ന്തരിച്ച സംവിധായകൻ സച്ചിയുടെ അവസാനചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രത്തിലെ നഞ്ചിയമ്മയുടെ പാട്ടുകളെ സൃഷ്ടിച്ച തരംഗം ഇനിയും കെട്ടടങ്ങിയിട്ടില്ല. സച്ചിയുടെ ഓർമ്മകളിൽ ദൈവമകളെ എന്ന പാട്ടിന്റെ റെക്കോർഡിംഗ് ഓർമ്മകളിലേക്ക് പോവുകയാണ് സംഗീതസംവിധായകൻ ജേക്സ് ബിജോയ്. അയ്യപ്പനും കോശിയും ടീം സച്ചിയുടെ സ്മരണയ്ക്കായി ഒരുക്കിയിരിക്കുന്ന ഒരു വീഡിയോയും ജേക്സ് പങ്കുവെക്കുന്നു. ആത്മസുഹൃത്തിന്റെ ഓർമ്മയിൽ പൃഥ്വിരാജും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ജേക്‌സ് ബിജോയ് യുടെ കുറിപ്പ്


'ചില മനുഷ്യർ അങ്ങിനെ ആണ്...ഹൃദയം കൊണ്ട് സംസാരിക്കും...സംസാരം കൊണ്ട് നമ്മളെ ചിന്തിപ്പിക്കും..വാക്കുകളിൽ സത്യം നിറക്കും...അവരുടെ സൃഷ്ടികളിൽ ദൈവത്തിന്റെ കൈയൊപ്പ് ഉണ്ടാകും....അവർക്കായി ദൈവം ചില നന്മകളെ നൽകും....
അവിടെ കാലാതീതമായ കലാസൃഷ്ടികൾ പിറവി എടുക്കുന്നു....

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ 'ദൈവമകളെ' എന്ന ഗാനം പിറന്നതും അങ്ങനെ തന്നെ ആണ് എന്നു കരുതാൻ ആണ് ഇഷ്ടം.

നഞ്ചമ്മയുടെ ഹൃദയത്തിൽ എന്നോ തെളിഞ്ഞു വന്ന ആ വരികൾ സച്ചിയേട്ടന് വേണ്ടി തന്നെ ആയിരുന്നിരിക്കണം.

ദൈവമകളെ എന്നു നഞ്ചമ്മ പാടുമ്പോൾ അത് കേൾക്കാൻ സച്ചിയേട്ടൻ ഇല്ല എങ്കിലും...ആ പാട്ടിന്റെ ഉള്ളിൽ....ആ വരികളിൽ നിറയെ സച്ചിയേട്ടൻ ഉള്ളത് പോലെ....
അരികിൽ സച്ചിയേട്ടൻ വന്നത് പോലെ....

ദൈവമകളെ എന്ന ഗാനം റെക്കോഡിങ് കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു. രാജീവ് രവി സാറിന്റെ Collective സ്റ്റുഡിയോയിൽ ആയിരുന്നു റെക്കോർഡിങ്. രാവിലെ ഞാൻ സച്ചിയേട്ടനെ വിളിച്ചു. നീ തുടങ്ങിക്കോടാ കുട്ടാ ഞാൻ വന്നോളാമെന്നായിരുന്നു മറുപടി.

ഞാൻ സ്റ്റുഡിയോയിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ നഞ്ചിയമ്മയും കൂടെ കുറച്ചു ആളുകളും എത്തി. അവർ എത്തി കഴിഞ്ഞാണ് ഞാൻ അറിയുന്നത് ലീഡ് സിംഗർ ഒരു പ്രായമായ അമ്മ ആണ് എന്ന്. ഞങ്ങൾ റെക്കോഡിങ് തുടങ്ങി. അവർ എല്ലാവരും ഒരുമിച്ചു കൊട്ടി പാടുകയായിരുന്നു. കുറെ പാട്ടുകൾ അവർ പാടി. ആ കൂട്ടത്തിൽ ആണ് ദൈവമകളെ എന്ന ഗാനം പാടുന്നത്. ആ പാട്ടിന്റെ ഒരു ഫീൽ കേട്ടപ്പോൾ എനിക്ക് അത് നഞ്ചമ്മ തനിയെ പാടി റെക്കോർഡ് ചെയ്യാൻ തോന്നി. അങ്ങിനെ ആണ് ആ പാട്ട് ഉണ്ടാകുന്നത്.

കുറച്ചു സമയം കഴിഞ്ഞപ്പോൾ സച്ചിയേട്ടൻ വന്നു. വന്ന വഴി എടാ നീ ചെയ്തതൊക്കെ ഒന്നു കേൾപ്പിക്കടാ എന്നു പറഞ്ഞു.

ഞാൻ അപ്പോൾ സച്ചിയേട്ടനോട് പറഞ്ഞു ..ഏട്ടാ എല്ലാം ഞാൻ കേൾപ്പിക്കാം. അതിനെല്ലാം മുൻപ് ഏട്ടൻ ഈ ഗാനം ഒന്നു കേൾക്ക് എന്നു പറഞ്ഞു ദൈവമകളെ എന്ന ഗാനം കേൾപ്പിച്ചു.

പൂർണ നിശബ്ദത ആയിരുന്നു അവിടെ...പാട്ട് കേട്ട് കഴിഞ്ഞപ്പോൾ സച്ചിയേട്ടന്റെ കണ്ണു നിറഞ്ഞു. ഇടറുന്ന ശബ്ദത്തോടെ എന്നോട് പറഞ്ഞു.

' എന്റെ പടത്തിലെ കണ്ണമ്മയുടെ ശബ്ദം ആടാ ഇത്. ഇത് വേണം. കണ്ണമ്മയെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ആ മലയുടെ മുകളിലൂടെ ഈ പാട്ട് വേണം. '

സച്ചിയേട്ടൻ പറഞ്ഞത് പോലെ അങ്ങിനെ തന്നെ ഞങ്ങൾ അത് ചെയ്തു. സച്ചിയേട്ടന്റെ ആ വിഷമവും സന്തോഷവും നിറഞ്ഞ മുഖം ഞാൻ ഇന്നും ഓർക്കുന്നു
ദൈവമകളെ എന്ന സച്ചിയേട്ടന്റെ...ഞങ്ങളുടെ....നിങ്ങളുടെ...
എല്ലാവരുടെയും ഗാനം...സച്ചിയേട്ടന്റെ ഓർമകൾക്ക് മുൻപിൽ ഞാൻ സമർപ്പിക്കുന്നു.

നിറഞ്ഞ കണ്ണുകളോടെ ജേക്സ് പറഞ്ഞു നിർത്തി.'

Content Highlights :jakes bejoy ayyapanum koshiyum movie song nanchiyamma in memory of sachy director