ഠനത്തോടൊപ്പം സംഗീതത്തെയും മാറോടണച്ചാണ് ഹരീഷ് ശിവരാമകൃഷ്ണൻ ബെംഗളൂരു തെരുവുകളിലൂടെ സ്വപ്നംകണ്ട്‌ നടന്നത്. ലോകമറിയുന്ന ഒരു ഗായകനാകാനായി ഹരീഷ് മിക്ക ക്ലബ്ബുകളിലും പാടാൻ ഒരു അവസരം തേടിനടന്നു. അഞ്ചുവർഷത്തോളം നീണ്ട അലച്ചിലിനൊടുവിലാണ് സ്വന്തമായി ഒരു സംഗീതബാൻഡ് തുടങ്ങിയാലോ എന്ന ആശയം മനസ്സിൽ മുളച്ചുപൊന്തുന്നത്. അവിടെ ‘അഗം’ എന്ന ഇന്ത്യയിലെ ഏറ്റവുംമികച്ച സംഗീതബാൻഡിന് തുടക്കമാകുകയായിരുന്നു. അഗത്തിന്റെ ചിറകിലേറി ഹരീഷ് തന്റെ സ്വപ്നങ്ങൾ തേടിപ്പറന്നു.

രാജ്യമറിയുന്ന ഗായകനായിമാറി. സിനിമയിലും അരങ്ങേറ്റംകുറിച്ചു. ബാൻഡ് സിനിമയ്ക്കായി സംഗീതംനൽകി. ഹരീഷിന്റെ ലൈവ് പരിപാടികൾക്കായി ജനം തടിച്ചുകൂടി. ‘അനുരാഗലോലരാത്രി’യും ‘ദേവി’യും ‘ഉയിരെ’യും കേൾക്കാനായി ശ്രോതാക്കൾ അക്ഷമരായി കാത്തിരുന്നു. കഷ്ടപ്പാടിന്റെയും ആത്മവിശ്വാസത്തിന്റെയും കഠിനപ്രയത്നത്തിന്റെയും വിലയാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് ഹരീഷ് വ്യക്തമാക്കുന്നു.

മലയാളത്തിൽമാത്രമല്ല തമിഴ് സിനിമാലോകത്തും ഹരീഷ് ചർച്ചാവിഷയമാണ്. സൂര്യയുടെ ഏറ്റവുംപുതിയ സൂരറൈ പോട്ര് എന്ന ചിത്രത്തിലെ ‘വെയ്യോൺ സില്ലി’ എന്ന ഗാനമാലപിച്ച് ഈ കലാകാരൻ തമിഴ് മക്കളുടെ മനസ്സും കീഴടക്കുകയാണ്. ട്രെൻഡിങ്ങായി നിൽക്കുന്ന പാട്ടിന്റെ വിശേഷങ്ങളും ലോക് ഡൗൺ കാലത്തെ സംഗീതപരീക്ഷണങ്ങളും ഹരീഷ് ശിവരാമകൃഷ്ണൻ പങ്കുവെക്കുന്നു.

തേടിവന്ന പാട്ട്

അവിചാരിതമായി സംഭവിച്ച ഒരു പാട്ടാണ് ‘വെയ്യോൺ സില്ലി’. സൂരറൈ പോട്രിന്റെ സംഗീതസംവിധായകനായ ജി.വി. പ്രകാശ് കുമാർ ഈ പാട്ടിനുവേണ്ടി പുതിയൊരു ശബ്ദത്തെ തേടുകയായിരുന്നു. ജി.വി. പ്രകാശ് കുമാറിന്റെ ഭാര്യ സൈന്ധവി എന്റെ സുഹൃത്താണ്. അവൾ വഴിയാണ് ഈ സിനിമയിൽ അവസരം ലഭിക്കുന്നത്.

എന്റെ ശബ്ദം സംഗീതസംവിധായകനും സംവിധായിക സുധ കൊങ്കാരയ്ക്കും ഒരുപോലെ ഇഷ്ടപ്പെട്ടു. വളരെ പെട്ടെന്നുനടന്നൊരു പാട്ടാണ് വെയ്യോൺ സില്ലി. കഴിഞ്ഞ വർഷമാണ് റെക്കോഡിങ് നടന്നത്. ജി.വി. എനിക്ക് നല്ല ഫ്രീഡം തന്നിരുന്നു. അത് നന്നായി ഉപയോഗപ്പെടുത്താനായി എന്നുവിശ്വസിക്കുന്നു. പാടുമ്പോൾ ഗാനരചയിതാവും സ്റ്റുഡിയോയിലുണ്ടായിരുന്നു. തമിഴാണെങ്കിലും മധുരൈ സ്റ്റൈലിൽ വേണം ഉച്ചരിക്കാൻ. അതിന് അദ്ദേഹം നന്നായി സഹായിച്ചു. വളരെ പെട്ടെന്നുതന്നെ പാടിത്തീർക്കാനുമായി. പാട്ട് ഇത്രഹിറ്റാകുമെന്ന് കരുതിയില്ല. തമിഴിലും മലയാളത്തിലും ഗാനം ഒരുപോലെ സ്വീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. വളരെ ആസ്വദിച്ചുചെയ്തൊരു വർക്കാണത്.

