കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഓടിക്കൊണ്ടിരിക്കുന്ന മോട്ടോര്‍ബൈക്കില്‍ നിന്ന് ഹെലികോപ്ടറിലേക്ക് പിടിച്ചുയരുന്നതിനിടെയാണ് മലയാളികളുടെ ആദ്യ ആക്ഷന്‍ ഹീറോ ജയന്‍ അപകടത്തില്‍ പെട്ട് മരിച്ചത്. ഡ്യൂപ്പില്ലാതെ സ്റ്റണ്ട് രംഗങ്ങള്‍ അഭിനയിക്കാന്‍ തത്പരനായിരുന്ന ജയന്‍ എന്ന നടന്റെ രംഗപ്രവേശത്തോടെ അന്ന് വരെ മലയാളിപ്രേക്ഷകര്‍ വെച്ചുപുലര്‍ത്തിയിരുന്ന നായകപരിവേഷത്തിനാണ് മാറ്റം സംഭവിച്ചത്. അടിമുടി പൗരുഷവും ഒപ്പം സൗകുമാര്യവും നിറഞ്ഞ ജയന്‍ എന്ന നായകനെ സിനിമാപ്രേക്ഷകര്‍ അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ജയന്‍ കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ അതേ ആര്‍ജ്ജവത്തോടെ ഇന്നും നാം കേള്‍ക്കുന്നു. 

വിടപറഞ്ഞ് 41 കൊല്ലമായിട്ടും ജയന്‍ മലയാള സിനിമയുടെ സൂപ്പര്‍ഹീറോയാണ്. ജയന്‍ സിനിമകളിലെ സാഹസിക സംഘട്ടനരംഗങ്ങളാണ് അദ്ദേഹത്തെ അത്തരമൊരു പദവിയിലേക്കുയര്‍ത്തിയത്. തോല്‍ക്കാന്‍ എനിക്കു മനസില്ല എന്ന് മരണത്തെ വെല്ലുവിളിച്ച് അദ്ദേഹം ചെയ്ത സിനിമകള്‍ ഇന്നും അദ്ദേഹത്തിന്റെ ആരാധകരില്‍ അദ്ദേഹത്തെ കുറിച്ചുള്ള തീക്ഷ്ണസ്മരണകളുണര്‍ത്തുന്നു മള്‍ട്ടിസ്റ്റാര്‍ സിനിമകളുടെ ഭാഗമായപ്പോഴും ജയന്‍ ചെയ്ത കഥാപാത്രങ്ങള്‍ വ്യത്യസ്തമായി. മൂര്‍ഖന്‍, മനുഷ്യമൃഗം, ശക്തി, കരിമ്പന, ശരപഞ്ജരം, തടവറ, കോളിളക്കം, കഴുകന്‍...ജയന്‍ ഹിറ്റുകള്‍ നിരവധി. 

ജയന്‍ സിനിമകള്‍ പോലെ തന്നെയാണ് അദ്ദേഹം തിരശ്ശീലയില്‍ പാടിയഭിനയിച്ച ഗാനങ്ങളും ഹിറ്റുകളുടെ പട്ടികയില്‍ നിലനില്‍ക്കുന്നത്. ഏതു വേഷവും ചേരുന്ന ജയന്‍ കോട്ട് ധരിച്ചപ്പോള്‍ ഗ്ലാമര്‍ ഇരട്ടിയായെന്ന് കസ്തൂരിമാന്‍ മിഴി മലര്‍ശരമെയ്തു... എന്ന ഗാനത്തിന് യൂട്യൂബില്‍ ഒരാസ്വാദകന്‍ നല്‍കിയ കമന്റിനോട് വിയോജിക്കുന്നവര്‍ കുറവാകാനാണ് സാധ്യത. 'മനുഷ്യമൃഗം' എന്ന ചിത്രത്തിലെ ആ ഗാനരംഗത്ത് ജയന് ഗ്ലാമര്‍ ഇരട്ടിയാണെന്ന് സമ്മതിക്കാതെ വയ്യ. പാപ്പനംകോട് ലക്ഷ്മണന്റെ വരികള്‍ക്ക് കെ. ജെ. ജോയ് ഈണം പകര്‍ന്ന് യേശുദാസ് ആലപിച്ച ഗാനം ഇന്നും മലയാളിയുടെ പ്രിയപാട്ടുകളില്‍ ഒന്നാണ്. 

