-
പാരാകെ പടരുന്ന സംഗീതമാണ് സൂരജ് എസ് കുറുപ്പിന്റേത്. സംഗീതസംവിധായകനായി കരിയര്‍ തുടങ്ങിയ കാലം തൊട്ട് സ്വന്തമായ വഴിയിലൂടെ സഞ്ചരിച്ച് വേറിട്ട പാട്ടുകള്‍ മലയാളിയ്ക്ക് സമ്മാനിക്കാന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ലൂക്കയിലെ നീയില്ലാ നേരവും സോളോയിലെ സീതാ കല്യാണവുമെല്ലാം അതിന് ഉത്തമ ഉദാഹരണങ്ങളാണ്. സൂരജ് സംഗീതമൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടോവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. ചിത്രത്തിലെ ആദ്യ ഗാനമായ പാരാകെ പടരാമേ വലിയ ഹിറ്റായതോടെ ചിത്രത്തിലെ മറ്റ് ഗാനങ്ങളും അണിയറപ്രവര്‍ത്തകര്‍ ജൂക്ക്‌ബോക്‌സായി പുറത്തിറക്കി. പാരാകെ എന്ന പാട്ടിനുപുറമേ മറ്റ് നാല് ഗാനങ്ങള്‍ കൂടി ചിത്രത്തിലുണ്ട്.
പാട്ടുകള്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചു. സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് പാട്ടുകള്‍ ഒരുക്കാനുള്ള അവസരം സൂരജിനെത്തേടിയെത്തുന്നത്. ശ്രമകരമായ ആ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. പാട്ടുകള്‍ പോലെ ചിത്രവും വലിയ വിജയം നേടുമെന്ന പ്രതീക്ഷയില്‍ സംഗീതസംവിധായകന്‍ സൂരജ് എസ് കുറുപ്പ് സംസാരിക്കുന്നു
സുഷിന്‍ കൊണ്ടുവന്ന ചിത്രം
സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സുമായി ബന്ധപ്പെട്ട് ആദ്യം എന്നെ വിളിക്കുന്നത്. അദ്ദേഹമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത്. സുഷിന്‍ തന്നെയായിരുന്നു ഈ ചിത്രത്തിന് പാട്ടൊരുക്കേണ്ടിയിരുന്നത്. പക്ഷേ മറ്റ് ചിത്രങ്ങളുടെ തിരക്കുകള്‍ വന്നതിനാല്‍ പാട്ടുകള്‍ കംപോസ് ചെയ്യാനായില്ല. എന്നോട് പാട്ടുകള്‍ ചെയ്യാനാകുമോ എന്ന് ചോദിച്ചു. സംവിധായകന്‍ ജിയോ ബേബി വിളിക്കുമെന്നും പറഞ്ഞു. സുഷിന് പിന്നാലെ സംവിധായകന്‍ എന്നെ വിളിച്ചു. ജിയോ ചേട്ടനെ എനിക്ക് നേരത്തേ പരിചയമുണ്ട്. അദ്ദേഹത്തിന്റെ ഓഫര്‍ ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു.
ആ വെല്ലുവിളി അതിജീവിക്കാന്‍ കുറച്ച് കഷ്ടപ്പെട്ടു
ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കാമെന്ന് സമ്മതിച്ചെങ്കിലും വലിയൊരു വെല്ലുവിളി എന്റെ മുന്നിലുണ്ടായിരുന്നു. സാധാരണയായി പാട്ടുകള്‍ ചിട്ടപ്പെടുത്തിയതിനുശേഷമാണ് അതിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുക. പക്ഷേ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ പാട്ടുകള്‍ നേരത്തേ ചിത്രീകരിച്ചിരുന്നു. അതിനാല്‍ പശ്ചാത്തല സംഗീതമൊരുക്കുന്നതുപോലെ ചിത്രത്തിലെ പാട്ടുരംഗങ്ങള്‍ക്കും ഗാനങ്ങള്‍ ഒരുക്കേണ്ട സ്ഥിതി വന്നു. കരിയറിലാദ്യമായാണ് ഇത്തരത്തിലൊരു വെല്ലുവിളി നേരിടേണ്ടി വന്നത്. അത് സംഗീതസംവിധായകന്റെ സ്വാതന്ത്ര്യത്തെ ചെറുതായെങ്കിലും ബാധിക്കും. അക്കാര്യം ഞാന്‍ സൂചിപ്പിക്കുകയും ചെയ്തു. പാട്ടുരംഗങ്ങള്‍ ഓരോന്നായി കണ്ടതിനുശേഷമാണ് ചിത്രത്തിലെ ഓരോ ഗാനങ്ങളും ഞാനൊരുക്കിയത്. എല്ലാ പാട്ടുകളും വ്യത്യസ്ത രീതിയിലുള്ളതായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആദ്യമായി ചെയ്ത പാട്ട് പാരാകെയാണ്. പാട്ടുകള്‍ ഹിറ്റായതില്‍ സന്തോഷിക്കുന്നു.
മറ്റുഭാഷകളിലുള്ള വരികളും ഈണങ്ങളും സിനിമ ആവശ്യപ്പെട്ടതാണ്
എന്തുകൊണ്ടാണ് ഹിന്ദി വരികളും തമിഴ് വരികളുമെല്ലാം പാട്ടുകളിലുടനീളം ചേര്‍ത്തിരിക്കുന്നത് എന്ന ചോദ്യം പാട്ടുകളിറങ്ങിയതിനുശേഷം പലരും ചോദിച്ചു. ഇതൊരു റോഡ് മൂവിയാണ്. പല സംസ്ഥാനങ്ങളിലൂടെ, ഭാഷകളിലൂടെ, സംസ്‌കാരങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ്. അതുകൊണ്ടുതന്നെ പാട്ടുകളുടെ വരികളിലും സംഗീതത്തിലും ഒരു പാന്‍ ഇന്ത്യാ ഫീല്‍ കൊണ്ടുവരണമെന്ന് സംവിധായകന്‍ ജിയോ ചേട്ടന്‍ നിര്‍ദേശിച്ചിരുന്നു. അതുപ്രകാരമാണ് ഇത്തരത്തിലുള്ള പാട്ടുകള്‍ ഒരുക്കിയത്. തമിഴും ഇംഗ്ലീഷും ഹിന്ദിയുമെല്ലാം പാട്ടുകളിലൂടെ കടന്നുപോകുന്നുണ്ട്. എല്ലാ പാട്ടുകളും പാട്ടുരംഗങ്ങളെ ആധാരമാക്കി ചെയ്തതാണ്. അത് വലിയൊരു ഉത്തരവാദിത്വമായിരുന്നു.
സംവിധായകന്റെ നിര്‍ദേശങ്ങള്‍
ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബി സംഗീതത്തില്‍ അറിവുള്ള വ്യക്തിയാണ്. നിരവധി ജിംഗിളുകള്‍ അദ്ദേഹം കംപോസ് ചെയ്തിട്ടുണ്ട്. എന്തിനേറെ പറയുന്നു അദ്ദേഹത്തിന്റെ മകന്റെ പേര് മ്യൂസിക്ക് എന്നാണ്. അതുകൊണ്ടുതന്നെ പാട്ടുകള്‍ ഒരുക്കുമ്പോള്‍ കൃത്യമായ നിര്‍ദേശങ്ങള്‍ എനിക്ക് ലഭിച്ചിരുന്നു. ഓരോ പാട്ടും ചിട്ടപ്പെടുത്തിയതിനുശേഷം അദ്ദേഹത്തെ നേരിട്ട് കണ്ട് അത് കേള്‍പ്പിക്കും. അതിനുശേഷമാണ് മറ്റ് വര്‍ക്കുകളിലേക്ക് കടക്കുക. അദ്ദേഹം നല്‍കിയ സ്വാതന്ത്ര്യവും എടുത്തുപറയേണ്ട ഒന്നാണ്.
