'റിയാലിറ്റി ഷോകളിലേക്കും സിനിമയിലേക്കും പോകാനുള്ള എളുപ്പവഴിയായിട്ടാണ് പലരും പാട്ടുപഠനത്തെ കാണുന്നത്'


ശങ്കരന്‍ നമ്പൂതിരി / ഡോ. എന്‍. പി. വിജയകൃഷ്ണന്‍

സംഗീതത്തിലൂടെ രോഗം മാറ്റാനാവില്ല, ആശ്വാസം നൽകാൻ സാധിക്കും. പതിഞ്ഞരീതിയിൽ മോഹനം, ആനന്ദഭൈരവി, ശങ്കരാഭരണം, ഭൂപാളം, ബിലഹരി, കല്യാണി രാഗങ്ങളിലുള്ള കീർത്തനങ്ങൾ കേൾക്കുമ്പോൾ ഹൃദയസ്പന്ദനം സാധാരണനിലയിലേക്ക് എത്തുന്ന രോഗികളുടെ അവസ്ഥയെക്കുറച്ച് ഡോക്ടർമാർ തന്നെ പറഞ്ഞിട്ടുണ്ട്

ശങ്കരൻ നമ്പൂതിരി | ഫോട്ടോ: ബി. മുരളീകൃഷ്ണൻ | മാതൃഭൂമി

കുട്ടിക്കാലത്തേ, തെളിഞ്ഞ പ്രതിഭയും ശബ്ദവുമാണ്‌ ശങ്കരൻ നമ്പൂതിരിയുടേത്‌. സംഗീതത്തിന്റെ ഉപാസനാബലം ആ ശബ്ദത്തിൽ നിന്നും ശ്രവിച്ചറിയാം. അതുകൊണ്ടുതന്നെ ശങ്കരൻ നമ്പൂതിരി സംസാരിക്കുമ്പോൾ നാം ശുദ്ധസംഗീതത്തിന്റെ അഭിജാതസ്വരം കേൾക്കുന്നു . ശങ്കരന്‍ നമ്പൂതിരിയുമായി ഡോ. എന്‍. പി. വിജയകൃഷ്ണന്‍ നടത്തിയ അഭിമുഖം

ത്സരത്തിനുമുമ്പുതന്നെ ഒന്നാംസ്ഥാനം നിശ്ചയിക്കപ്പെട്ടുകഴിഞ്ഞ പശ്ചാത്തലം സ്കൂൾ യുവജനോത്സവങ്ങൾക്കും സർവകലാശാലാ കലോത്സവങ്ങൾക്കും ഉണ്ടായിരുന്ന കാലത്തിൽനിന്ന്‌ രൂപപ്പെട്ട സംഗീതകാരനാണ്‌ ശങ്കരൻ നമ്പൂതിരി. 1982-ലെ സ്കൂൾ യുവജനോത്സവത്തിൽനിന്നു തുടങ്ങി 1992-ലെ സർവകലാശാലാതലം വരെ ശാസ്ത്രീയസംഗീതത്തിൽ ശങ്കരൻ നമ്പൂതിരിയെ ജയിക്കാൻ ആരുമുണ്ടായില്ല. പലപ്പോഴും ലളിതസംഗീതത്തിലും കാവ്യാലാപനത്തിലും അദ്ദേഹം ഒന്നാമനായി. കലാപ്രതിഭയായി. ചിറ്റൂർ ഗവൺമെന്റ് കോളേജിൽ സംഗീതവിദ്യാർഥിയാവുമ്പോഴേക്കുതന്നെ മഹാഗുരുക്കന്മാരുടെ ശിഷ്യത്വവും കച്ചേരികളിലൂടെ ജനപ്രിയത്വവും നേടി അറിയപ്പെടുന്ന പാട്ടുകാരനായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു.

