കെ. ഗിരിജാവർമ ചെമ്പൈ സംഗീതോത്സത്തിൽ പാടുന്നു (ഫയൽ ചിത്രം)
തൃപ്പൂണിത്തുറ: കൃതികളുടെ ഭാവം ഉൾക്കൊണ്ട് സ്വരമാധുരിയോടെയുള്ള ആലാപനം- അതായിരുന്നു തൃപ്പൂണിത്തുറ കെ. ഗിരിജ വർമ എന്ന സംഗീതജ്ഞയുടെ പ്രത്യേകത. ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിലും തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ഉത്രം തിരുനാൾ സംഗീതോത്സവത്തിലും പഞ്ചരത്ന കീർത്തനാലാപനത്തിൽ സ്ഥിര സാന്നിധ്യമായിരുന്നു ഗിരിജ വർമ. ഗിരിജ വർമയുടെ വിയോഗം സംഗീതാസ്വാദകർക്ക് വലിയ നഷ്ടം തന്നെയാണ്.
1986-ലാണ് ഗിരിജ വർമ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ചേർന്നത്. 2002-ൽ തൃശ്ശൂർ നിലയത്തിലെത്തി. തൃപ്പൂണിത്തുറ ഗവ. ആർ.എൽ.വി. കോളേജ് പ്രിൻസിപ്പലായിരുന്ന അമ്മ കൊച്ചമ്മിണി നമ്പിഷ്ഠാതിരിയിൽ നിന്നാണ് സംഗീതാഭ്യസനം തുടങ്ങിയത്. തിരുവനന്തപുരം സംഗീത അക്കാദമിയിൽ നിന്ന് ഗാനഭൂഷണം പാസായി. സ്കോളർഷിപ്പോടെ മൂന്നു വർഷം മദ്രാസിൽ സംഗീത വിദുഷി ഡി.കെ. പട്ടമ്മാളുടെ അടുത്ത് സംഗീതാഭ്യസനം തുടർന്നു.
തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ഗാനപ്രവീണ പാസായ ഗിരിജ വർമ മൂന്ന് പതിറ്റാണ്ടോളം ആകാശവാണിയിലുണ്ടായിരുന്നു. ആകാശവാണിയുടെയും ദൂരദർശന്റെയും ദേശീയ സംഗീതപരിപാടികളിൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. അനവധി ഭക്തിഗാനങ്ങളും കീർത്തനങ്ങളും ലളിതഗാനങ്ങളും നാടകഗാനങ്ങളുമൊക്കെ പാടിയിട്ടുണ്ട്. കുറച്ചുനാൾ മുമ്പുവരെ തൃപ്പൂണിത്തുറയിൽ ഗാനമേളകളിൽ പാടിയിരുന്നു. ആലാപനത്തിലെ മാധുര്യം ഗിരിജ വർമയുടെ പ്രത്യേകതയാണ്. ഗിരിജ വർമ പാടിയ സ്വാതിതിരുനാൾ കൃതികൾ, ജ്ഞാനപ്പാന, ഹരിനാമകീർത്തനം എന്നിവ സി.ഡി. ആയി ഇറക്കിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാർഡ്, ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് അവാർഡ്, വയലാർ രാമവർമ ഫൗണ്ടേഷൻ സൊസൈറ്റി അവാർഡ്, റോട്ടറി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ആരോടും സൗമ്യമായി പുഞ്ചിരിച്ച് സംസാരിക്കുന്ന രീതിയായിരുന്നു. സംഗീതക്കച്ചേരികളിൽ പങ്കെടുക്കുന്നതു പോലെ സഹൃദയ കൂട്ടായ്മകളിൽ സിനിമാ ഗാനങ്ങളും ലളിതഗാനങ്ങളുമൊക്കെ ഒരു വിമുഖതയും കാട്ടാതെ മനോഹരമായി പാടുമായിരുന്നു ഗിരിജ വർമ. തൃപ്പൂണിത്തുറ മഹാത്മാ ഗ്രന്ഥശാല, ശ്രുതിലയ തുടങ്ങിയവയടക്കം എത്രയോ വേദികൾ. ഗിരിജ വർമയും ചേച്ചി തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് പ്രിൻസിപ്പലായിരുന്ന തൃപ്പൂണിത്തുറ കെ. ലളിതയും "തൃപ്പൂണിത്തുറ സിസ്റ്റേഴ്സ് " എന്നാണ് അറിയപ്പെട്ടിരുന്നത്. ആകാശവാണിയിൽ മുപ്പത് വർഷത്തോളം ഉണ്ടായിരുന്ന ഗിരിജ വർമ പാടിയ കൃതികളും ലളിതഗാനങ്ങളും നാടകഗാനങ്ങളുമൊക്കെ എണ്ണിയാലൊടുങ്ങില്ല.
മലയാളത്തിലെ ക്ലാസിക്കൽ കവിതകൾ മുതൽ പി. ഉദയഭാനുവിന്റെ രാഷ്ട്രീയ കവിതകൾ വരെ അവർ അതിമനോഹരമായി ആലപിച്ചു. എം.കെ. അർജുനൻ മാസ്റ്റർ സംഗീതം നൽകിയ നാടകഗാനങ്ങളും പാടിയിട്ടുണ്ട്. ചേച്ചി കെ. ലളിത മരിച്ചിട്ട് ഏറെയായി. ഗിരിജ വർമയും പോയതോടെ സംഗീത ലോകത്ത് 'തൃപ്പൂണിത്തുറ സിസ്റ്റേഴ്സ്' ഇല്ലാതായി.
Content Highlights: girija varma passed away, tripunithura sisters, carnatic music, K Lalitha and Girija
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..