ ആന്റണി മരിച്ചത്. 'കര്‍ണാട്രിക്സ്' ഫ്യൂഷന്‍ ബാന്‍ഡിന്റെ സ്ഥാപകനാണ്. മലയാളം, തമിഴ് ഭാഷകളിലായി രണ്ടായിരത്തിലേറെ ചലച്ചിത്രഗാനങ്ങളില്‍ ലീഡ് ഗിറ്റാർ വായിച്ചിട്ടുണ്ട്.

1980-ല്‍ ചെന്നൈയില്‍ ജോണ്‍ ആന്റണി ആരംഭിച്ച റൂട്സ് ബാന്‍ഡിലൂടെയാണ് എ.ആര്‍. റഹ്‌മാനും ശിവമണിയും ശ്രദ്ധേയരായത്.

ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഞങ്ങളുടെ പ്രിയപ്പെട്ട ജോണി (ജോണ്‍ ആന്റണി) നാളെ യാത്രയാവുന്നു.. ജോണി എപ്പോഴും പറയുമായിരുന്നു ഇതൊരു കപടലോകമാണ്, സ്‌നേഹത്തിനും ആത്മാര്‍ഥതയ്ക്കും യാതൊരു വിലയുമില്ല ഇവിടെ,  അതാണ് ഞാന്‍ 24 മണിക്കൂറും എന്റെ ഗിറ്റാറുമായി സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്ന്.. 

35 വര്‍ഷത്തോളം സിനിമാ സംഗീതലോകത്ത് പ്രവര്‍ത്തിച്ചിട്ടും ജോണിയുടെ മനസ്സിന് സന്തോഷം തരുന്ന സംഗീതം തേടി അലഞ്ഞു. ഒടുവില്‍ ജോണിക്ക് മനസ്സിലായി സിനിമ ഉപേക്ഷിക്കണം, അങ്ങനെയാണ് 2011 ല്‍ ഇനി സിനിമാ സംഗീതം എനിക്ക് വേണ്ട എന്ന തീരുമാനവുമായി ജോണി ചെന്നൈ ഉപേക്ഷിച്ച് തിരുവനന്തപുരത്ത് താമസം ഉറപ്പിച്ചത്. (ഒടുവില്‍ ചെയ്ത സിനിമ 'വിണ്ണൈ താണ്ടി വരുവായാ).

സത്യത്തില്‍ 'പൊന്‍വീണേ എന്‍ ഉളളില്‍' എന്ന പാട്ടില്‍ ഒടുവില്‍ കേള്‍ക്കുന്ന ഗിറ്റാര്‍ സംഗീതം ജോണിയുടേതാണെന്ന് ആരെങ്കിലും പറയുമ്പോള്‍ ജോണിക്ക് ദേഷ്യമായിരുന്നു.. അതാണോ എന്റെ കഴിവ്, എന്റെ കഴിവിനെ എത്ര ചെറുതായി കാണുന്നു എന്ന് പറയുമായിരുന്നു.. മലയാള തമിഴ് സിനിമാ സംഗീത ലോകത്തെ എല്ലാ കപടതകളും ജോണി എന്നോട് പറയുമായിരുന്നു...

ജോണിയെ ഏറ്റവും നന്നായി മനസ്സിലാക്കിയ രണ്ട് സുഹൃത്തുക്കള്‍ ആണ് എ.ആര്‍ റഹ്‌മാനും ശിവമണിയും.. 1985 ല്‍ ഞാന്‍ ജോണിയെ ആദ്യമായി ചെന്നെയില്‍ വെച്ച് കാണുമ്പോള്‍ സാലിഗ്രാമത്തിലെ ഒരു വീടിന്റെ മുകളിലത്തെ ചെറിയ വാടക വീട്ടിലായിരുന്നു താമസം.

അന്ന് എ.ആര്‍ റഹ്‌മാന്‍, ശിവമണി, ജോജു എന്ന സൗത്ത് ആഫ്രിക്കന്‍ സുഹൃത്ത് എല്ലാവരും ചേര്‍ന്നുളള കളിയും ചിരിയും സംഗീതവും ഞാന്‍ നേരില്‍ കണ്ടതാണ്. കൂട്ടത്തില്‍ ഏറ്റവും ചെറിയ പയ്യനായിരുന്നു എ.ആര്‍ റഹ്‌മാന്‍. 'ജോണിച്ചേട്ടാ ജോണിച്ചേട്ടാ' എന്ന് വിളിച്ചു എപ്പോഴും കൂടെയുണ്ടാവും. അതുകൊണ്ടാണ് ഈയടുത്ത കാലത്ത് റഹ്‌മാന്‍ ആരുമറിയാതെ ജോണിയെ കാണാന്‍ വന്നതും ഒരു ദിവസം മുഴുവന്‍ ജോണിയോടൊപ്പം ചിലവിട്ടതും..

അന്ന് റഹ്‌മാന്‍ പറഞ്ഞുവത്രേ എത്ര നല്ല കാലമായിരുന്നു നമ്മുടെ ചെന്നൈ ജീവിതം, ഇത്രയും വലിയൊരു സിനിമ ലോകത്ത് നല്ല തിരക്കുളള കാലത്തും അത് വലിച്ചെറിഞ്ഞ് സ്വന്തം ഇഷ്ടസംഗീതത്തിനായി ജീവിക്കാനുളള ധൈര്യം എല്ലാവര്‍ക്കും കിട്ടില്ല. എങ്ങനെ ജോണിച്ചേട്ടന് അത് സാധിച്ചു എന്ന്. തിരുവനന്തപുരത്തെ ജീവിതം ആസ്വദിക്കുന്നുണ്ടായിരുന്നു ജോണി.

ഈ വര്‍ഷം വിദേശത്ത് നിരവധി പരിപാടികള്‍ ജോണിക്ക് ഉണ്ടായിരുന്നു.. അതേക്കുറിച്ച് ജോണി ആവേശത്തോടെ എന്നോട് പറഞ്ഞിരുന്നു. ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കി വെച്ചാണ് ജോണി പോയത്.. യാതൊരു ദുരാഗ്രഹവുമില്ലാത്ത ആരേയും ദ്രോഹിക്കാത്ത സംഗീതം സംഗീതം സംഗീതം എന്ന ലോകത്ത് മാത്രം ജീവിച്ച ജോണി, എന്റെ സുഹൃത്തും സഹോദരനുമായിരുന്നു എന്നതില്‍ ഞാനഭിമാനിക്കുന്നു..

പുനര്‍ജന്മത്തില്‍ വളരേയധികം വിശ്വാസമുണ്ടായിരുന്നു ജോണിക്ക്. എല്ലാ ജന്മത്തിലും ഞാന്‍ ഈ ഗിറ്റാറുമായി തന്നെ ജീവിക്കും എന്ന പറയുമായിരുന്നു.
അങ്ങനെയെങ്കില്‍ ജോണി വീണ്ടും ജനിക്കും...

ഭാഗ്യലക്ഷ്മി.

Contnet Highlights: john anthony guitarist death, dubbing artist bhagyalakshmi shares his memory, ar rahman, sivamani