-
റാസാ ആൻഡ് ബീഗം ദമ്പതികളിലൂടെയൊഴുകുന്ന ഗസൽ മാധുരിൽ ലയിച്ചിരിക്കാത്തവർ കുറവാണ്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ലക്ഷക്കണക്കിന് സംഗീത്വാസ്വാദകരെയാണ് റാസാബീഗം ദ്വന്ദം നേടിയിരിക്കുന്നത്. 'നീ എറിഞ്ഞ കല്ല്' എന്ന ഗാനം നാലുദിവസം കൊണ്ട് കണ്ടത് നാലുലക്ഷത്തോളം ആളുകളാണ്. ഗസൽപൈതൃകത്തെ പുതിയ തലുറയുടെ ആസ്വാദകശേഷിയിലേക്ക് ആകർഷിക്കാനുള്ള ഇവരുടെ കഴിവാണ് വീണ്ടും തെളിഞ്ഞിരിക്കുന്നത്. നീ എറിഞ്ഞ കല്ലിനെക്കുറിച്ചും റാസാ-ബീഗം ദമ്പതിമാരുടെ സംഗീതത്തെക്കുറിച്ചും റാസാ റസാഖ് സംസാരിക്കുന്നു.
നീ എറിഞ്ഞ കല്ല് പാഞ്ഞ് മാനത്തമ്പിളി പാതിമുറിഞ്ഞ് തോട്ടുവരമ്പിൽ വീണതെന്ന് പൊള്ളു പറഞ്ഞില്ലേ....റാസാ-ബീഗം ദ്വന്ദത്തിലേക്ക് മകൾ സൈനുവും കൂടി ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. നീ എറിഞ്ഞ കല്ലിന്റെ അണിയറപ്രവർത്തനങ്ങളെക്കുറിച്ച്?
നീ എറിഞ്ഞ കല്ലിനായി സൈനുവിനെ പ്രത്യേകം പരിശീലനങ്ങളൊന്നും കൊടുത്തിട്ടില്ല. അത് സ്വാഭാവികമായി സംഭവിച്ചതാണ്. മൂന്നുവർഷം മുമ്പ് സോഷ്യൽ മീഡിയ വഴി സുഹൃത്തായ ഷാഹുൽ ഹമീദ് എഴുതിയതാണ് 'നീ എറിഞ്ഞ കല്ലി'ലെ വരികൾ. അത് കമ്പോസ് ചെയ്ത് ലൈവ് പരിപാടികൾക്കൊക്കെ ഞങ്ങൾ കുറേ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോളാണ് അതിനാരു ശരിയായ ഓർക്കസ്ട്രേഷൻ വന്നുചേർന്നത്.
ആ പാട്ടിന്റെ വരികൾ വായിച്ചപ്പോൾ തന്നെ അതിലെ കുട്ടിത്തവും ബാല്യകാലവും അനുഭവിക്കാനായി. അതാണ് സൈനുവിനെ ഉൾപ്പെടുത്തണമെന്ന ആഗ്രഹമുണ്ടാവാൻ കാരണം. മോള് ആ പാട്ടിനോടുള്ള ഇഷ്ടത്താൽ മൂളിനടക്കുമായിരുന്നു. അതുകൊണ്ട് എളുപ്പമായി. കമ്പോസിങ് ഞാൻ തന്നെയാണ് നടത്തിയത്.
പഴയ പാട്ടുകളുടെ ട്രീറ്റ്മെന്റാണ് 'നീ എറിഞ്ഞ കല്ലി'ന് കൊടുത്തത്. ആദ്യം ലിറിക്സ്, പിന്നെ അതിനനുസരിച്ച് ട്യൂൺ കൊടുത്തു. ബേണി ഇഗ്നേഷ്യസിനെ ഓർക്കസ്ട്രേഷൻ ചെയ്യാൻ ലഭിച്ചതാണ് മറ്റൊരു ഭാഗ്യം. അതുകൊണ്ടുതന്നെ അസാധ്യമായൊരു മെലഡിയായി അത് മാറി. തികച്ചും ഓർഗാനിക് ആയിട്ടുള്ള ഇൻസ്ട്രുമെന്റുകളാണ് നീ എറിഞ്ഞ കല്ലിൽ ഉപയോഗിച്ചിരിക്കുന്നത്. ഓടക്കുഴലും തബലയും ഹാർമോണിയവും വയലിനും എല്ലാം ഉപയോഗിച്ചു. ഡിജിറ്റൽ കണ്ടന്റ് വളരെ കുറവാണ് ഇതിൽ. കുറേകാലം കഴിഞ്ഞാലും ഈ പാട്ട് ആളുകൾക്ക് കേൾക്കാൻ തോന്നണം എന്നതായിരുന്നു ലക്ഷ്യം.
