മൂന്ന് സംഗീതസംവിധായകരും ഒരു സംവിധായകനും ഒത്തൊരുമിച്ചൊരു പാട്ട്. അത്തരത്തിലൊരു സൃഷ്ടി സിനിമയില്‍ മുന്‍പ് പിറവിയെടുത്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.  

അപൂര്‍വമായി മാത്രം സംഭവിക്കുന്ന അത്തരത്തിലൊരു പാട്ട് മലയാള സിനിമയിലുണ്ടായിട്ടുണ്ട്. 2012-ല്‍ പുറത്തിറങ്ങിയ പദ്മശ്രീ ഡോ സരോജ് കുമാര്‍ എന്ന ചിത്രത്തിലെ ഇനിയൊരു ചലനം എന്ന ഗാനത്തിലൂടെയാണ് അത് സംഭവിച്ചത്. ശ്രീനിവാസനും ഫഹദ് ഫാസിലും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് സജിന്‍ രാഘവനാണ്.

ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സംഗീത സംവിധായകരായ ദീപക് ദേവും ഷാന്‍ റഹ്മാനും സുഷിന്‍ ശ്യാമുമാണ് പാട്ടില്‍ അണിചേര്‍ന്നത്. ഒപ്പം സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസനും.

സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ദീപക് ദേവാണ് പാട്ടിന് സംഗീതമേകിയിരിക്കുന്നത്. ഗാനമാലപിച്ചത് ഷാന്‍ റഹ്മാനും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ്. പാട്ടിന് ഗിറ്റാര്‍ വായിച്ചിരിക്കുന്നത് സുഷിന്‍ ശ്യാമും. ഇവരൊന്നിച്ചുള്ള പാട്ടിന്റെ മേക്കിങ് വീഡിയോയും കൗതുകം ജനിപ്പിക്കുന്നതാണ്.

ഉദയനാണ് താരമെന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പദ്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍. ചിത്രത്തിലെ ഗാനങ്ങളെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് ദീപക് ദേവാണ്. സുഷിന്‍ ശ്യാമും പാട്ടുകളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഷാന്‍ റഹ്മാന്‍ ഇതിനുമുന്‍പ് തേജാഭായ് ആന്‍ഡ് ഫാമിലി, ഉറുമി എന്നീ ചിത്രങ്ങളില്‍ ദീപക് ദേവിനുവേണ്ടി പാടിയിട്ടുണ്ട്.

Content Highlights: iniyoru chalanam song from padmasree bharath saroj kumar