13-ാം വയസ്സിൽ മദ്രാസ്‌ മ്യൂസിക്‌ അക്കാദമിയിൽ ടി.എൻ. കൃഷ്ണന്റെ വയലിനും ടി.വി. ഗോപാലകൃഷ്ണന്റെ മൃദംഗവും അകമ്പടിയായി പാടിയ ശങ്കരൻ നമ്പൂതിരിയെക്കുറിച്ച്‌ കർക്കശ സംഗീതവിമർശകനായ സുബ്ബുഡു വാത്സല്യപൂർവം child prodigy എന്ന്‌ ഹിന്ദുവിൽ പ്രശംസിച്ചെഴുതുകയുണ്ടായി. നാല്പതാം വയസ്സിൽ ആകാശവാണിയിലെ ഏറ്റവും ഉയർന്ന എ ടോപ്പ്‌ ഗ്രേഡിന്‌ അർഹനായ അപൂർവഗായകനുമായി. കേരളീയതയുടെ ശബ്ദസൗകുമാര്യമായി കലോത്സവവേദികളിലെ തുടർച്ചയായ ഒന്നാം സ്ഥാനക്കാരനായി വരവേൽക്കപ്പെട്ട ശങ്കരൻ നമ്പൂതിരി ഒരു കാലഘട്ടത്തിന്റെ സംഗീതബിംബമായിരുന്നു. പിൽക്കാലത്ത്‌ പ്രഭ ലേശമൊന്ന്‌ മുങ്ങുകയും ചെയ്തു. ഇപ്പോൾ സജീവ സംഗീതജീവിതത്തിലേക്ക്‌ തിരിച്ചെത്തിയ ശങ്കരൻ നമ്പൂതിരിയോടുള്ള സംഭാഷണമാണിത്‌.

സംഗീതപഠനപശ്ചാത്തലം എന്തൊക്കെയാണ്‌?

അച്ഛൻ കൃഷ്ണൻ നമ്പൂതിരി കഥകളിസംഗീതജ്ഞനായിരുന്നു. കഥകളിപ്പദം പാടിയാണ്‌ അച്ഛൻ എ​ന്നെ ഉറക്കിയിരുന്നത്‌. ബാല്യത്തിൽത്തന്നെ പാട്ട്‌ പഠിച്ചുതുടങ്ങി. സി.എസ്‌. നാരായണൻ നമ്പൂതിരിയുടെ കീഴിൽ ഗുരുകുലസമ്പ്രദായത്തിലായിരുന്നു പഠനം. ഒന്നാം ക്ളാസിൽ പഠിക്കുമ്പോൾതന്നെ സ്കൂൾതലത്തിൽനടന്ന സംഗീതമത്സരത്തിൽ എനിക്ക്‌ ഒന്നാം സമ്മാനം കിട്ടി. പതിനൊന്നാം വയസ്സിൽ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിനു പാടി. പാട്ടുകേട്ട പി. ലീല എന്നെ അഭിനന്ദിച്ചു. ടി.വി. ഗോപാലകൃഷ്ണൻ എന്നെ മദിരാശിയിലേക്ക്‌ ക്ഷണിച്ചു. ഇടയ്ക്ക്‌ അവിടെച്ചെന്നു പഠിക്കുമായിരുന്നു. മദ്രാസിൽവെച്ച്‌ ബാലമുരളീകൃഷ്ണ എന്റെ പാട്ടുകേട്ട്‌ മറ്റൊരു ബാലമുരളീകൃഷ്ണയായി ഈ കുഞ്ഞ്‌ വളരും എന്നു പറയുകയുണ്ടായി. എച്ച്.എം.വി. അടക്കമുള്ള കമ്പനികൾ എനിക്ക് പന്ത്രണ്ടു വയസ്സുമാത്രമുള്ള സമയത്ത് കാസറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. ചെമ്പൈബാണിയിലെ ചില സമ്പ്രദായങ്ങൾ പഠിപ്പിച്ചത് ടി.വി. ഗോപാലകൃഷ്ണൻ സാറാണ്. വോയ്‌സ് കൾച്ചറിനെക്കുറിച്ച് ബോധ്യപ്പെടുത്തിയത് അദ്ദേഹമാണ്. പാലക്കാട് കെ.വി. നാരായണസ്വാമിയുടെ കീഴിലുള്ള അഭ്യസനത്തിൽനിന്ന് അരിയക്കുടി ശൈലിയുടെ അംശങ്ങൾ കിട്ടി. ശബ്ദവ്യവഹാരവിനിയോഗങ്ങൾ അറിയാൻ ഈ പഠനം സഹായിച്ചു.