പാട്ടുകളുടെ തിരഞ്ഞെടുപ്പ് വലിയൊരു വെല്ലുവിളിയാണോ?
നമുക്ക് കിട്ടിയ വരികളെ എത്രത്തോളം ലളിതമായി ആളുകളിൽ എത്തിക്കാൻ പറ്റുമോ അത്രയും ലളിതമാക്കണമെന്ന നിർബന്ധം മാത്രമേ കമ്പോസിങ് വേളയിൽ ശ്രദ്ധിക്കാറുള്ളൂ. കൂടുതൽ സങ്കീർണമായ വരികൾ ഞങ്ങൾ സ്വീകരിക്കാറില്ല. ആളുകൾക്ക് പെട്ടെന്ന് ഹൃദ്യമാവണം. പാട്ട് കേൾക്കുന്ന സമയത്തുതന്നെ ഏതൊരാൾക്കും ഏറ്റുമൂളാൻ കഴിയുന്നതായിരിക്കണം. നല്ല നിലവാരം പുലർത്തുന്നതുമായിരിക്കണം.
പൈതൃക മലബാറിന്റെ ഗസൽരീതികളെ റാസ-ബീഗം തിരിച്ചുപിടിക്കാനുള്ള ശ്രമമാണോ?
സംഗീതത്തിലായാലും സാഹിത്യത്തിലായാലും സംസ്കാരത്തിലായാലും ഒരുപാട് മാറ്റങ്ങളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്ന കാലമാണ്. പലഭാഷകൾ, പല സംസ്കാരങ്ങൾ, പലവേഷങ്ങൾ, പലഭക്ഷണങ്ങൾ...എല്ലാം നമ്മൾ മാറിമാറി പരീക്ഷിക്കുന്നു,വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു. എല്ലാ മേഖലകളും കൊടുക്കൽ വാങ്ങലുകളാൽ സമ്പന്നമാണ് ഇപ്പോൾ. അതിന്റെ ഭാഗമായാണ് ഖവാലി ആസ്വാദനം ഉത്തരേന്ത്യൻ ശീലത്തിൽ നിന്ന് നമ്മുടെ തലമുറയും ഏറ്റെടുക്കുന്നത്. പൈതൃകഘടകങ്ങൾ ഉള്ള സംഗീതങ്ങൾ നമ്മൾ കൊടുക്കുമ്പോൾ അത് വലിയരീതിയിൽ സ്വീകരിക്കപ്പെടുന്നതും ഇതുകൊണ്ടാവാം. ഇത്തരം സംഗീതങ്ങളൊക്കെ നമ്മുടെ തലമുറ കേട്ടുകൊണ്ടിരിക്കുകയാണ്. അവർക്ക് 'നീ എറിഞ്ഞ കല്ല്' പുതുമയായിരിക്കില്ല, പക്ഷേ വ്യത്യസ്ത അനുഭവമായിരിക്കും.
പുതിയ സംഗീതവും ട്യൂണുകളും ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുമ്പോളും പൂമുത്തോളെ നീയറിഞ്ഞ...പോലുളള പഴയ ശൈലിയിലുള്ള പാട്ടുകൾ നമ്മൾ ഏറ്റെടുക്കുന്നു. സംഗീതത്തിലും സംഭവിക്കുന്നത് അതാണ്. ഞങ്ങൾ ആസ്വാദകർക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നതും ആ പൈതൃകക്കൂട്ടുള്ള സംഗീതത്തെയാണ്. അത് ആസ്വാദകർ ഏറ്റെടുക്കും എന്നു തന്നെയാണ് വിശ്വാസം.
തിരുവനന്തപുരത്തുകാരിയായ ഇംത്യാസ് ബീഗം, കണ്ണൂരുകാരനായ റാസ റസാഖ്. രണ്ടുപേരും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയതിൽ പിന്നെയാണോ ഇങ്ങനെയൊരു സംഗീതലോകം പടുത്തുയർത്തിയത്.
