കൊച്ചി: ലോക സുനാമിദിനത്തിൽ പ്രകൃതിക്ക് തന്റെ സം​ഗീത ആൽബത്തിലൂടെ ആദരമർപ്പിക്കുകയാണ് അച്ഛൻ കൈതപ്രത്തിന്റെ വരികൾക്ക് സം​ഗീതം നൽകി മകൻ ദീപാങ്കുരൻ. പ്രകൃതിയെന്ന അമ്മയ്ക്ക് നമ്മളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് തിരയുകയാണ് ഈ സം​ഗീത ആൽബത്തിലൂടെ. 

മൃ​ഗങ്ങളേയും മനുഷ്യരേയും പ്രകൃതിയേയുമെല്ലാം കുറിച്ച് പറയുന്ന ആൽബത്തിൽ ചലച്ചിത്രതാരം അപർണ ബാലമുരളി, അഞ്ജലി, കല്ല്യാണി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.  ജോമിത് ജോണിയും ചെെതന്യയുമാണ് സംവിധായകർ. 

"നമ്മുടെയൊക്കെ ശരീരത്തിൽ ഒരു മുറിവ് ഉണ്ടാകുമ്പോഴുണ്ടാകുന്ന വേദനയും ബുദ്ധിമുട്ടുമൊക്കെ നമുക്ക് ഊഹിക്കാവുന്നതാണ്. പക്ഷേ നമ്മുടെ അമ്മയെപ്പോലെ നമ്മൾ സ്നേ​ഹിക്കേണ്ട പ്രകൃതിയെ പലരീതിയിൽ വേദനിപ്പിക്കുകയാണ് ഇപ്പോൾ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ഈ ഒരു ഘട്ടത്തിൽ പ്രകൃതിയാകുന്ന നമ്മുടെ അമ്മയ്ക്ക് നമ്മളോട് എന്തെങ്കിലും പറയുവാനുണ്ടാകുമോ എന്ന ചിന്തയാണ് എന്റെ മനസിലുണ്ടായത്". അതിൽ നിന്നുമാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചേർന്നതെന്നും പറയുകയാണ് ദീപാങ്കുരൻ. 

''ലോക സുനാമി ദിനത്തിൽ തന്നെ ആൽബം പുറത്തിറക്കണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു. പ്രകൃതി നമ്മോട് സംസാരിക്കുന്നതുപോലെയാണ് ആൽബം ചെയ്തിരിക്കുന്നത്. പ്രകൃതിയുടെ ക്ഷോഭങ്ങളെക്കുറിച്ചും പ്രകൃതി എന്താണ് പറയാൻ ആ​ഗ്രഹിക്കുന്നതെന്നുമാണ് പാട്ടിൽ വ്യക്തമാക്കുന്നത്.

അച്ഛൻ കൈതപ്രമാണ് ഇറ്റ്സ് മീ നേച്ചർ എന്ന ആൽബത്തിന് വേണ്ടി വരികളെഴുതിയിരിക്കുന്നത്. ജോമിത് ജോണിയും ചെെതന്യയും പിന്നീട് സംവിധായകരായി ഇതിലേക്ക് എത്തുകയായിരുന്നു.

ആൽബത്തിൽ പാട്ടിന് ഇടയിലായി ഒരു വോയിസ് ഓവർ വന്നാൽ നന്നാകുമെന്ന് തോന്നി. പ്രകൃതി എന്ന ആശയത്തിലുള്ളതായതുകൊണ്ട് തന്നെ ഒരു സ്ത്രീ ശബ്ദം തന്നെയാകണമെന്ന് കരുതി. അങ്ങനെയാണ് അപർണ ബാലമുരളി ഇതിലേക്ക് എത്തുന്നത്''- ദീപാങ്കുരൻ പറയുന്നു. 

Content Highlights:it's me nature video album by music director deepankuran