കന്നഡയിലും പാടി

കന്നഡയിൽ ഒരു അവസരം വന്നിട്ടുണ്ട്. ഗോപിസുന്ദറിന്റെ സംഗീതത്തിലാണ് പാടാൻ അവസരം ലഭിച്ചത്. ഗോപിച്ചേട്ടൻ ഇടയ്ക്കിടയ്ക്ക് എന്നെ വിളിച്ച് പാടിക്കാറുണ്ട്. ഞാൻ പിന്നണിഗാനരംഗത്ത് അത്ര സജീവമല്ല. ആരെങ്കിലും വിളിച്ചാൽപോയി പാടും. അല്ലാതെ അവസരത്തിനായി പിറകെ നടക്കാറില്ല. ഞാൻ ഇപ്പോഴും കൂടുതൽ ശ്രദ്ധനൽകുന്നത് എന്റെ ബാൻഡായ അഗത്തിനാണ്.

ലോക്‌ ഡൗണിൽ കുടുങ്ങിയ ബാൻഡ്

അഗത്തിന്റെ പുതിയ പ്രോജക്ടുകൾ നടന്നുകൊണ്ടിരിക്കുന്നു. അപ്പോഴാണ് ലോക്‌ ഡൗൺ വന്നത്. എല്ലാവരെയുംപോലെ ഞങ്ങളും വീട്ടിലിരിക്കുന്നു. പക്ഷേ, വീട്ടിലിരുന്നും ബാൻഡിനായുള്ള ജോലികൾ പൂർത്തീകരിക്കുന്നതിന്റെ തിരക്കിലാണ്. രണ്ടുവർഷം കൂടുമ്പോൾ ആറോ ഏഴോ പാട്ടുകളുള്ള ഓരോ ആൽബങ്ങൾ ചെയ്യുക എന്നതാണ് ലക്ഷ്യം. സ്റ്റേജ് പരിപാടികൾ ധാരാളമായുണ്ടായിരുന്നു. കോവിഡ്-19 കാരണം ഇപ്പോൾ എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. എല്ലാം പെട്ടെന്ന് പഴയപോലെയാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാക്ടീസ് മുടങ്ങാതെ ചെയ്യുന്നുണ്ട്.

ലൈവിൽ സജീവമാണ്

എനിക്ക് ഇഷ്ടമുള്ള പാട്ടുകളാണ് ഞാൻ സോഷ്യൽ മീഡിയയിലൂടെ പാടുന്നത്. ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെയായി ലോക്‌ഡൗൺ സമയത്ത് മിക്ക ദിവസവും ലൈവായി പാടാറുണ്ട്. ‘മാതൃഭൂമി’ക്കുവേണ്ടിയും ലൈവ് ചെയ്തിരുന്നു. എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടുകൾ മാത്രമാണ് ഞാൻ പാടാൻ ശ്രമിക്കാറ്. ജോൺസൺ, ബാബുരാജ്, വിദ്യാസാഗർ, എ.ആർ. റഹ്മാൻ തുടങ്ങിയവരാണ് എന്റെ പ്രിയപ്പെട്ട സംഗീതസംവിധായകർ. അവരുടെ പാട്ടുകളാണ് കൂടുതലായി പാടാറ്. ഹരിമുരളീരവം പോലുള്ള രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ പാടിക്കൂടെ എന്ന് പലരും ചോദിക്കാറുണ്ട്. അത്തരം പാടാൻ എനിക്കുകഴിയില്ല. അതുകൊണ്ടാണ് ശ്രമിക്കാത്തത്.

ഗൂഗിളും സംഗീതവും

ഞാൻ ഗൂഗിളിലാണ് ആദ്യം ജോലിചെയ്തിരുന്നത്. രണ്ടുവർഷംമുമ്പ്‌ അതിൽനിന്ന്‌ വിരമിച്ചു. ഇപ്പോൾ സ്വന്തമായി ഒരു സ്റ്റാർട്ടപ്പുണ്ട്. ജോലിയും സംഗീതവും ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്നപോലെ ഒരുമിച്ച് കൊണ്ടുപോകുന്നു.