'അങ്ങാടി' എന്ന ഐ.വി. ശശി സിനിമ തകര്‍ത്തത് 'തച്ചോളി അമ്പു' എന്ന സിനിമയുടെ ബോക്‌സ്ഓഫീസ് റെക്കോഡാണ്. അങ്ങാടിയിലെ ബാബു എന്ന കഥാപാത്രം തിയേറ്ററുകളില്‍ ഉയര്‍ത്തിയ കയ്യടികളുടെ അലകള്‍ ഇന്നും നേര്‍ത്ത് കേള്‍ക്കുന്നുണ്ട്. ചിത്രത്തിലെ കണ്ണും കണ്ണും തമ്മില്‍ തമ്മില്‍... എന്ന ഗാനം മികച്ച പ്രണയഗാനമായി ഇന്നും സംഗീതാസ്വാദകരുടെ പട്ടികയിലുണ്ട്. ശ്യാം സംഗീതസംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ രചന നിര്‍വഹിച്ചത് ബിച്ചു തിരുമലയാണ്. യേശുദാസും എസ്. ജാനകിയും ചേര്‍ന്നാലപിച്ച ഗാനം കഥകള്‍ കൈമാറുന്ന അനുരാഗത്തിന്റെ പ്രതീകമാണ്. 

ചാം ചച്ച... എന്ന ഗാനത്തിന് വേറിട്ട ടോണായിരുന്നു. ചടുലമായ സംഗീതവും നൃത്തവും ഗാനത്തെ വ്യത്യസ്തമാക്കി. 'ലവ് ഇന്‍ സിങ്കപ്പൂര്‍' എന്ന ചിത്രത്തിലെ ഗാനം ഈണമിട്ടത് ശങ്കര്‍ ഗണേഷായിരുന്നു. ഏറ്റുമാനൂര്‍ ശിവകുമാര്‍ രചിച്ച ഗാനം ജയചന്ദ്രനും പി. സുശീലയും ചേര്‍ന്നാണ് ആലപിച്ചത്. 

അതു വരെ കണ്ട കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തനായാണ് 'ഏതോ ഒരു സ്വപ്‌നം' എന്ന സിനിമയില്‍ ശ്രീകുമാരന്‍ തമ്പി ജയനെ അവതരിപ്പിച്ചത്. ജയനും ഷീലയും കനകദുര്‍ഗ്ഗയും പ്രധാനവേഷങ്ങളിലെത്തിയ സിനിമയിലെ ഗാനങ്ങള്‍ ഹിറ്റായിരുന്നു. സലില്‍ ചൗധരി സംഗീതം നല്‍കിയ ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പിയാണ് രചിച്ചത്. യേശുദാസ് ആലപിച്ച പൂമാനം പൂത്തുലഞ്ഞേ...എന്ന ഗാനം കേള്‍ക്കുമ്പോഴൊക്കെ ജയന്റെ 'സ്വാമി' കഥാപാത്രം ഓര്‍മയിലെത്തുക സ്വാഭാവികം.

ജയഭാരതിക്കൊപ്പം ജയന്‍ പ്രത്യക്ഷപ്പെട്ട ജില്‍ ജില്‍ ജില്‍ ചിലമ്പനങ്ങി... എന്ന ഗാനവും ജയന്‍പാട്ടുകളുടെ ആരാധകര്‍ക്ക് പ്രിയപ്പെട്ടത് തന്നെ. 'പുതിയ വെളിച്ചം' എന്ന സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഈണമിട്ടത് സലില്‍ ചൗധരിയാണ്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി പാട്ടുകള്‍ രചിച്ചതും അദ്ദേഹം തന്നെയാണ്. ജയചന്ദ്രനും പി. സുശീലയും ചേര്‍ന്നാണ് ഈ ജില്‍ ജില്‍ സോങ് പാടിയിരിക്കുന്നത്. 

 

Content Highlights: Jayan Hit Songs, Kasthoori Man Mizhi, Kannum Kannum