ഞങ്ങൾ രണ്ടുപേർക്കും സംഗീതം എന്ന അഭിരുചി ചെറുപ്പം മുതലേ ഉണ്ടായിരുന്നു. ബീഗം സംഗീതം പഠിച്ചതാണ്. ഓമനക്കുട്ടി ടീച്ചറുടെ കീഴിലാണ് പഠിച്ചത്. കർണാടിക് മ്യൂസിക് ബാക്ഗ്രൗണ്ട് ബീഗത്തിനുണ്ട്. ഞാൻ ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല. പാട്ടുകളോടുള്ള അമിതമായിട്ടുള്ള അഭിനിവേശം മൂത്ത് നാട്ടിലെ ക്ളബുകളിൽ വൈകുന്നേരങ്ങളിൽ പോയി ഇരിക്കും. അവിടെയിരുന്ന് പാട്ടുകളിൽ മുഴുകുകയാണ് പ്രധാനപരിപാടി. മെഹ്ദി ഹസനെയും ഗുലാം അലിയെയും ഉമ്പായിയെയും ഷഹബാസ് അമനെയും ഒക്കെ കേൾക്കാൻ പ്രചോദനമായത് സത്യത്തിൽ നാട്ടിലെ ക്ളബുകളിലെ തട്ടിൻപുറത്ത് പാട്ടുസംസ്കാരമാണ്. അത് ഇഷ്ടമായിത്തന്നെ നിലനിർത്തിക്കൊണ്ട് ജീവിതമാർഗമായി തിരഞ്ഞെടുത്തത് ഗ്രാഫിക് ഡിസൈനിങ്ങായിരുന്നു. സംഗീതം കൊണ്ട് ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആത്മവിശ്വാസം ഇല്ലായിരുന്നു അക്കാലത്ത്. അങ്ങനെ കുടുംബത്തോടൊപ്പം ഗൾഫിൽ പോയി അവിടെ ഗ്രാഫിക് ഡിസൈനറായി ജോലിചെയ്തു, നാലുവർഷത്തോളം.ജോലിചെയ്യുമ്പോൾ പാതിയും പാട്ടുകളോടൊപ്പമായിരുന്നു. കയ്യും കണ്ണും കമ്പ്യൂട്ടറിലും മനസ്സ് പാട്ടുകളിലും ഉടക്കിക്കിടന്നു. പിന്നെ രക്ഷയില്ലാതായപ്പോൾ സംഗീതം സ്വീകരിച്ചു.
ഇപ്പോളത് ജീവിതമാർഗമായോ?
കരിയർ എന്ന നിലയിൽ വലിയ പ്രതിസന്ധികളില്ലാതെ മുന്നോട്ടുപോകുന്നുണ്ട്. കൂടുതൽ കച്ചവടവല്ക്കരിക്കാൻ ആഗ്രഹവുമില്ല. പാടുക എന്നതാണ് ആത്യന്തികമായിട്ടുള്ള ലക്ഷ്യം. കൂടുതൽ ആവശ്യക്കാർ വരുമ്പോൾ അത് സാമ്പത്തികമായുള്ള നിയന്ത്രണങ്ങളിലേക്ക് മാറുന്നത് സ്വാഭാവികം. എങ്കിലും കൂടുതലും പാടുന്നത് പല പല റിലീഫ് ഫണ്ടുകൾക്കും വെൽഫെയറിനും വേണ്ടിയാണ്. അതും സന്തോഷം തരുന്ന കാര്യമാണ്. സംഗീതം കൊണ്ട് അങ്ങനെയും സാധിക്കുമല്ലോ.
റാസാ-ബീഗത്തിന് സ്ഥിരം ഓർക്കസ്ട്രയില്ലേ, ഇവരുടെ സാമ്പത്തികാവശ്യങ്ങളും ബാധ്യതയല്ലേ?
നല്ലൊരു ഓർക്കസ്ട്രയുള്ളതാണ് ഞങ്ങളുടെ ശേഷികളിൽ ഒന്ന്. ഉമ്പായിയുടെ മകൻ സമീർ ഉമ്പായിയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ബേണി ഇഗ്നേഷ്യസും തബല വായിച്ചിരുന്ന ജിത്തു തോമസ്സുമാണ് ഞങ്ങളുടെ കൂടെ ഉള്ളത്. നല്ല പിൻബലമാണത്. തഴക്കവും പഴക്കവും കൈവന്ന ഓർക്കസ്ട്രയാണത്. സമീർ ഉമ്പായിയെയും ജിത്തുവിനെയും ഞങ്ങൾ കുറേ മുമ്പേ തന്നെ ശ്രദ്ധിച്ചതാണ്. സമീർ ഉമ്പായിയുടെ ഗിറ്റാറും ജിത്തുവിന്റെ തബലയും ഒന്നിനൊന്നോട് കിടപിടിക്കുന്നതാണ്. ഓർക്കസ്ട്രയുടെ സപ്പോർട്ടിലാണ് ഇത്തരം പരീക്ഷണങ്ങൾക്ക് ധൈര്യത്തോടെ നിൽക്കുന്നത്.
റാസാ-ബീഗം പാട്ടുകൾക്ക് താഴെ വരുന്ന കമന്റുകളിൽ കൂടുതലും എന്താണ് ഈ പാട്ട് കേൾക്കാൻ ഇത്രയും വൈകിയത് എന്നതാണ്. തങ്ങളുടെ പാട്ടുകൾക്ക് മതിയായ പ്രമോഷൻ കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്നു തോന്നിയിട്ടുണ്ടോ?
ശരിയാണെന്ന് സമ്മതിക്കാതെ തരമില്ല. ഉമ്പായിയുടെ കാലത്തൊക്കെ സോഷ്യൽ മീഡിയ അല്ലായിരുന്നല്ലോ പ്രചാരകർ, മറിച്ച് മൗത്ത് ടു മൗത്ത് പ്രചാരണം വളരെ കൂടുതലായിരുന്നല്ലോ. ഓരോ ആസ്വാദകനും മൗത്ത് അംബാസിഡർമാരായിരുന്ന കാലമായിരുന്നു അത്. അത്രയേറെ ഇഷ്ടമായിരുന്നു ആ തലമുറയ്ക്ക് ഗസലുകളെയും ഗസൽസന്ധ്യകളെയും. ബാബുരാജിന്റെ പാട്ടുകളും അങ്ങനെതന്നെയാണ്. ഇന്ന് പക്ഷേ ഒരുപാട് പ്രമോഷണൽ പ്ളാറ്റ്ഫോമുകൾ നമ്മുടെ മുന്നിലുണ്ടെങ്കിലും എത്തേണ്ടിടത്ത് എത്തുന്നില്ല. ചിതറിപ്പോകുന്നു പലപ്പോഴും. അതിന്റെ ഏകീകൃത സ്വഭാവം എവിടെവച്ചോ നഷ്ടപ്പെട്ടുപോകുന്നു.
ഈ കാലഘട്ടത്തിൽ ഒരു ആർട്ടിസ്റ്റ് അയാളുടെ കഴിവും തെളിയിക്കണം, മികച്ച സോഷ്യൽമീഡിയ പ്രമോട്ടറായിരിക്കണം, ഗ്രാഫിക് ഡിസൈനറായിരിക്കണം, സോഷ്യൽ മീഡിയ സ്പെഷ്യലിസ്റ്റ് തന്നെയുമായിരിക്കണം. ഞങ്ങളുടെ പാട്ടുകളുടെ പ്രമോഷണൽ വർക്കുകൾ ചെയ്യുന്നത് ഞാനും ബീഗവും കൂടിയാണ്. അപ്പോൾ പരിമിതികൾ സ്വാഭാവികമാണ്. എല്ലായിടത്തും എത്തിപ്പെടാൻ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല പ്രമോഷൻ വർക്കുകളിൽ കൂടുതൽ ശ്രദ്ധിക്കുമ്പോൾ അത് പരിശീലനങ്ങളെയും മറ്റും സാരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെയായിരിക്കും പ്രമോഷൻ സൈഡ് വീക്കായിപോകുന്നത്. പയ്യെപ്പയ്യെ ഒരു ടീമിനെ ഏൽപിക്കണം അത്തരം കാര്യങ്ങൾ എന്നു കരുതുന്നു. ഇപ്പോളെല്ലാം ഇൻഹൗസ് പ്രമോഷനുകളിലാണ് പിടിച്ചുനിൽക്കുന്നത്.
പൂവായാൽ മാത്രം മതി, ഒരു തേൻകണമായാൽമതി...മുറിവേറ്റ ശബ്ദത്തിൽ ബാബുരാജ് പാടുമ്പോൾ ഒരു രാഗമാവാൻ കൊതി...ഇത് ആരുടെ വരികളാണ്. നിങ്ങളുടെ പാട്ടുകളോടൊപ്പം വരിയെഴുത്തുകാരെയും കൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു.
മൊയ്നുദ്ദീൻ എന്നൊരു സുഹൃത്തുണ്ട്. തൃശൂർ ചാവക്കാട് സ്വദേശിയാണ്. അദ്ദേഹത്തിന്റെ വരികളാണിത്. കുറേ നല്ല പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. അതുകൂടി നമ്മൾ ഏറ്റെടുക്കുന്ന ആലോചനകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ആൾ നല്ലൊരു കമ്പോസർ കൂടിയാണ്. അദ്ദേഹത്തിന്റെ വരികൾ അദ്ദേഹം തന്നെ കമ്പോസ് ചെയ്ത് തരുന്നുണ്ട്. നല്ലൊരു പാട്ടുകാരൻ കൂടിയാണ്. നമ്മുടെയിടയിൽ പലരും കുടത്തിൽ വച്ച വിളക്കുകളാണ്. മുറിവേറ്റ ശബ്ദത്തിൽ ബാബുരാജ് പാടുമ്പോൾ ഒരു രാഗമാവാൻ കൊതി എന്ന വരികൾ കിട്ടിയപ്പോൾ ആദ്യം യൂട്യൂബ് ചാനലിൽ പാടി. പിന്നെ ലൈവായി പാടിയപ്പോഴും വലിയ സ്വീകാര്യത ആ പാട്ടിനു കിട്ടി. നല്ല ഫീൽ കിട്ടുന്ന പാട്ടാണ് അത്, പാടുമ്പോളും കേൾക്കുമ്പോളും. ബാബുരാജിന് സമർപ്പിക്കുന്നു ആ പാട്ട്.
സെൻസിബിളായിട്ടുള്ള, നൊസ്റ്റാൾജിയ കലർന്ന, കാലവും പ്രായവും ആവശ്യപ്പെടുന്ന വരികളുടെ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോൾ എന്തെല്ലാം മാനദണ്ഡങ്ങളാണ് ശ്രദ്ധിക്കാറ്?
പാട്ടുകൾക്കായി രണ്ട് വഴികളുണ്ട്. ഒന്നാമത്തേത് റഫീക് അഹമ്മദ്, അൻവർ അലി,ഹരിനാരായൺ പോലുള്ളവരുടെ വരികൾ നമുക്ക് ചോദിക്കാം. ചിലപ്പോൾ കിട്ടാം, കിട്ടാതിരിക്കാം. ഈ ഫീൽഡിൽ കഴിവുതെളിയിച്ചവരാണവർ. എങ്ങനെ വേണമെങ്കിലും നമുക്ക് എഴുതിത്തരും. കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ആ പേരുകൾ സഹായകമാവും. പക്ഷേ നമുക്ക് അങ്ങനെ സമീപിക്കാൻ പറ്റാത്ത സാഹചര്യം വരുമ്പോഴാണ് രണ്ടാമത്തെ വഴി തിരഞ്ഞടുക്കുക. അറിയപ്പെടാത്ത, എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളായവരുടെ വരികൾ സ്വീകരിക്കുക എന്നതാണത്. അവിടെയാണ് നമ്മൾ മാനദണ്ഡങ്ങൾ വെക്കാറ്.
പ്രഥമപരിഗണന ഭാഷയ്ക്കാണ്. പി.ഭാസ്കരൻ മാഷിന്റെ എക്കാലത്തെയും വലിയ ഒരു ആരാധകനാണ് ഞാൻ. വരികളുടെ ലാളിത്യമാണ് അദ്ദേഹത്തിന്റെ പാട്ടുകളെ സാധാരണക്കാരുടെ മനസ്സിൽ കുടിയിരുത്താൻ കാരണം. ''ഞാൻ വളർത്തിയ ഖൽബിലെ മോഹം പോത്തുപോലെ വളർന്നല്ലോ'' എന്നദ്ദേഹം എഴുതിയിരിക്കുന്നു. പോത്തുപോലെ എന്ന് നമ്മൾ കവിതയിൽ ഉപയോഗിക്കുമോ? എന്നാൽ പാട്ടിലതാവാം. വളരെ നിലവാരം പുലർത്തുകയും എന്നാൽ വരികൾ സാധാരണക്കാരനോട് സംവദിക്കുന്നതുമായിരിക്കണം പാട്ടുകൾ. അവിടെ എഴുത്തുകാരന്റെ പേരിനൊക്കെ രണ്ടാമതേ പ്രസക്തിയുള്ളൂ. അദ്ദേഹത്തിന്റെ ഭാവനയ്ക്കാണ് പ്രഥമപരിഗണന. പലപ്പോഴും നിങ്ങൾ കേട്ടിട്ടില്ലാത്ത പേരുകളാവാം അവരുടേത്. പക്ഷേ പാട്ട് നിങ്ങൾ മറന്നുപോവാൻ പാടില്ല.
(തുടരും)
Content Highlights: Interview with popular gazal singers Razaa and Beegam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..