വിമർശനങ്ങളെ സ്വീകരിക്കുന്നു

ഞാൻ കർണാടിക് സംഗീതമാണ് പഠിച്ചിട്ടുള്ളത്. അതുകൊണ്ട് സ്വാഭാവികമായും പാടുമ്പോൾ അതിന്റെ അലയൊലികൾ പാട്ടിലുണ്ടാകും. അത് ഇഷ്ടപ്പെടുന്നവരുമുണ്ട് അതിനെ വിമർശിക്കുന്നവരുമുണ്ട്. ഇഷ്ടപ്പെടുന്നവരാണ് കൂടുതലെന്നുതോന്നുന്നു. വിമർശനങ്ങളെയും വളരെ പോസിറ്റീവായി സ്വീകരിക്കുന്നു. വിമർശനങ്ങളിൽത്തന്നെ ക്രിയാത്മകമായവയെ സ്വീകരിക്കും. അല്ലാത്തത് തിരസ്കരിക്കും. പലരും ചോദിച്ചിട്ടുണ്ട് പാടുമ്പോൾ മനോധർമത്തിനനുസരിച്ച് പുതിയ സംഗതികൾ ചേർക്കുന്നത് മനഃപൂർവമാണോ എന്ന്. അതിൽ ഒരു വസ്തുതയുമില്ല. നേരത്തേ പ്ലാൻചെയ്ത് പാടിയാൽ അതിന് ആത്മാവ് നഷ്ടപ്പെടും. വേദിയിൽ പാടുമ്പോൾ എന്താണോ എനിക്ക് അപ്പോൾതോന്നുന്നത് അതിനനുസരിച്ച് പാടും. അത് വൈറലാകുന്നത് ദൈവത്തിന്റെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ്. അഗത്തിന്റെ പാട്ടുകളെല്ലാം പ്ലാൻചെയ്ത് പാടുന്നതാണ്. അത് റെക്കോഡിങ്ങിനുവേണ്ടിമാത്രം. ഒരു പാട്ടിന്റെ ആത്മാവിനെ നോവിക്കാതെ പാടാനാണ് ഞാൻ ശ്രമിക്കാറ്.

വൈറലായ കവർ വേർഷനുകൾ

അതിനായി ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. സമയം, ഭാഗ്യം തുടങ്ങിയ കാര്യങ്ങളാണ് എന്നെ കൂടുതൽ ആളുകളിലേക്കെത്തിച്ചത്. അഗം ബാൻഡിൽ കഴിഞ്ഞ പത്തുവർഷത്തോളം പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ. അന്നും ഇന്നും ഒരുപോലെയാണ് പാടാറ്. 2006-ൽ ഞാൻ പാടിയ പാട്ടുകൾ യൂട്യൂബിലുണ്ട്. പക്ഷേ, 2019 വേണ്ടിവന്നു എന്റെ കഴിവ് ലോകം തിരിച്ചറിയാൻ. ഇതൊന്നും ശാശ്വതമായ കാര്യമല്ല. കലാകാരൻ എന്നനിലയിൽ കഴിവിനെ രാകിമിനുക്കുക എന്നതുമാത്രമാണ് എന്റെ ജോലി. എന്നും വെള്ളിവെളിച്ചത്തിൽ നിൽക്കാനാകില്ല. അങ്ങനെ ആകണമെങ്കിൽ ഞാൻ യേശുദാസോ ഹരിഹരനോ ഒക്കെയാകണം. അതൊന്നും നടക്കില്ലല്ലോ. ഇത്രയും അംഗീകാരം ലഭിച്ചതിൽത്തന്നെ അതിയായി സന്തോഷിക്കുന്നു.

കോവിഡ് കാലത്തെ ഗാനം

കോവിഡിനെ പ്രതിരോധിക്കാൻ പ്രയത്‌നിക്കുന്ന ഏവർക്കും വേണ്ടി ലോക്‌ ഡൗൺ കാലത്ത് ഒരു ഗാനം ചിട്ടപ്പെടുത്തി പാടാൻ സാധിച്ചു. കെ. ജയകുമാർ ഐ.എ.എസിന്റേതാണ് വരികൾ. ‘ധന്യവാദം’ എന്നാണ് ആൽബത്തിന്റെ പേര്.

Content Highlights: Hareesh Sivaramakrishnan interview on Agam music band, journey, life, criticism, Carnatic Music, AR Rahman Cover songs