മാവേലിക്കര പ്രഭാകരവർമ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, നെയ്യാറ്റിൻകര മോഹനചന്ദ്രൻ എന്നിവരും ഗുരുനാഥന്മാരാണ്. ഈ വിഭിന്നശൈലികളിലെ ഗുണഘടകങ്ങൾ ഞാൻ സ്വീകരിച്ചിട്ടുണ്ട്. മാവേലിക്കര കൃഷ്ണൻകുട്ടി നായർ, വേലുക്കുട്ടിനായർ, ഉമയാൾപുരം, ടി.കെ. മൂർത്തി, പാലക്കാട് രഘു, ടി.വി. ഗോപാലകൃഷ്ണൻ, ടി.എൻ. കൃഷ്ണൻ, എം. ചന്ദ്രശേഖരൻ കന്യാകുമാരി, വിനായകറാം എന്നിവർ നന്നേ ചെറുപ്പത്തിലേ എന്റെ കച്ചേരികൾക്ക് വായിച്ചിട്ടുണ്ട്. ഹൈസ്കൂൾ പഠനകാലത്തുതന്നെ ഇന്ത്യയിലെ പ്രധാനനഗരങ്ങളിലെ വേദികളിൽ പാടി.

കലോത്സവ വിജയികളാവുന്ന ഗായകർ ഭാവിയിൽ നിലച്ചശബ്ദമായി മാറുകയാണ് പതിവ്. തുടർച്ചയായ ഒന്നാം സമ്മാനങ്ങൾ താങ്കളുടെ തുടർസംഗീതജീവിതത്തെ പോഷിപ്പിച്ചത് എങ്ങനെയാണ്?

ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ സ്‌കൂൾ കലോത്സവത്തിൽ ലളിതസംഗീതത്തിനും ശാസ്ത്രീയസംഗീതത്തിനും ഒന്നാം സ്ഥാനം കിട്ടി. 1985 കാലം. തുടർന്ന് കോളേജ് പഠനകാലത്ത് ഇന്റർസോൺ മത്സരങ്ങളിലും തുടർച്ചയായി ഒന്നാമതെത്തി. കലാപ്രതിഭയായി. ഒരു കലാകാരനെന്നനിലയിൽ ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ഏക ഉപാധി കലോത്സവവിജയമായിരുന്നു. മാതൃഭൂമി വാർത്തകളൊക്കെ എനിക്ക് ഏറെ സഹായമായിട്ടുണ്ട്. സംഗീതജീവിതത്തിലേക്ക് ചുവടുവെക്കുന്ന എനിക്ക്‌ ഈ വിജയങ്ങൾ മുന്നോട്ടുപോകാനുള്ള കരുത്തുനൽകി.

കച്ചേരികളിൽ താങ്കൾ പിൻപറ്റുന്ന ആലാപനതന്ത്രം എന്താണ്?

ശബ്ദസ്ഫുടതയ്ക്കും സൗകുമാര്യത്തിനും രാഗവ്യവഹാര നിഷ്‌കർഷയ്ക്കും ഞാൻ പ്രാധാന്യം കൊടുക്കുന്നു. വിളംബകാല കീർത്തനങ്ങൾ പാടാറുണ്ട്. രാഗം, താനം, പല്ലവി, നിരവൽ എന്നിവയിലൊക്കെ അതിസൂക്ഷ്മ സംഗീതഭാവത്തിനായി ശ്രമിക്കും. പദശുദ്ധി പ്രധാനമായി ഗണിക്കും. പരത്തിപ്പാടുക എന്റെ ശീലമല്ല. സംഗീതത്തിൽ ആഴത്തിലുള്ള അറിവുള്ളവരെയും അതില്ലാത്തവരെയും ഒരേസമയം ആസ്വദിപ്പിക്കുക എന്നതാണ് എന്റെ കച്ചേരിയുടെ രീതിശാസ്ത്രം.

ഗീതഗോവിന്ദം അടക്കം കൃഷ്ണഗീതികളിൽ അഭിരമിക്കുന്നതായി കാണുന്നു. ഒപ്പം ദൈവവൈവിധ്യകീർത്തനങ്ങളും ധാരാളമായി പാടുന്നുണ്ടല്ലോ?

