പൃഥ്വിരാജ് നായകനായി എത്തുന്ന ജയിംസ് ആന്‍ഡ് ആലിസിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മഴയേ മഴയേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കും അഭയ ഹിരണ്‍മയിയുമാണ്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ജയിംസ് ആന്‍ഡ് ആലിസ്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ കഥയും ഛായാഗ്രാഹണവും സുജിത് തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് വേദികയാണ്. ഇവര്‍ക്കൊപ്പം സായികുമാര്‍, വിജയരാഘവന്‍, പാര്‍വതി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തിരക്കഥ ഡോ. എസ്. ജനാര്‍ദ്ദനനും ചിത്രസംയോജനം സംജിത്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ്. സജികുമാര്‍ നിര്‍മ്മിച്ച 'ജയിംസ് ആന്‍ഡ് ആലിസ്' ഏപ്രില്‍ 29ന് തിയറ്ററുകളിലെത്തും. 

ജയിംസ് ആന്‍ഡ് ആലിസിലെ പൃഥ്വിരാജിന്റെ വ്യത്യസ്ത ലുക്ക് ഇപ്പോള്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. പോണി ടെയില്‍ മാതൃകയിലുള്ള ഹെയര്‍ സ്‌റ്റൈലാണ് പൃഥ്വിക്ക് ഈ ഗാനരംഗത്തിലുള്ളത്. ഇത് കൂടാതെ മറ്റൊരു ഗെറ്റപ്പിലും പൃഥ്വി ഈ സിനിമയില്‍ എത്തുന്നുണ്ട്. ജയിംസ് എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബാങ്ക് ജീവനക്കാരിയായ ആലിസിന്റെ വേഷത്തിലാണ് വേദിക അഭിനയിക്കുന്നത്. വിവാഹത്തിന് മുന്‍പും ശേഷവും ജയിംസിന്റെയും ആലീസിന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന ഏതാനും സംഭവവികാസങ്ങളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടു നീങ്ങുന്നത്.