കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായി കവിയും ഗാനരചയിതാവുമായ ബികെ ഹരിനാരായണന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ മ്യൂസിക് ഫീച്ചര്‍ 'ഇള' റിലീസിനൊരുങ്ങുന്നു. 'ഇള'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വെള്ളിയാഴ്ച മമ്മൂട്ടി പുറത്തിറക്കും. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക് ഫീച്ചറില്‍ അപര്‍ണ ബാലമുരളിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജിബാല്‍, രാജീവ് പീശപ്പിള്ളി എന്നിവരും ഇതില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. സിതാര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള സ്മരണിക കൂടിയാണ് ഈ മ്യൂസിക്കല്‍ ഫീച്ചര്‍. ഇള എന്ന പെണ്‍കുട്ടിയുടെ കഥയിലൂടെ കോവിഡ് മുന്നണിപ്പോരാളികളുടെ ആത്മസമര്‍പ്പണവും ത്യാഗവും സേവനവും വരച്ചുകാട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വൈബ്‌സ് മീഡിയയുടെ ബാനറില്‍ ഷാജു സൈമണ്‍ ആണ് നിര്‍മാണം. എസി മൊയ്തീന്‍ എംഎല്‍എയും നിരവധി കലാകാരന്‍മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഗാനചിത്രത്തിന്റെ ഭാഗമാകുന്നു. 

മനേഷ് മാധവന്‍ (ഛായാഗ്രഹണം), പ്രവീണ്‍ മംഗലത്ത്(എഡിറ്റിങ്), മിഥുന്‍ ജയരാജ്(സംഗീതം), ഇന്ദുലാല്‍ കാവീട്( കല), ലിജുപ്രഭാകര്‍, ധനുഷ് നായനാര്‍, ജയറാം രാമചന്ദ്രന്‍, അവണാവ് നാരായണന്‍ എന്നിവരാണ് ഇളയുടെ മറ്റ് അണിയറ ശില്‍പികള്‍.poster

 

 

Content Highlights: Ila musical feature by BK Harinarayanan