പുഷ്പയിലെ രംഗം / സിജു തുറവൂർ
മലയാളി വലിയതോതിൽ നെഞ്ചിലേറ്റുന്നവയാണ് അല്ലു അർജ്ജുന്റെ മൊഴിമാറ്റ ചിത്രങ്ങൾ. പ്രണയവും ആക്ഷനും ചടുല ഗാനരംഗങ്ങളും നിറച്ചെത്തുന്ന ഈ സിനിമകൾക്കെല്ലാം വലിയ ആരാധകരാണ് കേരളത്തിലുള്ളത്. മൊഴിമാറ്റ ചിത്രങ്ങൾക്ക് ലഭിച്ച അതേ സ്വീകാര്യതയാണ് ഈ ചിത്രങ്ങളിലെ പല പാട്ടുകൾക്കും ലഭിച്ചത്. ഹാപ്പിയിലെ അഴകേ നീ എന്നെ പിരിയല്ലെ.... മുതൽ പുഷ്പയിലെ ശ്രീവല്ലി വരെയുള്ള പാട്ടുകൾ, മലയാളഗാനങ്ങൾ പോലെ നമ്മൾ ഏറ്റുപാടിയവയാണ്. ഈ പാട്ടുകളുടെ മലയാളം വരികൾക്ക് പിന്നിൽ നിശബ്ദം പ്രവർത്തിച്ച ഒരാളുണ്ട്. സിജു തുറവൂർ എന്ന ചേർത്തലക്കാരൻ. മലയാളത്തിൽ വലിയ ഹിറ്റായി മാറിയ, അല്ലു അർജ്ജുന്റെ ഹാപ്പിയായിരുന്നു സിജുവിന്റെ ആദ്യ ചിത്രം. പിന്നീട് ബണ്ണി, ആര്യ 2, കൃഷ്ണ, ഗീതാഗോവിന്ദം, ഫിദ, ടാക്‌സിവാല ഉൾപ്പെടെ നൂറോളം മൊഴിമാറ്റ ചിത്രങ്ങൾക്ക് സിജു പാട്ടുകളെഴുതി. വിജയ് ദേവരക്കൊണ്ടയുടെ ലൈഗറാണ് സിജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. സിജു തുറവൂർ സിനിമ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.
Also Read
പാട്ടെഴുത്തിന്റെ തുടക്കം എങ്ങനെയായിരുന്നു ?
കോളേജിൽ പഠിക്കുന്ന കാലം മുതൽ എഴുത്തിനോട് താല്പര്യമുണ്ടായിരുന്നു. കവിതകളും മറ്റും അക്കാലത്ത് തന്നെ എഴുതി തുടങ്ങിയിരുന്നു. കവിതകൾ എഴുതി വെയ്ക്കുമെങ്കിലും പാട്ടുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. പാട്ടുകൾ കേൾക്കുന്നത് പോലെ തന്നെ എഴുതാനും ഇഷ്ടമായിരുന്നു. അങ്ങനെ പതുക്കെ പാട്ടുകൾ എഴുതി നോക്കാൻ ശ്രമം തുടങ്ങി.
ഇതിനിടെ എറണാകുളത്ത് വാദ്യോപകരണങ്ങൾ പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തിൽ ചേർന്ന് പഠിച്ചിരുന്നു. അവിടെ പാട്ട് റെക്കോഡ് ചെയ്യുന്നത് കണ്ടതിന്റെ കൗതുകത്തിന്റെ പുറത്ത് ഒരു പാട്ടെഴുതി സംഗീതം ചെയ്തു നോക്കാൻ ഞാനും എന്റെ സുഹൃത്ത് കെ.എ.ലത്തീഫും തീരുമാനിച്ചു. നമ്മുടെ സ്വന്തം പാട്ട്. സംഗീതമൊക്കെ ചെയ്ത് പാടി കേൾക്കാനുള്ള കൗതുകത്തിന്റെ പുറത്താണ് അത് ചെയ്തത്. തുടർന്ന് കൊച്ചി എഫ്എം റേഡിയേയെ സമീപിക്കുകയും രണ്ട് മൂന്ന് പാട്ടുകൾ അവർക്ക് വേണ്ടി ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടെ പാട്ടുകൾ ചേർത്ത് ഒരു കാസറ്റ് പുറത്തിറക്കിയാലോ എന്ന ചിന്തയുണ്ടായി. അങ്ങനെ ഒൻപത് പാട്ടുകൾ ചേർത്ത് ഒരു കാസറ്റ് പുറത്തിറക്കി. പ്രിയാനുരാഗം എന്ന് പേരിട്ടിരുന്ന ആ കാസറ്റിൽ പാടിയത് രാധികാ തിലക്, ബിജു നാരായണൻ, ജി. വേണുഗോപാൽ, മധു ബാലകൃഷ്ണൻ എന്നിവരരൊക്കെയാണ് പാടിയത്. അങ്ങനെയാണ് പാട്ടെഴുത്തിന്റെ തുടക്കം.പിന്നെ പതുക്കെ ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.
പിന്നീട് ഭക്തിഗാനങ്ങൾ എഴുതാൻ തുടങ്ങി. അങ്ങനെ എന്റെ സ്വദേശമായ തുറവൂരിലെ നരസിംഹ സ്വാമി ക്ഷേത്രത്തിന് വേണ്ടി ഒരു ഭക്തിഗാന സിഡി പുറത്തിറക്കി. അവിടെ ആദ്യമായായിരുന്നു ഒരു ഭക്തിഗാന സിഡി പുറത്തിറങ്ങുന്നത്. അതവിടെ വലിയ ശ്രദ്ധ നേടിയിരുന്നു. അതിന് ശേഷം ഒന്നിന് പിറകെ ഒന്നായി ഭക്തിഗാനങ്ങൾ വരാൻ തുടങ്ങി. പല കമ്പനികളും സമീപിക്കാൻ തുടങ്ങി. ഒരുപാട് സിഡികൾ പുറത്തിറങ്ങി. മിഴി അഴക് നിറയും രാധ... എന്ന പാട്ടൊക്കെ അങ്ങനെ എഴുതിയതാണ്. അക്കാലത്ത് വലിയ ശ്രദ്ധ നേടിത്തന്ന പാട്ടായിരുന്നു അത്.
പിന്നീട് എങ്ങനെയാണ് ചലച്ചിത്ര ഗാനരചനയുടെ രംഗത്തേക്ക്, പ്രത്യേകിച്ച് മൊഴിമാറ്റ ചിത്രങ്ങളുടെ ഗാനരചനയിലേക്ക് കടന്നുവന്നത് ?
നിർമാതാവ് ജോണി സാഗരികയുമായി നല്ല അടുപ്പമുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം വിളിച്ച് അത്യാവശ്യമായി തിരുവനന്തപുരത്ത് എത്തണം, ഒരു സിനിമയുടെ പാട്ട് എഴുതണം, തയ്യാറാണോ എന്ന് ചോദിച്ചു. ഞാൻ സമ്മതം പറഞ്ഞു. ഖാദർ ഹസ്സൻ എന്ന ഒരു പ്രൊഡ്യൂസർ വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ ജോണി ചേട്ടനാണ് ഖാദർ ഹസ്സന് എന്നെ പരിചയപ്പെടുത്തുന്നത്. ഖാദർ ഹസൻ അക്കാലത്ത് ഒന്നു രണ്ട് സിനിമകൾ ചെയ്ത് നിൽക്കുന്ന സമയമാണ്. അല്ലു അർജ്ജുന്റെ ഹാപ്പി എന്ന ചിത്രത്തിലെ പാട്ട് എഴുതാൻ വേണ്ടിയാണ് അദ്ദേഹം വിളിക്കുന്നത്. അങ്ങനെ ഹാപ്പിയിലെ അഴകേ നീ എന്നെ പിരിയല്ലേ... എന്ന പാട്ടാണ് ആദ്യം എഴുതിയത്. അത് അദ്ദേഹത്തിന് ഇഷ്ടമായി, അതോടെ ആ സിനിമയിലെ നാല് പാട്ടുകൾ കൂടി ഞാൻ പാട്ടെഴുതി.
ഖാദർ ഹസൻ ഒരുപാട് പേരെ വിളിച്ച് എഴുതിച്ചിരുന്നു. അതൊന്നും ഇഷ്ടമാകാതെയാണ് ജോണി ചേട്ടനെ വിളിക്കുന്നതും എന്നെ ബന്ധപ്പെടുന്നതും. എനിക്ക് അത് ആദ്യ അനുഭവമായിരുന്നു. വരി എഴുതുമ്പോൾ പാട്ടിന്റെ സംഗീതം മാത്രം നോക്കിയാൽ പോര, ലിപ് മൂവ്‌മെന്റ് കൂടി ഏകദേശം യോജിക്കുന്ന വിധത്തിലാകണം. അത് വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ, ഒരു പാട്ട് എഴുതിയപ്പോൾ ആത്മവിശ്വാസമായി. എന്നെക്കൊണ്ട് ഇത് പറ്റും എന്ന് തോന്നി. അങ്ങനെ നാല് പാട്ടുകളും പൂർത്തിയാക്കി. ആ പടം വലിയ ഹിറ്റായിരുന്നു അക്കാലത്ത്. പാട്ടുകൾ ഒക്കെ ശ്രദ്ധിക്കപ്പെടുകയും പടം ഒരുപാട് ദിവസം തീയേറ്ററിൽ ഓടുകയും ചെയ്തു.
അതിനു ശേഷം അല്ലു അർജ്ജുന്റെ തന്നെ ഒരുപാട് മൊഴിമാറ്റ ചിത്രങ്ങൾക്ക് പാട്ടെഴുതി. ബണ്ണിയാണ് രണ്ടാമത് പാട്ടെഴുതിയ ചിത്രം. ഹിറോ, കൃഷ്ണ, ആര്യ 2, ഗജപോക്കിരി എന്നിവയെല്ലാം പിന്നാലെ വന്നു. അല്ലു അർജ്ജുന്റെ 90 ശതമാനം ചിത്രങ്ങൾക്കും ഞാൻ തന്നെയാണ് പാട്ടെഴുതിയത്. ഹാപ്പി ഡേയ്‌സ് എന്ന ചിത്രത്തിന് വേണ്ടി എഴുതിയ മനസിന് മറയില്ല.... എന്ന പാട്ട് ക്യാമ്പസുകളിൽ വലിയ ഹിറ്റായിരുന്നു. അതിലെ പാട്ടുകളെല്ലാം മലയാളത്തിൽ വലിയ ശ്രദ്ധനേടിയിരുന്നു. അതിലെ പ്രധാന പാട്ടുകളെല്ലാം ഞാൻ തന്നെയാണ് എഴുതിയത്.
ഇതിനിടയില്‍ മലയാളത്തിൽനിന്ന് വിളികളൊന്നും തേടിയെത്തിയിരുന്നില്ലേ ?
മോഹൻലാലിന്റെ ഭഗവാനാണ് ആദ്യമായി പാട്ടെഴുതിയ മലയാള ചിത്രം. നാലഞ്ച് പാട്ടെഴുത്തുകാർ ചേർന്നാണ് അതിലെ പാട്ടുകൾ എഴുതിയത്. അതിലെ ഒരു പാട്ടാണ് ഞാൻ എഴുതിയത്. അതിന്ശേഷം ഒന്നുരണ്ട് ചെറിയ മലയാളം ചിത്രങ്ങൾ ചെയ്തു. കോൾഡ് സ്‌റ്റോറേജ്, അവർ ഇരുവരും എന്നിങ്ങനെ. തിയേറ്ററിൽ വന്നുപോയ ചെറിയ ചെറിയ പടങ്ങളായിരുന്നു ഇവയെല്ലാം. ചെറിയ പടങ്ങളായതിനാൽ തന്നെ പാട്ടുകൾ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. ശരിക്കും പറഞ്ഞാൽ ഒരു നല്ല മലയാള ചിത്രം എനിക്ക് കിട്ടിയിട്ടില്ല. എന്നെ തേടി വന്നതെല്ലാം മൊഴിമാറ്റ ചിത്രങ്ങളായിരുന്നു.
അല്ലു അർജ്ജുന്റെ പുഷ്പയും അതിലെ ശ്രീവല്ലി എന്ന ഗാനവും മലയാളത്തിൽ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടരുന്നു. ആ ചിത്രത്തിലെ പാട്ടുകൾക്ക് താങ്കളാണല്ലോ മലയാളത്തിൽ വരികൾ എഴുതിയത്. പുഷ്പയുടെ അനുഭവം പങ്കുവെയ്ക്കാമോ ?
പുഷ്പ ഒരു ഗംഭീര അനുഭവമായിരുന്നു. അതിന് മുമ്പ് സൈറ നരസിംഹറെഡ്ഡി എന്ന ചിത്രം ചെയ്തിരുന്നു. ബോംബേയിലായിരുന്നു അതിന്റെ റെക്കോഡിങ്. തെലുങ്കിൽ പാടിയ അതേ ഗായകർ തന്നെയായിരുന്നു മലയാളത്തിലും പാടിയത്. അതുപോലെ തന്നെയാണ് പുഷ്പയുടേയും പാട്ടുകൾ ചെയ്തത്. ദേവിശ്രീ പ്രസാദ് ആയിരുന്നു സംഗീത സംവിധാനം. പുഷ്പയിലെ അഞ്ച് പാട്ടുകളും ചെന്നൈയിൽ പോയാണ് എഴുതിയത്. ഓരോ ഭാഷയിലേയും പാട്ടുകൾ അവർ വളരെ ശ്രദ്ധിച്ചാണ് ചെയ്തത്. ഷൂട്ട് ചെയ്യുന്നതിന് മുമ്പാണ് പാട്ടുകൾ എഴുതിയത്.
പാട്ടുകൾക്ക് തെലുങ്കിൽ എന്താണോ അർഥം അതുതന്നെ ഓരോ ഭാഷയിലും വേണമെന്ന് സംവിധായകൻ സുകുമാറിന് നിർബന്ധമുണ്ടായിരുന്നു. പാട്ടുകളുടെ വരികളുടെ അർഥം അതേ പോലെതന്നെ പാലിച്ച് എഴുതുക എന്നതായിരുന്നു വെല്ലുവിളി. മലയാളത്തിന് യോജിച്ച രീതിയിൽ സിറ്റുവേഷൻ അനുസരിച്ചാണ് ഞാൻ സാധാരണ മൊഴിമാറ്റ ചിത്രങ്ങൾക്ക് പാട്ടുകൾ എഴുതിയിരുന്നത്. പക്ഷേ അതേ അർഥം തന്നെ വേണം എന്നതായിരുന്നു പുഷ്പയുടെ അണിയറക്കാരുടെ ആവശ്യം.
ശ്രീവല്ലിയിൽ അത് പൂർണമായും പാലിക്കാനായില്ല. കണ്ണിൽ കർപ്പൂര ദീപമോ... എന്ന പ്രധാനഭാഗത്ത് തെലുങ്കിലെ അതേ അർഥമല്ല മലയാളിത്തിൽ. അതേ അർഥം വന്നാൽ സുഖമുണ്ടാകില്ല, മാറ്റി എഴുതട്ടെ എന്ന് ചോദിച്ചു. അങ്ങനെയാണ് കണ്ണിൽ കർപ്പൂര ദീപമോ... എന്ന വരികൾ പിറന്നത്. ഇത് കേട്ടാണ് തമിഴിൽ ഇതേ രീതിയിയിൽ എഴുതിയത്. ഗംഭീര അനുഭവമായിരുന്നു പുഷ്പ. ഇപ്പോഴും അതിന്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല. ഒരുപാട് പേര് വിളിച്ച് അഭിനന്ദിക്കുന്നു, മെസേജുകൾ അയക്കുന്നു. മുന്നത്തേതിനെക്കാൾ ആളുകൾ തിരിച്ചറിഞ്ഞ് തുടരുന്നു.
ഇതിനിടയിലാണല്ലോ അദ്യ ഹിന്ദി ചിത്രം 83 പുറത്തിറങ്ങിയത്. ഹിന്ദി ചിത്രത്തിന് മലയാളത്തിൽ പാട്ടെഴുതുന്നത് വെല്ലുവിളിയായിരുന്നോ?
83 ആണ് ആദ്യ ഹിന്ദി ചിത്രം. തെലുങ്ക് പോലെയല്ല ഹിന്ദി. പാട്ടുകൾ എഴുതാൻ കുറച്ച് കൂടി പ്രയാസമായി തോന്നി. അതിലെ അഞ്ച് പാട്ടുകളാണ് ചെയ്തത്. മുംബൈയിലായിരുന്നു അതിന്റെ റെക്കോഡിങ്. ഇവിടെ ഇരുന്ന് പാട്ടുകൾ എഴുതി അവർക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തത്. റെക്കോഡിങ്ങിനായി മുംബൈയിലേക്ക് ചെല്ലാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നെങ്കിലും പോകാൻ സാധിച്ചിരുന്നില്ല. ഓരോ വരിയും എഴുതിയ ശേഷം പാടി അവർക്ക് അയച്ചുകൊടുക്കുകയായിരുന്നു. അവർ അത് റെക്കോഡ് ചെയ്ത് തിരിച്ചയക്കും. അങ്ങനെയാണ് അത് പൂർത്തീകരിച്ചത്.
.jpg?$p=81e9f21&&q=0.8)
മൊഴിമാറ്റ ചിത്രങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നായി തോന്നുന്നുണോ, ഈ പാട്ടുകളിൽ ചിലതെങ്കിലും മലയാള ചിത്രത്തിൽ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ടോ ?
തീർച്ചയായും. ചില പാട്ടുകളെങ്കിലും മലയാളത്തിൽ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പാടിയ നിനക്കായ് സ്‌നേഹത്തിൽ മൗന ജാലകം തുറന്നു ഞാൻ.... എന്നൊരു പാട്ടുണ്ട്. അതൊക്കെ മലയാളത്തിൽ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അതിൽ നഷ്ടബോധമൊന്നുമില്ല. മൊഴിമാറ്റ ചിത്രമാണെങ്കിലും അല്ലെങ്കിലും നമ്മുടെ ജോലി പരമാവധി ഭംഗിയായി ചെയ്യുക എന്നതാണ് എന്റെ രീതി.
പിന്നെ പ്രതിഫല കാര്യത്തിലെല്ലാം തെലുങ്ക് സിനിമ കൃത്യമാണ്. വലിയ ക്യാൻവാസിൽ ചെയ്യുന്ന ചിത്രങ്ങളായതിനാൽ തന്നെ തന്നെ മികച്ച പ്രതിഫലം അവർ തരാറുണ്ട്. പ്രത്യേകിച്ച് പുഷ്പ പോലുള്ള വലിയ ചിത്രങ്ങളിൽ ഇവിടെ കിട്ടുന്നതിന്റെ ഇരട്ടിയെങ്കിലും അവിടെ ലഭിക്കും. നൂറ് കോടി ബജറ്റിൽ ചിത്രങ്ങൾ ഒരുക്കുന്ന അവരെ സംബന്ധിച്ച് ഇതൊക്കെ നിസാരമാണ്. പിന്നെ നമ്മളെ അവർക്ക് വലിയ ബഹുമാനമാണ്.
എന്താണ് പുതിയ ചിത്രങ്ങൾ, പദ്ധതികൾ ?
വിജയ് ദേവരക്കൊണ്ടയുടെ ലൈഗർ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. വിജയ് ദേവരക്കൊണ്ടയുടെ അർജ്ജുൻ റെഡ്ഡി, ഗീതാഗോവിന്ദം, ടാകിസിവാല എന്നിവയടക്കമുള്ള ചിത്രങ്ങൾ ഞാനാണ് ചെയ്തിരുന്നത്. വരുൺ തേജ് നായകനാകുന്ന ഖനി എന്നൊരു ചിത്രം കൂടി വരാനുണ്ട്. അതിലേ പാട്ടുകൾ പൂർത്തിയിട്ടുണ്ട്. തെലുങ്ക് ചിത്രങ്ങൾക്കായി അവരിപ്പോൾ നേരിട്ടാണ് വിളിക്കുന്നത്. ചെന്നൈയിലോ ഹൈദരാബാദിലോ ആകും റെക്കോഡിങ്. ഒടിടി വന്നതോടെ പാൻ ഇന്ത്യ റിലീസാണ് മിക്ക ചിത്രങ്ങളും പുറത്തിറങ്ങുന്നത്. അതിനാൽ തന്നെ സിനിമ എഡിറ്റിങ് പൂർത്തിയായാൽ, അല്ലെങ്കിൽ ഡബ്ബിങ് നടന്നുകൊണ്ടിരുക്കുമ്പോൾ തന്നെ പാട്ടുകൾ എഴുതാനായി വിളിക്കും. മലയാളത്തിലും ഒന്നുരണ്ട് ചിത്രങ്ങളുടെ കാര്യങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ട്.
Content Highlights: Interview with Lyricist Siju Thuravoor telugu movie pushpa 83 malayalam songs, mizhiyazhaku nirayum


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..