തീയേറ്ററില്‍ ഇറങ്ങാത്തതില്‍ വിഷമമുണ്ട്
തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്ന സമയത്താണ് കോവിഡ് കേരളത്തെ കടന്നാക്രമിക്കുന്നത്. പിന്നീട് റിലീസ് നീണ്ടുപോകുകയും ചെയ്തു. ഒടുവില്‍ മിനിസ്‌ക്രീനില്‍ ചിത്രം റിലീസ് ചെയ്യുകയാണ്. അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്കറിയില്ല. കാരണം അത്തരമൊരു കാര്യം ഇതുവരെ എക്‌സ്പീരിയന്‍സ് ചെയ്തിട്ടില്ല. പക്ഷേ പാട്ടുകളുടെ കാര്യത്തില്‍ വിഷമമുണ്ട്. തീയേറ്ററില്‍ നിന്നും കേള്‍ക്കുന്ന ഒരു സുഖം പാട്ടുകള്‍ക്ക് മിനിസ്‌ക്രീനില്‍ നഷ്ടപ്പെട്ടേക്കാം. തീയേറ്റര്‍ മിക്‌സിങ്ങിനായി മുംബൈയിലേക്ക് ഒറ്റ ദിവസം കൊണ്ടുപോയി തിരിച്ചുവന്നതുമൊക്കെ മനസ്സിലൂടെ കടന്നുപോകുന്നു.
പുതുശബ്ദങ്ങള്‍ക്ക് അവസരം നല്‍കാനായി
ചിത്രത്തിലൂടെ പുതിയ ഗായകര്‍ക്ക് അവസരം നല്‍കാന്‍ സാധിച്ചു എന്നത് വലിയ നേട്ടമായി കരുതുന്നു. പാരാകെ എന്ന ഗാനത്തില്‍ പവിത്ര, പ്രണവ്യ എന്നീ സഹോദരിമാര്‍ക്ക് അവസരം നല്‍കി. അവര്‍ മുന്‍പ് എനിക്കുവേണ്ടി കോറസ് പാടിയിട്ടുണ്ട്. ദിനമേ എന്ന ഗാനം കംപോസ് ചെയ്യുമ്പോള്‍ തന്നെ പുതിയൊരു ശബ്ദം വേണമെന്ന് ആഗ്രഹിച്ചിരുന്നു. ആ ശബ്ദം അവിചാരിതമായി എന്നെത്തേടി വരികയായിരുന്നു. എറണാകുളത്ത് ഒരു കടയുടെ ഉദ്ഘാടനത്തിന് പോയപ്പോള്‍ അവിടെയിരുന്ന് ഒരാള്‍ ഗിറ്റാര്‍ വായിച്ച് നന്നായി പാടുന്നു. ഞാന്‍ തേടിയ ശബ്ദമായിരുന്നു ആ കേട്ടത്. മൃദുല്‍ അനില്‍ എന്നാണ് ഗായകന്റെ പേര്. പാട്ടിന്റെ കംപോസിഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ മൃദുലിനെ വിളിക്കുകയും പാട്ട് പാടിക്കുകയും ചെയ്തു. മൃദുല്‍ നല്ലൊരു വെസ്റ്റേണ്‍ സിങ്ങറാണ്.
സിത്താരച്ചേച്ചി പാടിയ തെളിഞ്ഞേ വാനാകെ എന്ന പാട്ടില്‍ ഒരു റാപ്പ് പോര്‍ഷനുണ്ട്. അതുപാടാനായി ഞാന്‍ തിരെഞ്ഞെടുത്തത് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റാപ്പര്‍മാരില്‍ ഒരാളായ അതിഥിയെയാണ്. പത്താം ക്ലാസിലോ മറ്റോ ആണ് ആ കുട്ടി പഠിക്കുന്നത്. പക്ഷേ റാപ്പ് പാടി നമ്മളെ ഞെട്ടിക്കും. ഒരു പരസ്യക്കമ്പനിയ്ക്ക് വേണ്ടിയാണ് അതിഥിയെ ആദ്യമായി ഞാന്‍ കണ്ടെത്തിയത്. ഇപ്പോള്‍ സിനിമയില്‍ അവസരം വന്നപ്പോള്‍ അവള്‍ക്ക് അവസരം നല്‍കി. താനേ മൗനം എന്ന പാട്ടിന് എ.ആര്‍.റഹ്മാനൊപ്പം പ്രവര്‍ത്തിക്കുന്ന യദു കൃഷ്ണനെയാണ് തിരെഞ്ഞെടുത്തത്. റംഷി അഹമ്മദും ചിത്രത്തില്‍ പാടിയിട്ടുണ്ട്.
Content Highlights: interview with sooraj S Kurup music director of Kilometers and kilometers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..