കൃഷ്ണാ നീ ബേഗനേ, ക്ഷീരസാഗരശയനാ, സ്മരസദാ മാസനാ തുടങ്ങിയവ ഏതുകാലഘട്ടത്തിലും ആര് ഏതു ശൈലിയിൽ പാടിയാലും ആസ്വദിക്കപ്പെടും. ഭക്തിഭാവപ്രധാനമായവ പാടാൻ എനിക്ക്‌ താത്‌പര്യമാണ്. എം.ഡി. രാമനാഥന്റെയൊക്കെ ചൗക്കകാലത്തിലുള്ള ആലാപനത്തിന്റെ സൗന്ദര്യം എന്തു ഗംഭീരമാണ്! ഇന്ന് ആവശ്യത്തിലധികം വേഗമാണ് പലർക്കും. കയറൂരിവിട്ട പശുവിന്റെ സഞ്ചാരംപോലെയായിട്ടുണ്ട് ഇന്നത്തെ പല കച്ചേരികളും. ഗീതഗോവിന്ദത്തിൽ ലാസ്യഭാവമാണ് പ്രധാനം. രാധയുടെ പ്രേമം, ഭക്തി, ദുഃഖം, വിരഹം എന്നീ വൈകാരികാവസ്ഥകൾക്ക് യോജിച്ച രാഗങ്ങളിൽ പാടാറുണ്ട്. ആഹരി വിരഹത്തോടുചേരുന്ന രാഗമാണ്. പന്തുവരാളി, രേവതി, ശങ്കരാഭരണം എന്നീ രാഗങ്ങൾ ശിവസ്തുതികൾക്ക് ഭാവാത്മകമാവും. മുത്തുസ്വാമി ദീക്ഷിതർ അടക്കമുള്ളവരുടെ കൃതികൾ തലമുറകളിലേക്ക്‌ പകർന്നുകൊടുക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം.

മ്യൂസിക് തെറാപ്പി-സംഗീത സാന്ത്വന ചികിത്സയിൽനിന്നുള്ള അനുഭവങ്ങൾ എന്തൊക്കെയാണ്?

സംഗീതത്തിലൂടെ രോഗം മാറ്റാനാവില്ല, ആശ്വാസം നൽകാൻ സാധിക്കും. പതിഞ്ഞരീതിയിൽ മോഹനം, ആനന്ദഭൈരവി, ശങ്കരാഭരണം, ഭൂപാളം, ബിലഹരി, കല്യാണി രാഗങ്ങളിലുള്ള കീർത്തനങ്ങൾ കേൾക്കുമ്പോൾ ഹൃദയസ്പന്ദനം സാധാരണനിലയിലേക്ക് എത്തുന്ന രോഗികളുടെ അവസ്ഥയെക്കുറച്ച് ഡോക്ടർമാർ തന്നെ പറഞ്ഞിട്ടുണ്ട്.

കലോത്സവവിജയികൾ സംഗീതരംഗത്ത് വളർന്നുവരുന്നില്ല. പുതിയ തലമുറ ശാസ്ത്രീയസംഗീതത്തെ സ്വീകരിക്കുന്നവിധം സംഗീതഗുരു എന്ന നിലയിൽ നിരീക്ഷിക്കാമോ?

അവരിൽ സമർപ്പണമനോഭാവം കാണുന്നില്ല. തത്‌കാലം ചിലതു പഠിച്ച് റിയാലിറ്റി ഷോകളിലേക്കും അവിടെനിന്ന് സിനിമയിലേക്കും പോകാനുള്ള എളുപ്പവഴിയായിട്ടാണ് പാട്ടുപഠനത്തെ കാണുന്നത്. സദാസംഗീതത്തിൽ മുഴുകുമ്പോഴേ പാട്ടിന് ആഴംവരൂ.

'നിവേദ്യ'ത്തിലെ ചിറ്റാട്ടിൻകാവിൽ എന്ന ഗാനത്തിൽ നാടോടി-ഹിന്ദുസ്ഥാനി-വെസ്റ്റേൺ-ശാസ്ത്രീയ സംഗീതമുദ്രകൾ സമന്വയിപ്പിച്ച് അതിശയകരമായി പാടിയിട്ടുണ്ട് ശങ്കരൻ നമ്പൂതിരി. കച്ചേരിയുടെ സാധകഗുണമാണോ ഈ അനായാസതയ്ക്കു പിന്നിൽ?

യേശുദാസ് പാടിയതാണോ എന്ന് സംശയിക്കുന്നവരുണ്ട്. ഈ പാട്ടിന്റെ വിജയശില്പി സംഗീതസംവിധായകൻ എം. ജയചന്ദ്രനാണ്. എന്റെ വൈവിധ്യസംഗീത താത്‌പര്യം ഈ ഗാനം ആസ്വദിച്ചുപാടാൻ സഹായമായിട്ടുണ്ട്.

അയൽദേശസംഗീതജ്ഞരെ വരവേൽക്കുകയും കേരളീയ ഗായകരെ തിരസ്കരിക്കുകയും ചെയ്യുന്ന പ്രവണതയ്ക്ക് താങ്കളും ഇരയായിട്ടുണ്ടോ? ഈ നിലപാടിനോടുള്ള പ്രതികരണം എന്താണ്?

സ്വാതി പുരസ്കാരം പോലും അപൂർവം കേരളീയർക്കേ നൽകിയിട്ടുള്ളൂ. അവരെ പരിഗണിക്കുന്നതിനോടൊപ്പം കഴിവുള്ള കേരളീയരായ പാട്ടുകാരെയും ഉൾപ്പെടുത്തണം. ഇവിടെയുള്ളവരെ നിന്ദിക്കുന്ന രീതിയിൽ മറ്റുള്ളവർക്ക് പ്രാധാന്യം നൽകാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്.

സംഗീതജീവിതത്തിൽ ഒരു ഇരുൾകാലം ഉണ്ടായതിനെ സ്വയം വിലയിരുത്തുന്നതെങ്ങനെയാണ്?

ഉയർച്ചതാഴ്ചയുടെ ഒരു ഗ്രാഫ് ഉണ്ടായിട്ടുണ്ട്. നവമാധ്യമങ്ങളിലൊക്കെ സജീവമായി പുതിയ പാട്ടുകാലം സൃഷ്ടിക്കുകയാണിപ്പോൾ.

സംഗീതോത്സവങ്ങളുടെ കാലംകൂടിയാണിത്. പുതുപാട്ടുകാരെ കേൾക്കാറുണ്ടോ? എന്താണ് കേൾവി അനുഭവം?

ചെന്നൈയിലും ഇവിടെയും ജ്ഞാനസ്ഥരായ പാട്ടുകാരുണ്ട്. പാട്ടിൽ അവരുടെ അടുത്തെത്താൻ ശ്രമിക്കാറുണ്ട്. നിതാന്തഗാനാലാപനശൈലിയാണ് ഹൃദ്യം. പലപാട്ടുകാർക്കും ഭാവം കുറവായിത്തോന്നുന്നു. ചില കച്ചേരികൾ കേൾക്കുമ്പോൾ ഒരു യുദ്ധം നടക്കുന്നതുപോലെയുള്ള കോലാഹലപ്രതീതി അനുഭവപ്പെടും. ഹൃദയത്തിൽ പതിച്ച് അവിടെ നിലനിൽക്കുന്ന രീതിയിലുള്ള പാട്ടുകളോടാണ് എനിക്ക് പഥ്യം.

മാറുന്ന ഭാവുകത്വത്തിനനുസരിച്ച് സ്വയം പുതുക്കിപ്പാടി സമകാലീനനാവാനുള്ള സംഗീതപദ്ധതികൾ എന്തൊക്കെയാണ്?

പുതിയ കൃതികൾ അപൂർവരാഗങ്ങളിൽ പാടുക. രാഗം, താനം, പല്ലവി രാഗമാലികയായി കാലഭേദംചെയ്ത് പാടുക തുടങ്ങി പല പദ്ധതികളുണ്ട്. സംഗീതംകൊണ്ടാണ് ഞാൻ പുലരുന്നത്.

Content Highlights: Interview M. K. Sankaran Namboothiri Vocalist


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented